2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കുഷ്ഠം ബാധിച്ച മനസുകള്‍

പ്രസവിച്ച് ദിവസങ്ങള്‍ മാത്രമായ കുഞ്ഞിനെ അത്യാസന്നനിലയില്‍, അടിയന്തര ഹൃദയശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് കൊച്ചിയിലേയ്ക്കു കൊണ്ടുവരുന്നുവെന്ന വാര്‍ത്തയറിഞ്ഞ നിമിഷം മനുഷ്യത്വമുള്ളവരുടെയെല്ലാം മനസില്‍ ഒരു പ്രാര്‍ഥന മാത്രമേ ഉണ്ടായിരിക്കാന്‍ ഇടയുള്ളൂവെന്നാണ് വിശ്വസിക്കുന്നത്.
അത് ഇപ്രകാരമാകാനാണു സാധ്യത, ”ദൈവമേ, ആ കുഞ്ഞിന് ഒരാപത്തും വരുത്തരുതേ. ആ കുഞ്ഞിനെയും കൊണ്ടുള്ള യാത്രയില്‍ ഒരു വിഘ്‌നവും ഉണ്ടാകാതിരിക്കണമേ”.
‘ദൈവമേ’ എന്നതിനു പകരം ‘പടച്ചവനേ’യെന്നോ ‘അല്ലാഹുവേ’യെന്നോ ‘കര്‍ത്താവേ’ എന്നോ സംബോധന മാറിയെന്നിരിക്കാം. സംബോധനയെന്തായാലും കാരുണ്യത്താല്‍ ഹൃദയം ആര്‍ദ്രമായവരെല്ലാം ആ കുഞ്ഞിന്റെ ജീവന്‍രക്ഷയ്ക്കായി ഉള്ളുരുകി പ്രാര്‍ഥിച്ചിട്ടുണ്ടാകും. ഒരു ഈശ്വരനെയും വിളിച്ചു പ്രാര്‍ഥിച്ചില്ലെങ്കിലും നിരീശ്വരവാദികള്‍ പോലും ആ കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെടണമെന്നു മനമുരുകി ആശിച്ചിട്ടുണ്ടാകും.

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിലേയ്ക്കു കുഞ്ഞിനെ കൊണ്ടുപോകാനാണു ബന്ധുക്കള്‍ ആദ്യം തീരുമാനിച്ചിരുന്നത്. സങ്കീര്‍ണമായ ഹൃദയശസ്ത്രക്രിയ വിജയകരമായി പല തവണ നടത്തിയിട്ടുണ്ടെന്ന ഖ്യാതി കൊണ്ടു മാത്രമായിരുന്നില്ല അത്. ആ തീരുമാനമെടുപ്പിക്കുന്നതില്‍ ആ കുടുംബത്തിന്റെ സാമ്പത്തിക പ്രയാസം വലിയൊരു കാരണമായിരുന്നു എന്നതു സത്യം.
മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള യാത്ര അത്രയും ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിന് ഒട്ടും താങ്ങാനാവുന്നതായിരുന്നില്ല. ഇതേ ശസ്ത്രക്രിയ നടത്താന്‍ കഴിയുന്ന സ്വകാര്യ ആശുപത്രികള്‍ ആ യാത്രാ വഴികളില്‍ ഉണ്ട്. എങ്കിലും ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കുമെല്ലാം അവിടങ്ങളില്‍ ഉണ്ടാകുന്ന ഭാരിച്ച ചെലവ് ആ കുടുംബത്തിനു സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറത്തായിരുന്നു.
ഇക്കാര്യമറിഞ്ഞ സര്‍ക്കാര്‍ കുഞ്ഞിന്റെ ചികിത്സാച്ചെലവു മുഴുവന്‍ ഹൃദ്യം പദ്ധതിയില്‍നിന്ന് വഹിക്കാന്‍ തയാറായി. ശസ്ത്രക്രിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചു നടത്താനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.

