2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

കെ.പി.സി.സി പുനഃസംഘടന തെരഞ്ഞെടുപ്പിനുശേഷം

 

തിരുവനന്തപുരം: തര്‍ക്കങ്ങള്‍ക്ക് പരിഹാരമാവാത്തതിനാല്‍ പുനഃസംഘടന ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം നടത്താന്‍ കെ.പി.സി.സിയില്‍ ധാരണയായി. പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതിനാലാണ് പുനഃസംഘടന നീട്ടാന്‍ തീരുമാനിച്ചത്.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പു നഃസംഘടനയിലൂടെ കോണ്‍ഗ്രസിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം നഷ്ടമാക്കേണ്ടതില്ലെന്ന വിലയിരുത്തലില്‍ നേതത്വം എത്തുകയായിരുന്നു. എ, ഐ ഗ്രൂപ്പുകള്‍ക്കുള്ളിലെ തര്‍ക്കങ്ങളും ഗ്രൂപ്പിലില്ലാത്ത പ്രധാന നേതാക്കളുടെ നോമിനികള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കാതിരുന്നതുമെല്ലാം തര്‍ക്കവിഷയമായി. പുനഃസംഘടനക്കായുള്ള പട്ടിക തയാറായിട്ടുണ്ട്. ഇതില്‍ ചിലരെക്കൂടി ഒഴിവാക്കി പട്ടികയിലുള്ള അംഗങ്ങളുടെ എണ്ണം 35ലേക്ക് എത്തിക്കേണ്ടതുണ്ട്. ഒഴിവാക്കേണ്ടവരുടെ കാര്യത്തിലാണ് ഇപ്പോള്‍ തര്‍ക്കമുള്ളത്.

കേന്ദ്ര നേതാക്കള്‍ പങ്കെടുത്ത ഇന്നലത്തെ യോഗത്തില്‍ പുതിയ കെ.പി.സി.സി ഭാരവാഹികളുടെ പട്ടികയില്‍ തീരുമാനമാകുമെന്നാണ് കരുതിയത്. അങ്ങനെയെങ്കില്‍ 15ന് രാഹുല്‍ ഗാന്ധിയെക്കൊണ്ട് പട്ടിക പ്രഖ്യാപിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, തര്‍ക്കങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയാത്തവയായതിനാല്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കുകയല്ലാതെ രക്ഷയില്ലെന്ന അവസ്ഥയിലേക്ക് ഗ്രൂപ്പുകള്‍ എത്തുകയായിരുന്നു.

 

ഏതാനും നേതാക്കള്‍ കൂടിയിരുന്ന് സ്ഥാനാര്‍ഥിയെ
നിര്‍ണയിക്കുന്നത് ഇനിയുണ്ടാകില്ല: ആന്റണി

 

തിരുവനന്തപുരം: ഏതാനും നേതാക്കള്‍ കൂടിയിരുന്ന് സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്ന രീതി ഇനി കോണ്‍ഗ്രസില്‍ ഉണ്ടാകില്ലെന്ന് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. ഇന്ദിരാഭവനില്‍ കെ.പി.സി.സി ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയ ശക്തികളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കേണ്ട കുരുക്ഷേത്രയുദ്ധമാണ് വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഭയക്കുന്ന എതിരാളി രാഹുല്‍ ഗാന്ധി മാത്രമാണ്. മോദി ഭരണം അവസാനിപ്പിക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണായക ശക്തി കോണ്‍ഗ്രസാണ്. തെരഞ്ഞെടുപ്പിനുമുന്‍പ് വിവിധ രാഷ്ട്രീയപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ചില സുപ്രധാന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. എല്ലാവരെയും യോജിപ്പിച്ചുകൊണ്ട് മോദി ഭരണത്തിന് അന്ത്യംകുറിക്കണം. സ്ഥാനാര്‍ഥി നിര്‍ണയം അവസാന നിമിഷം നടത്താതെ ഫെബ്രുവരിയില്‍തന്നെ പൂര്‍ത്തിയാക്കി പ്രഖ്യാപിക്കും. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ ജില്ലാ ഘടകങ്ങള്‍ക്ക് അവസരം നല്‍കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ എടുത്തുചാട്ടമാണ് ശബരിമല വിഷയം ഇത്രയും സങ്കീര്‍ണമാക്കിയത്. അഹന്തയുടെയും പ്രകോപനത്തിന്റെയും ഭാഷയായിരുന്നു മുഖ്യമന്ത്രിയുടേത്. ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിച്ചുവെന്നും ആന്റണി പറഞ്ഞു.
രാജ്യത്തിന്റെ നിലനില്‍പ്പ് നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്നും ദേശീയ സംസ്ഥാന രാഷ്ട്രീയം കോണ്‍ഗ്രസിന് അനുകൂലമാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ ത്രികോണ മത്സരത്തിന് അവസരമൊരുക്കുകയാണ് സി.പി.എമ്മെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍, കെ.മുരളീധരന്‍, തമ്പാനൂര്‍ രവി, കെ.സി.ജോസഫ്, വി.എം സുധീരന്‍, തെന്നല ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.