2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

സ്‌നേഹഗായകന്‍

മഹാകാവ്യം എഴുതാതെ മഹാകവിയായ മലയാളത്തിന്റെ പ്രിയ കവി കുമാരനാശാന്റെ കൃതികളെക്കുറിച്ച് വിവിധ ക്ലാസുകളില്‍ പഠിക്കാനുണ്ടല്ലോ. കുമാരനാശാനെക്കുറിച്ചറിയാം

 

ജോസ് ചന്ദനപ്പള്ളി

മഹാകവി കുമാരനാശാന്റെ വേര്‍പ്പാടിന് ജനുവരി 16ന് 94 വര്‍ഷം

എഴുത്തച്ഛനും കുഞ്ചന്‍നമ്പ്യാര്‍ക്കും ശേഷം മലയാളത്തിന് കിട്ടിയ മഹാഭാഗ്യങ്ങളാണ് ആശാനും ഉള്ളൂരും വള്ളത്തോളും. ഇടക്കാലത്ത് തളര്‍ന്നുപോയ മലയാളകവിതയ്ക്ക് അടിത്തറപാകിയ കവിത്രയത്തിലെ പ്രമുഖനാണ് കുമാരനാശാന്‍. വള്ളത്തോള്‍ സൗന്ദര്യഗായകനായും ഉള്ളൂര്‍ ധര്‍മ ഗായകനായും പരിലസിച്ചപ്പോള്‍ കുമാരനാശാന്‍ സ്‌നേഹഗായകനായി പ്രശോഭിച്ചു.
12-ാം ക്ലാസില്‍ ‘സാഹിത്യവും സമൂഹവും’എന്ന ഭാഗത്തില്‍ ‘ദുരവസ്ഥ’യില്‍ നിന്നെടുത്ത’മാറ്റുവിന്‍ ചട്ടങ്ങളെ’10-ാം ക്ലാസില്‍ യാത്രാമൊഴി 8-ാം ക്ലാസില്‍’മണ്ണില്‍ പുതഞ്ഞ രത്‌നങ്ങള്‍’ എന്ന യൂനിറ്റില്‍ ‘ചണ്ഡാലഭിക്ഷുകി’യില്‍ നിന്നെടുത്ത’ദാഹിക്കുന്നു ഭഗിനീ. .’, 5-ാം ക്ലാസില്‍’വിത്തും കൈക്കോട്ടും’ ഭാഗത്തില്‍’പൂക്കാലം’തുടങ്ങിയ ഭാഗങ്ങള്‍ കുമാരനാശാന്റേതായി പഠിക്കാനുണ്ട്. മഹാകാവ്യം എഴുതാതെ മഹാകവിയായ ആശാന്റെ കാവ്യജീവിതത്തിലൂടെ.

ബാല്യകാലം
1873 ഏപ്രില്‍ 12-ന് തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ കായിക്കര ഗ്രാമത്തില്‍ ജനിച്ചു.
1884-ല്‍ ചക്കന്‍വിളാകം പ്രൈമറി സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ ചേര്‍ന്നു. 1887-ല്‍ നാലാം ക്ലാസ് ജയിച്ചു. പ്രശസ്ത വിജയം വരിച്ച തോടെ ആ സ്‌കൂളില്‍ തന്നെ 14-ാം വയസില്‍ അധ്യാപക ജോലി കിട്ടി. ഗവണ്‍മെന്റ് സര്‍വിസ് നിയമമനുസരിച്ച് പ്രായം തികഞ്ഞില്ലെന്ന കാരണത്താല്‍ ഏതാനും മാസം കഴിഞ്ഞ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
നെടുങ്കണ്ടയിലെ കച്ചവടക്കാരനായ പെരുന്തറ കൊച്ചാര്യന്‍വൈദ്യന്റെ കടയിലെ കണക്കപ്പിള്ളയായി കുറെക്കാലം ജോലി ചെയ്തു.