സമയത്തെയും മരണത്തെയും തോല്‍പ്പിച്ച് കുഞ്ഞിനെയും കൊണ്ടു ലക്ഷ്യസ്ഥാനത്തേയ്ക്കു പറക്കാന്‍ ഹസ്സനെന്ന മനുഷ്യസ്‌നേഹിയായ സാരഥി തയാറായി. നാനൂറ് കിലോമീറ്റര്‍ ദൂരം അഞ്ചരമണിക്കൂര്‍ കൊണ്ടാണ് അദ്ദേഹം തരണം ചെയ്തത്. ആ യാത്രയില്‍ ഒരിടത്തും വിഘ്‌നം നേരിടാതിരിക്കാന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം എന്ന സമൂഹമാധ്യമക്കൂട്ടായ്മ ഒന്നായി കര്‍മരംഗത്തിറങ്ങി. ആംബുലന്‍സിന്റെ യാത്ര അതേനേരത്ത് അവര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. അതിനൊത്ത് ചെറുപ്പക്കാര്‍ നിരത്തിലിറങ്ങി ആംബുലന്‍സിന് വഴിയൊരുക്കി.
ഇതിനിടയില്‍ ഒരിക്കല്‍പ്പോലും ഒരാളുടെ മനസിലും, ആ കുഞ്ഞിന്റെ മതമേത് ജാതിയേത് എന്ന ചോദ്യമുയര്‍ന്നില്ല.
പിറന്നുവീണു ദിവസങ്ങള്‍ മാത്രമായൊരു കുഞ്ഞിന്റെ ജാതിയും മതവും തേടിപ്പോകാന്‍ മാത്രം സംസ്‌കാരരഹിതമല്ല കേരളത്തിന്റെ മതേതര മനസ്. കാരണം, ‘പല മതസാരവുമേക’മെന്ന മഹാതത്വം ഉദ്‌ബോധിപ്പിച്ച മഹാമനീഷികളുടെ സാംസ്‌കാരിക പൈതൃകം ഹൃദയത്തിലാവാഹിച്ച സമൂഹമാണിവിടെ അധിവസിക്കുന്നത്.
ഇത്രയും കാലം മലയാളിയുടെ അഭിമാനം അതായിരുന്നു. അയല്‍പ്പക്കത്തെ വീട്ടിലെ അടുപ്പിനു മുകളിലെ പാത്രത്തില്‍ തിളയ്ക്കുന്നത് പച്ചക്കറിയാണോ കോഴിയിറച്ചിയാണോ പശുവിറച്ചിയാണോ എന്ന് ഒളിഞ്ഞിരുന്നു മൂക്കു വിടര്‍ത്തി മണത്തുനോക്കാന്‍ ഇവിടെയാരും തയാറാകുമായിരുന്നില്ല. നിങ്ങള്‍ ഇന്നതു കഴിക്കണം, കഴിക്കരുത് എന്നു വാശി പിടിക്കാനും തങ്ങള്‍ക്കിഷ്ടമില്ലാത്തതു കഴിച്ചുവെന്നു സംശയിക്കുന്നവരെ തല്ലിക്കൊല്ലാനും ആരും തയാറാകുമായിരുന്നില്ല. അതു മലയാളിയുടെ സംസ്‌കാരമല്ലെന്നാണു നാം വിശ്വസിച്ചിരുന്നത്.
ഉത്തരേന്ത്യന്‍ മനസുകളില്‍ വര്‍ഗീയതയുടെ കുഷ്ഠം പടര്‍ന്നു പിടിക്കുന്നതു ഞെട്ടലോടെ കാണുമ്പോഴും അതൊന്നും ഈ സാംസ്‌കാരിക ഭൂമിയിലേയ്ക്കു കടന്നെത്തില്ലെന്ന അഭിമാനം നമുക്കുണ്ടായിരുന്നു.

