2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

കഥ പറയുന്ന റൊട്ടി

അബ്ദുസ്സലാം കൂടരഞ്ഞി

കേരളത്തില്‍ വേരുറപ്പിച്ച പ്രധാന അറബ് വിഭവമാണ് റൊട്ടി. ഖുബ്ബൂസ് എന്നും ബ്രഡ് എന്നൊക്കെ വ്യത്യസ്ത പേരുകളില്‍ ഇത് അറിയപ്പെടുന്നുണ്ടെങ്കിലും റൊട്ടിയാണ് ഏറ്റവും പ്രസിദ്ധം. ഖുബ്ബൂസ് എന്ന പേരില്‍ അതു രൂപമാറ്റം പ്രാപിച്ചു മാറിയെങ്കിലും അറബ് ജനതയുടെ ദേശീയഭക്ഷണമെന്ന വിശേഷണമുള്ള ഭക്ഷണമാണു റൊട്ടി. പലവിധത്തിലുള്ള റൊട്ടി ഇന്നു വിപണികളില്‍ കിട്ടുമെങ്കിലും അറബ്‌രാജ്യങ്ങള്‍ക്കിടയില്‍ ഡിമാന്‍ഡ് മണ്ണുകൊണ്ട് കൂടുപോലെ ഉണ്ടാക്കിയ പ്രത്യേക അടുപ്പില്‍ ചുട്ടെടുക്കുന്ന റൊട്ടിക്കാണ്.

കാലാന്തരത്തില്‍ അറബ്‌നാടുകളില്‍ ജീവിതം പച്ചപിടിപ്പിക്കാനായി കുടിയേറിയ വിദേശികളിലും നല്ലൊരു ഭാഗം ഇന്നും ഒരുനേരം പോലും ഈ റൊട്ടി ഉപയോഗിക്കാതെ കഴിയുന്നില്ലെന്നാണു സത്യം. പാകിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ ദിവസവും എല്ലാ നേരവും റൊട്ടി മാത്രം കഴിച്ചു ജീവിക്കുന്നവരുമുണ്ട്. എന്നാല്‍, റൊട്ടിയുടെ ഉത്ഭവം ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നുവെന്നാണ് ഏറ്റവും പുതിയ ഗവേഷണ പഠനം വ്യക്തമാക്കുന്നത്. ജോര്‍ദാനിലെ കറുത്ത മരുഭൂമിയെന്ന് അറിയപ്പെടുന്ന പ്രദേശത്ത് നടത്തിയ ഖനന ഗവേഷണത്തിലാണു വര്‍ഷങ്ങള്‍മുന്‍പത്തെ മനുഷ്യ ജീവിതനിലവാരത്തെ കുറിച്ചുള്ള വസ്തുതകള്‍ പുറത്തുവന്നത്.
ജോര്‍ദാനിലെ വടക്കുകിഴക്കന്‍ പ്രദേശത്ത് നടത്തിയ ഖനനത്തിലാണ് ഏകദേശം 14,500 വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്നു കരുതപ്പെടുന്ന റൊട്ടി ചുടുന്ന പ്രത്യേകം മണ്ണുകൊണ്ടുള്ള സ്ഥലവും അതോടനുബന്ധിച്ചുള്ള മറ്റു വസ്തുക്കളും കണ്ടെത്തിയത്. കാര്‍ഷികമായി ജനങ്ങള്‍ വികസിക്കുന്നതിനുമുന്‍പ് തന്നെ ജീവിതത്തിന്റെ പശിയടക്കാന്‍ റൊട്ടി ചുട്ടെടുത്തുള്ള ജീവിതം ആരംഭിച്ചിരുന്നുവെന്നാണ് ഇതിലൂടെ മനസിലാക്കുന്നതെന്നു ഗവേഷകസംഘം വ്യക്തമാക്കി. ലോകം അതിനെ എങ്ങനെ വേണമെങ്കിലും വിലയിരുത്തിയാലും ഇതു മനുഷ്യവംശത്തിന്റെ ഭക്ഷണരീതിയുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ കണ്ടെത്തല്‍ തന്നെയാണെന്നും സംഘം വിശദീകരിച്ചു.