കവിതകളുടെ സവിശേഷതകള്‍
കവികളുടെ മഹാകവിയായിരുന്നു അദ്ദേഹം. കാവ്യകലയുടെ അസാധാരണമായ വ്യാപ്തിയും മഹത്വവും ആശാന്‍ തിരിച്ചറിഞ്ഞിരുന്നു. ഉന്നത പര്‍വതശിഖരങ്ങള്‍, ഉയര്‍ന്ന തിരമാലകളടിക്കുന്ന സമുദ്രം, പൂത്തുനില്ക്കുന്ന വനഭൂമി, താരാമണ്ഡലം, സൗരയൂഥം എല്ലാം കാവ്യസ്പര്‍ശത്താല്‍ ധന്യമാകുന്നു. മലയാളകവിതയിലെ ഉണര്‍ത്തുപാട്ടുകാരനായിരുന്നു ആശാന്‍.
കവിതകളുടെ അടിസ്ഥാനം സ്‌നേഹമാണ്. നളിനി, ലീല, സീത, സാവിത്രി, പ്രേമലത, മാതംഗി, ഉപഗുപ്തന്‍, മദനന്‍, ആനന്ദന്‍, ബുദ്ധന്‍ എന്നിവരെല്ലാം സ്‌നേഹത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണ്. ജീവിതത്തിന്റെ ആത്യന്തികമായ സാരം സ്‌നേഹമാണെന്ന് ഇവര്‍ ജീവിതം കൊണ്ട് തെളിയിക്കുന്നു. ആശാന്‍ എന്ന കവിയുടെ വ്യക്തിജീവിതത്തിലും ഈ സ്‌നേഹപ്രഭ വിളങ്ങിനില്‍ക്കുന്നു. സ്‌നേഹം തന്നെയാണ് ജീവിതമെന്നും സ്‌നേഹരാഹിത്യം മരണം തന്നെയാണെന്നും കവിതകളിലുടനീളം കവി സമര്‍ഥിക്കുന്നു.
ജീവിതത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങി ചെല്ലുന്നതാണ് ആശാന്‍ കവിതയിലെ ദര്‍ശനം. ഭാരതീയ തത്വചിന്തയുടെയും നൂതന മാനവീയ ദര്‍ശനത്തിന്റെയും അടിസ്ഥാനത്തിലാണ് ജീവിതത്തെ ആശാന്‍ വിലയിരുത്തുന്നത്. നേരംപോക്കിനുവേണ്ടി അദ്ദേഹം ഒരുവരി കവിതപോലും എഴുതിയിട്ടില്ല. ഇരുപതിനായിരത്തില്‍പരം വരികളില്‍ വ്യാപിച്ചുകിടക്കുന്ന പതിനേഴു കൃതികളാണ് ആശാന്റെ കാവ്യസമ്പത്ത്. കാല്പനിക പ്രതിഭകൊണ്ട് ധന്യമാക്കിയ പ്രധാന കൃതികള്‍ താഴെ പറയുന്നവയാണ്.

വിചിത്രവിജയം
ആശാന് 28-29 വയസുള്ളപ്പോഴാണ് ‘വിചിത്രവിജയം’നാടകം എഴുതിയത്. നേരത്തെ എഴുതിവന്ന സ്‌തോത്ര കൃതികളില്‍ നിന്ന് വ്യത്യസ്തമായ രചനാശൈലിയാണ് ഇതില്‍ സ്വീകരിച്ചിട്ടുള്ളത്. മാനുഷിക മൂല്യബോധവും ശില്‍പചാരുതയും മനുഷ്യഹൃദയബന്ധങ്ങളും ഈ നാടകത്തിന്റെ പ്രത്യേകതകളാണ്.