എന്നാല്‍, ‘ജിഹാദികളുടെ വിത്ത് ‘ എന്ന ഒരൊറ്റ പരാമര്‍ശത്തിലൂടെ ഒരു മതഭ്രാന്തന്‍ ആ അഭിമാനം തല്ലിത്തകര്‍ത്തിരിക്കുന്നു.
എങ്ങനെ കടന്നുകൂടി ആ മതവെറിയന്റെ മനസില്‍, ഇത്തരമൊരു കൊടിയ ചിന്ത.
ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ തൂങ്ങിനില്‍ക്കുന്ന ഒരു ചോരക്കുഞ്ഞിനെക്കുറിച്ച് ഇങ്ങനെ ചിന്തിക്കാന്‍ മാത്രം അധമമായിത്തീര്‍ന്നോ നമ്മില്‍ ചിലരുടെയെങ്കിലും മനസ്.
ഈയൊരു സംബോധന സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചുള്ള വാര്‍ത്ത വായിച്ചപ്പോള്‍ ഞെട്ടിത്തരിച്ചു പോയത് അങ്ങനെയൊരു പരാമര്‍ശം നടത്തിയവന്റെ പ്രായമാലോചിച്ചാണ്. അതൊരു ബുദ്ധിയുറയ്ക്കാത്ത കുട്ടിയുടെ പ്രതികരണമായിരുന്നില്ല. മേധാക്ഷയം ബാധിച്ച ഒരു വയോവൃദ്ധന്റെ വാക്കുകളുമല്ല. യൗവനത്തിന്റെ എടുത്തുചാട്ട പ്രതികരണവുമല്ല.
യൗവനത്തിനും മധ്യവയസിനുമിടയില്‍ പ്രായമുള്ള ഒരാളാണിങ്ങനെ പ്രതികരിച്ചിരിക്കുന്നത്. അതായത്, ശരിയായി ബുദ്ധിയുറച്ച, പക്വതയും പാകതയും വന്നുവെന്നു നാം കരുതുന്ന പ്രായത്തിലുള്ളയാളാണ് ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്. അത് ഓര്‍ക്കാപ്പുറത്തെ പ്രതികരണമായി കാണാനാകില്ല, ബോധപൂര്‍വമാണത്. പറയാനുറച്ചുള്ള പറച്ചില്‍ തന്നെ.
സാധാരണഗതിയില്‍ ഈ പ്രായത്തില്‍പ്പെട്ടവര്‍ക്കാണ് ഹൃദയവിശാലതയുണ്ടാകുക. ജാതീയവും മതപരവുമായ വേലിക്കെട്ടുകള്‍ക്കപ്പുറം നിന്നു മനുഷ്യനെ മനുഷ്യനായി കാണാന്‍ ഇത്തരക്കാര്‍ക്കു കഴിയുമെന്നാണു നമ്മുടെ ധാരണ.
ആ ധാരണയെല്ലാം തകര്‍ത്തു കളയുന്ന ഭീകരപ്രതികരണമാണു മനുഷ്യരൂപമെടുത്ത ആ കാട്ടാളനില്‍ നിന്നുണ്ടായത്.
എന്തു കാരണത്താല്‍.

എന്തു നേടാന്‍ വേണ്ടി.
താന്‍ പിറന്നുവീണ ഭൂമിയൊന്നു കണ്ണു തുറന്നു കാണാന്‍ പോലും ആരോഗ്യമില്ലാത്ത ആ കൊച്ചു കുഞ്ഞ് അയാളോട് എന്തപരാധമാണു ചെയ്തത്. ജിഹാദികളെന്നു വിളിച്ച് അധിക്ഷേപിക്കാന്‍ ആ കുഞ്ഞിന്റെ മാതാപിതാക്കള്‍ എന്തു തെറ്റാണു ചെയ്തത്. അവര്‍ ആര്‍ക്കെങ്കിലുമെതിരേ പോരാട്ടത്തിന് ആഹ്വാനം ചെയ്‌തോ. അവര്‍ ഐ.എസില്‍ ചേരാന്‍ പോയവരാണോ. ഏതെങ്കിലും തീവ്രവാദ സംഘടനയില്‍ എന്നെങ്കിലും അംഗമായിട്ടുണ്ടോ അവര്‍.
ഈ ചോദ്യങ്ങള്‍ക്കൊന്നും യുക്തിസഹമായ ഉത്തരമുണ്ടാകില്ലെന്നുറപ്പ്.
അതുതന്നെയാണു ഭീതിതമായ കാര്യം.
ഒരു കാരണവുമില്ലാതെ, ഒരു കാര്യവുമില്ലാതെ നമ്മള്‍ വര്‍ഗീയഭ്രാന്തന്മാരായി മാറുന്നു, മറ്റുള്ളവരെ വര്‍ഗീയകോമരങ്ങളാക്കി മാറ്റുന്നു.
‘ജിഹാദികളുടെ വിത്ത് ‘എന്നു പുലമ്പിയ ആ ചെറുപ്പക്കാരനില്‍ ആരംഭിച്ച് അയാളില്‍ത്തന്നെ അവസാനിക്കുന്നതല്ല ഈ മാരകരോഗം. ഉത്തരേന്ത്യയില്‍നിന്ന് അതു നമ്മുടെ നാട്ടിലേയ്ക്കും വ്യാപിച്ചിരിക്കുന്നു. അത് എത്ര പെട്ടെന്നു പടര്‍ന്നു കയറി ഈ ദൈവത്തിന്റെ നാടിനെ ചെകുത്താന്മാരുടെ നാടാക്കി മാറ്റുമെന്നേ നോക്കേണ്ടതുള്ളു… അതാണു ഭയക്കേണ്ടത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.