2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

മുളയും ഓലയും കീറിയ താര്‍പ്പായും കൊണ്ടൊരു കൂര; അതിനുള്ളിലെ പ്രതീക്ഷയായിരുന്നു കൃപേഷ്

#വി.കെ പ്രദീപ്

പെരിയ (കാസര്‍കോട്): മരണവാര്‍ത്തയറിഞ്ഞ് കൃപേഷിന്റെ വീട്ടിലെത്തിയവരെല്ലാം വിങ്ങിപ്പൊട്ടുകയായിരുന്നു. നരാധമന്‍മാര്‍ തച്ചുടച്ചത് ഓലമേഞ്ഞ് പ്ലാസ്റ്റിക് ഷീറ്റ് പൊതിഞ്ഞ കൂരയ്ക്ക് താഴെയുള്ള നാല് ജന്മങ്ങളുടെ ആശ്രയത്തെയും പ്രതീക്ഷയെയുമാണല്ലോ എന്നോര്‍ത്ത്. കേവലം രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ കൊലക്കത്തിക്കിരയായ കൃപേഷ് ഈ കൂരയുടെ പ്രതീക്ഷയായിരുന്നു.

കൃപേഷിന്റെ വീട്ടുമുറ്റത്ത് എത്തിയപ്പോഴാണ് പലരും ഈ വീടിന്റെ ദയനീയാവസ്ഥ മനസിലാക്കിയത്. പെയിന്റിങ് തൊഴിലാളിയായ അച്ഛനും അമ്മക്കും രണ്ട് സഹോദരിമാര്‍ക്കുമൊപ്പം ഈ വീട്ടില്‍ കഴിഞ്ഞിരുന്ന കൃപേഷിനെ ഇല്ലാതാക്കിയതോടെ ഒരു കുടുംബത്തിന് തങ്ങളുടെ നെടുംതൂണാണ് നഷ്ടമായത്. അച്ഛനൊപ്പം പെയിന്റിങ് പണിക്ക് പോയാണ് കൃപേഷ് കുടുംബത്തിന്റെ ജീവിതത്തിന് വഴികണ്ടെത്തിയിരുന്നത്. ഇന്നലെ ആ വെളിച്ചം കുത്തിക്കെടുത്തിയതോടെ ഈ നിര്‍ധന കുടുംബത്തിന്റെ ജീവിതം ചോദ്യചിഹ്നമായി.

 

നാലു കാലോലപ്പുരയെന്ന് വിളിക്കാവുന്ന ഓലപുരയുടെ മുറ്റത്ത് മരണവിവരമറിഞ്ഞ് വീട്ടിലെത്തിയവര്‍ക്കെല്ലാം അത് നേരിട്ടനുഭവപ്പെടുകയും ചെയ്തു. ഓലയും മുളയും കൊണ്ടു കെട്ടിയുയര്‍ത്തിയ വീട്ടിനകത്തേക്ക് കയറണമെങ്കില്‍ നന്നായി കുനിയണം. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ക്കും ഈ വീടിന്റ ദയനീയ സ്ഥിതി ശരിക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്കും സങ്കടം കടിച്ചമര്‍ത്താനായില്ല. കൃപേഷില്‍ പ്രതീക്ഷയര്‍പ്പിച്ച കുടുംബത്തിന്റെ സ്വപ്നങ്ങളാണ് അക്രമികള്‍ തകര്‍ത്തെറിഞ്ഞത്. ജോലി ചെയ്ത് ഒരു വീടെന്ന സ്വപ്‌നമായിരുന്നു കൃപേഷ് സുഹൃത്തുക്കളോട് എന്നും പങ്കുവച്ചിരുന്നത്. അമ്മയും സഹോദരിമാരും കൃപേഷിന്റെ മൃതദേഹത്തെ കെട്ടിപിടിച്ച് അലമുറയിട്ടപ്പോള്‍ കണ്ടു നിന്നവര്‍ക്കത് സങ്കടകാഴ്ച്ചയായി.

തേങ്ങലടക്കാനാവാതെ കൃപേഷിന്‍റെ അച്ഛന്‍

 

കൃപേഷിന്റെ കൊലപാതകം ഒരു കുടുംബത്തിന്റെ ആശ്രയത്തെയാണ് ഇല്ലാതാക്കിയതെങ്കില്‍ ശരത്തിന്റെ വേര്‍പാടോടെ നാടിനു നഷ്ടമായത് ചുറുചുറുക്കുള്ള പൊതുപ്രവര്‍ത്തകന്‍ എന്നതിനുമപ്പുറം പ്രിയപ്പെട്ട കലാകാരനെ കൂടിയാണ്. മികച്ച സംഘാടകനായ ശരത് സ്റ്റേജുകളില്‍ നിന്നും സ്റ്റേജുകളിലേക്ക് കലാപ്രകടനവുമായി ഓടി നടന്നിരുന്ന അനുഗ്രഹീത കലാകാരനാണ്. സ്‌കിറ്റ് പരിപാടികളിലൂടെ തിളങ്ങി നിന്ന ശരത് സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ശ്രീകാന്തിനൊപ്പമാണ് സ്റ്റേജുകള്‍ കീഴടക്കിയിരുന്നത്. നാട്ടുവര്‍ത്തമാനത്തിലൂടെ ആക്ഷേപഹാസ്യം അവതരിപ്പിച്ച് ഇരുവരും കാണികളുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇതിനുള്ള സ്‌ക്രിപ്പ്റ്റും ഇരുവരും ചേര്‍ന്നാണൊരുക്കിയിരുന്നത്. ജവഹര്‍ ബാലജനവേദിയെന്ന കോണ്‍ഗ്രസിന്റെ യുവകലാകാര കൂട്ടായ്മയുടെ നേതാവുമായിരുന്നു ശരത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.