നളിനി
നളിനിയും ദിവാകരനും ബാല്യകാല സുഹൃത്തുക്കളായിരുന്നു. ദിവാകരന്‍ നാടുവിടുന്നതോടെ നളിനിയ്ക്ക് ദുഃഖമുണ്ടാകുന്നു. മറ്റൊരു വിവാഹനിശ്ചയത്തോടെ അവളും നാടുവിടുന്നു. കാട്ടിലെത്തിയ അവള്‍ ആത്മഹത്യാശ്രമം നടത്തി. ഒരു യോഗിനി അവളെ രക്ഷിച്ചു. താപസ ജീവിതം നയിച്ചുവന്ന നളിനി യാദൃച്ഛികമായി ദിവാകരയുവയോഗിയെ വീണ്ടും കാണുന്നു. നളിനി പഴയകാര്യങ്ങള്‍ ദിവാകരനെ ഓര്‍മിപ്പിക്കുന്നു. എന്നാല്‍

‘സ്‌നേഹമാണഖിലസാര മൂഴിയില്‍
. . . . . ………………………………….
സ്‌നേഹമൂലമമലേ വെടിഞ്ഞു ഞാന്‍’

എന്ന് നളിനിയോട് പറഞ്ഞ് അവളെ ഉപേക്ഷിക്കുന്നു. അവള്‍ ബോധരഹിതയായി ദിവാകരനുമേല്‍ വീണ് സായുജ്യമടഞ്ഞു.

വീണപൂവ്
ഒരു പൂവിന്റെ ജനനം, ശൈശവം, ബാല്യം, യൗവനം,സ്‌നേഹബന്ധങ്ങള്‍, മരണം എന്നിവയെല്ലാം പടിപടിയായി വര്‍ണിച്ചിരിക്കുന്ന ഒരു കവിതയാണ് വീണപൂവ്.
രാജകുമാരിയെപ്പോലെ ശോഭിച്ച ഒരു പുഷ്പം ഞെട്ടറ്റു വീണു കരിഞ്ഞും അലിഞ്ഞു മണ്ണായി പോകുന്നു.
‘എന്നോമലേ, ഇത്രപെട്ടെന്ന് എന്നെ വിട്ടുപോകരുതേ’ എന്ന് കാമുകനായ വണ്ടു മാത്രമല്ല, ചുറ്റുമുള്ള സര്‍വചരാചരങ്ങളും ദുഃഖിക്കുന്നുണ്ടാവും. സ്വഭാവമഹിമയുള്ള ഒരു വ്യക്തിയുടെ മരണമാണ് വീണപൂവിന്റെ ഇതിവൃത്തം. മനുഷ്യജീവിതത്തിന്റെ നശ്വരതയാണ് കവിയുടെ സാരമെങ്കിലും പ്രതിരൂപാത്മകമായ ഒരര്‍ഥം’വീണപൂവി’നുണ്ട്. പാലക്കാട് ഒരാശുപത്രിയില്‍ ശ്രീനാരായണഗുരുവിനെ ശുശ്രൂഷിച്ചുകൊണ്ടിരുന്നപ്പോഴാണ് ഈ കവിത എഴുതിയത്.

ലീല
പേര്‍ഷ്യന്‍ കവിയായ ‘നിസാമി’യുടെ’ലൈലാ മജ്‌നു’വിന്റെ ഇതിവൃത്തം സ്വീകരിച്ച് ആശാന്‍ രചിച്ച കാവ്യമാണ് ലീല. ഒരുമിച്ചു കളിച്ചുവളര്‍ന്ന കാലം മുതലേ പരസ്പരം പ്രണയിച്ചവരാണ് മദനനും ലീലയും. ഇരുവരുടെയും അനുരാഗം തിരിച്ചറിയാത്ത മാതാപിതാക്കള്‍ ലീലയെ ഒരുധനികന് വിവാഹം കഴിച്ചു നല്‍കി. മദനന്‍ വിരഹിയായി നാടുവിട്ടു. ഭര്‍ത്താവു മരിച്ച ലീല വീട്ടില്‍ തിരികെയെത്തി. മദനന്‍ നാടുവിട്ടുപോയതറിഞ്ഞ ലീല തോഴിയായ മാധവിയുമായി മദനനെ അന്വേഷിച്ച് പോകുന്നു. അപ്പോഴേക്കും ഭ്രാന്തനായി കഴിഞ്ഞിരുന്ന മദനനെ ലീല കണ്ടുമുട്ടുന്നു. മദനന്‍ രേവാ നദിയില്‍ ചാടി ആത്മഹത്യ ചെയ്യുന്നു. ലീലയും ആത്മഹത്യ ചെയ്യുന്നതോടെ ഈ കവിതയും ദുരന്തപര്യവസായിയായി മാറുന്നു.