കിഴക്കന്‍ മെഡിറ്ററേനിയന്‍ ഭാഗത്തെ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ട അതിപുരാതന മനുഷ്യര്‍ അയ്യായിരം വര്‍ഷങ്ങള്‍ക്കുമുന്‍പു തന്നെ റൊട്ടി ഉപയോഗിച്ചെന്ന നേരത്തെയുള്ള കണ്ടെത്തലുകളില്‍നിന്ന് റൊട്ടിയുടെ ചരിത്രത്തെ വീണ്ടും വളരെ പിറകിലേക്കു കൊണ്ടുപോകുന്നതാണു പുതിയ കണ്ടെത്തലുകള്‍. പത്തിരി പോലെയുള്ള പുളിപ്പില്ലാത്ത പരന്ന റൊട്ടികള്‍, അല്‍പം ഇതിനോടു സാദൃശ്യം തോന്നുന്ന റൊട്ടി എന്നിവ രൂപകല്‍പന ചെയ്തത് ബാര്‍ലി, കാട്ടുധാന്യങ്ങള്‍, ഓട്ട്‌സ് തുടങ്ങിയ സാധനങ്ങളില്‍നിന്നാണ്. നാടോടി ജീവിതത്തില്‍നിന്ന് ഉദാസീനതയില്‍ വളര്‍ന്ന ബി.സി 12,500നും 9,500നും ഇടയില്‍ ജീവിച്ചിരുന്ന നതഫ്യര്‍ ജനവിഭാഗത്തില്‍പെട്ടവര്‍ ഉപയോഗിച്ച സാധനങ്ങളും കറുത്ത മരുഭൂമിയിലെ ആര്‍ക്കിയോളജിക്കല്‍ സൈറ്റില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. ഇത്രയും കാലം പഴക്കമുള്ള റൊട്ടിയുടെ അവശിഷ്ടങ്ങള്‍ അസാധാരണമാണെന്ന് കോപന്‍ഹേഗന്‍ യൂനിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനും നാഷനല്‍ അക്കാദമി ഓഫ് സയന്‍സ് ജേര്‍ണല്‍ രചയിതാവുമായ അമയിയാ ആറന്‍സ് ഉതൈഗുയി പറഞ്ഞു.

ഇതുവരെ ലോകത്തെ ഏറ്റവും പഴയ റൊട്ടിയുടെ അവശിഷ്ടം കണ്ടെത്തിയത് തുര്‍ക്കിയിലെ പുരാതന നഗരിയില്‍നിന്നാണ്. ഏകദേശം 9,100 വര്‍ഷങ്ങള്‍ പഴക്കമുള്ള റൊട്ടിയാണ് ഇവിടെനിന്നു കണ്ടെത്തിയത്. ഇന്നു നിലവില്‍ കണ്ടുകൊണ്ടിരിക്കുന്ന ജീവിതത്തിലെ ഡയറ്റ് സംസ്‌കരണരീതിയും പണ്ടുതന്നെ ഇത്തരത്തിലുള്ള റൊട്ടി ഉപയോഗിച്ചു നടത്തിയിരുന്നതായും ഗവേഷകര്‍ വിലയിരുത്തുന്നുണ്ട്. സംസ്‌കരിച്ച ഭക്ഷണത്തിന്റെ ഉപയോഗം പുരാതനജനങ്ങള്‍ ജീവിതത്തില്‍ പിന്തുടര്‍ന്നിരുന്നുവെന്നതിന്റെ ഏറ്റവും പുതിയ തെളിവുകളാണു കണ്ടെത്തിയതെന്ന് ലണ്ടന്‍ യൂനിവേഴ്‌സിറ്റി കോളജ് പ്രൊഫസര്‍ ഡോറിയന്‍ ഫുള്ളേര്‍ പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.