പ്രരോദനം
ആശാന്റെ ഗുരു എ.ആര്‍.രാജരാജവര്‍മയുടെ മരണത്തില്‍ അനുശോചിക്കുന്ന വിലാപകാവ്യമാണ് പ്രരോദനം. കീറ്റ്‌സ് എന്ന ആംഗല കവി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തായ ഷെല്ലി എഴുതിയ അഡണെയിസ് എന്ന വിലാപകാവ്യത്തോട് ‘പ്രരോദന’ത്തെ സാദൃശ്യപ്പെടുത്താം. കുമാരനാശാന്റെ കൃതികളില്‍ തത്വചിന്തകള്‍ ഏറ്റവുമധികം കാണുന്നത് ‘പ്രരോദന’ത്തിലാണ്. പാണ്ഡിത്യവും പ്രതിഭാവിശേഷവും കവിത്വവും കൊണ്ട് തന്റെ സ്‌നേഹാദരങ്ങള്‍ നേടിയ കേരളത്തിന്റെ മഹാപുത്രനാണ് എ.ആര്‍. തിരുമേനിയെന്ന് ആശാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചിന്താവിഷ്ടയായ സീത
വാല്മീകിയുടെ ആശ്രമത്തില്‍ ഒറ്റയ്ക്കായപ്പോള്‍ സീതയ്ക്കുണ്ടാകുന്ന വികാരവിചാരങ്ങളാണ് ഇതിലെ പ്രമേയം. കുടുംബ ജീവിതത്തിന്റെ പരിശുദ്ധിയെയും സ്ത്രീയുടെ നരകതുല്യമായ ജീവിതത്തെയും കുറിച്ച് ആശാന്‍ നമ്മെ ബോധവാന്‍മാരാക്കുന്നു. സ്‌നേഹത്തിന്റെ ഉറവയായ മാതാവിന്റെ നിത്യപ്രതീകമായിട്ടാണ് സീതയെ അവതരിപ്പിക്കുന്നത്.

കരുണ
ബുദ്ധമത കഥയെ ഉപജീവിച്ച് ആശാന്‍ എഴുതിയ ‘കരുണ’യുടെ പ്രമേയം വാസവദത്ത എന്ന വേശ്യസ്ത്രീക്ക് ബുദ്ധശിഷ്യനായ ഉപഗുപ്തനോട് തോന്നുന്ന ആസക്തിയാണ്. ഹൃദയപരിവര്‍ത്തനം വന്ന അവള്‍ മനശാന്തിയോടെ മരിക്കുന്നു.

ദുരവസ്ഥ
ജാതിചിന്തയ്‌ക്കെതിരേ ശബ്ദമുയര്‍ത്തുന്ന ഈ കാവ്യത്തില്‍ സാവിത്രി അന്തര്‍ജനം, ചാത്തന്‍ എന്നിവര്‍ കഥാപാത്രങ്ങളാകുന്നു. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച ആദ്യത്തെ ഫ്യൂച്ചറിസ്റ്റിക് കാവ്യം എന്തുകൊണ്ടും ആശാന്‍ കൃതികളില്‍ വേറിട്ടുനില്‍ക്കുന്നു. ചെറുശ്ശേരി മട്ടില്‍ ചൊല്ലാവുന്ന 1700 ശീലുകള്‍ പ്രസിദ്ധമായ വരികളാണ്.

ചണ്ഡാല ഭിക്ഷുകി
ശ്രാവസ്തിക്കടുത്തുള്ള ഗ്രാമത്തില്‍ വഴിയരികിലുള്ള കിണറ്റില്‍ വെള്ളം കോരാന്‍ വരുന്ന മാതംഗി എന്ന സുന്ദരിയായ ചണ്ഡാല യുവതിയ്ക്ക് ബുദ്ധശിഷ്യനായ ആനന്ദനോട് തോന്നുന്ന പ്രേമമാണ് പ്രമേയം.
”സ്‌നേഹത്തില്‍ നിന്നുദിക്കുന്നു-ലോകം സ്‌നേഹത്തില്‍ വൃദ്ധി തേടുന്നു സ്‌നേഹം താന്‍ശക്തി ജഗത്തില്‍ – സ്വയം സ്‌നേഹം താനാനന്ദമാര്‍ക്കും”

പൂക്കാലം
പൂക്കാലത്തിന്റെ പരിമളവും പ്രകൃതിഭംഗിയും കൊച്ചുകൊച്ചു പദങ്ങളിലൂടെ കോര്‍ത്തിണക്കുന്ന ഈ കവിത കുഞ്ഞു മനസുകളില്‍ വര്‍ണമനോഹര സുഗന്ധ വസന്തം വിരിയിക്കുന്നു.
പുഷ്പഗന്ധം പരത്തി വായു മെല്ലെ തെക്കുനിന്നു വീശി പൂക്കാലത്തിന്റെ വരവ് അറിയിക്കുന്നു. പാടങ്ങള്‍ പൊന്നിന്‍നിറം പൂണ്ടുകഴിഞ്ഞു. തത്തകളെല്ലാം എങ്ങുനിന്നോ വന്നണഞ്ഞു. ഒരുപക്ഷേ ഈശ്വരന്‍ സ്വര്‍ഗത്തില്‍ നിന്ന് വസന്തത്തെ പറഞ്ഞയച്ച് ഈ ലോകത്തിന് ആനന്ദം നല്‍കുന്നതാവാമെന്ന് കുട്ടി ചിന്തിക്കുന്നു.’പൂക്കുന്നിതാമുല്ല,
പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവു! പൂക്കുന്നശോകം
അതു കാണുമ്പോള്‍ പൂക്കാലത്തോട് കുട്ടി പറഞ്ഞുപോയി’പോകല്ലേ പോകല്ലേ പൂക്കാലമേ നീ!’പക്ഷേ ഈശ്വരഹിതമനുസരിച്ചല്ലേ അതിനു പ്രവര്‍ത്തിക്കാനാവൂ? എന്ന് കുട്ടി ആശ്വസിക്കുന്നു.

വഴിത്തിരിവ്
1891-ല്‍ ശ്രീ നാരായണ ഗുരുവുമായി പരിചയപ്പെട്ടതാണ് ആശാന്റെ ജീവിതത്തിലെ വഴിത്തിരിവായത്. അക്കാലത്ത് അടുത്തുള്ള സുബ്രഹ്മണ്യക്ഷേത്രത്തില്‍ കുട്ടികളെ സംസ്‌കൃതം പഠിപ്പിച്ചിരുന്നതിനാല്‍ പിന്നീട് കുമാരനാശാനായി.1907-ല്‍ വീണപൂവ് എന്ന ഖണ്ഡകാവ്യം പുറത്തുവന്നതോടെ മലയാള കാവ്യമേഖലയില്‍ ശ്രദ്ധേയനായി.
പാശ്ചാത്യ കവികളായ കീറ്റ്‌സ്, ഷെല്ലി, ടെന്നിസണ്‍ എന്നിവരുടെ കൃതികളുമായുള്ള നിരന്തര സമ്പര്‍ക്കം ആശാനിലെ കവിയെ വളര്‍ത്തി. 1924 ജനുവരി 16-ന് പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തില്‍ ആശാന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.