2020 January 20 Monday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ഈ മതേതര സഖാവിന് എന്തുപറ്റി

ജില്ലകളില്‍ ഇന്നു നടക്കുന്ന സംരക്ഷണ പോരാട്ടത്തിന്റെ ഭാഗമായി മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ തുറന്ന കത്ത്

 

 

 

കെ.പി.എ. മജീദ്

 

 

പ്രിയപ്പെട്ട മുഖ്യമന്ത്രീ,
അങ്ങയെ ഞങ്ങള്‍ മാന്യനായ രാഷ്ട്രീയ എതിരാളിയായാണു കരുതിപ്പോന്നത്. സംഘിനേതാവ് കുന്ദന്‍ ചന്ദ്രാവത്ത് അങ്ങയുടെ ജീവനെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം പരസ്യമായി പ്രഖ്യാപിച്ചു മുന്നോട്ടു വന്നപ്പോള്‍ കേരളം മുഴുവന്‍ അതിനെതിരേ പ്രതിഷേധിച്ചതാണ്. ഞങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. അങ്ങയെ ഭീഷണിപ്പെടുത്തുന്നതും കേരളത്തിനു പുറത്തു സഞ്ചാരസ്വാതന്ത്ര്യം തടയുന്നതും വേട്ടയാടുന്നതും സംഘ്പരിവാര്‍ ശക്തികളാണെന്നത് അറിയാവുന്നതാണല്ലോ.

“കള്ളപ്പണത്തിനെതിരേ ബി.ജെ.പി നേതാവു ശോഭാസുരേന്ദ്രന്‍ നയിച്ച സമരജാഥയിലെ മുന്‍നിര നേതാവുതന്നെ കള്ളനോട്ട് അച്ചടിച്ചതിനു പിടിക്കപ്പെട്ടെങ്കിലും എത്ര ലാഘവത്തോടെയാണുപൊലിസ് അതു കൈകാര്യം ചെയ്തത്. കള്ളനോട്ടടി സാമ്പത്തിക ഭീകരവാദമാണ്. രാജ്യത്തിനെതിരേയുള്ള യുദ്ധപ്രഖ്യാപനമാണ്. ഏറ്റവും വലിയ രാജ്യദ്രോഹപ്രവൃത്തിയാണ്. എന്നാല്‍, പിടിക്കപ്പെട്ടതു സംഘിയായപ്പോള്‍ യു.എ.പി.എ പോയിട്ട് കനമുള്ളൊരു വകുപ്പുപോലും ചുമത്തിയില്ല.”

എന്നാല്‍, ആ ദുഷ്ടശക്തികള്‍ സമീപകാലത്തു കേരളത്തില്‍ ചെയ്ത നീചപ്രവൃത്തികള്‍ക്ക് എന്തു പ്രതിരോധമാണു താങ്കളുടെ സര്‍ക്കാര്‍ ചെയ്തതെന്നറിയാന്‍ താല്‍പര്യമുണ്ട്. കേരളത്തെ അശാന്തിയുടെ വിളനിലമാക്കാന്‍ സംഘി സംഘം ഇറങ്ങിപ്പുറപ്പെടുമ്പോള്‍ സംരക്ഷണചുമതല നിറവേറ്റേണ്ട താങ്കളടക്കമുള്ളവര്‍ നിശ്ചേഷ്ടമായിരിക്കുന്നുവെന്നു മാത്രമല്ല, അക്രമികള്‍ക്കു സഹായകരമായ നിലപാടു സ്വീകരിക്കുന്നുവെന്നുകൂടി ഖേദപൂര്‍വം പറയേണ്ടിവരുന്നു. സമീപകാലത്തെ നിരവധി വിഷയങ്ങളില്‍ താങ്കളുടെ പൊലിസും ഭരണകൂടവും സംഘികള്‍ക്ക് ഇരകളെ വേട്ടയാടാന്‍ അനുകൂലസാഹചര്യമൊരുക്കുന്നതില്‍ പ്രതിഷേധിച്ചാണല്ലോ സഖ്യകക്ഷിയോഗത്തില്‍പോലും മുണ്ടുടുത്ത മോദിയെന്ന വിശേഷണം താങ്കളുടെ മേല്‍ ചാര്‍ത്തപ്പെട്ടത്!

പിഞ്ചുമക്കള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍പോലും ആര്‍.എസ്.എസ് ആയുധപരിശീലനത്തിന് ഉപയോഗിക്കുന്നുവെന്ന് താങ്കളുടെ പാര്‍ട്ടി സെക്രട്ടറി പരസ്യമായി പറഞ്ഞിട്ടും നടപടി സ്വീകരിച്ചോ. അങ്ങു മേധാവിയായ കൈരളി ടി.വി തന്നെ ദൃശ്യങ്ങള്‍ സഹിതം തെളിവു പുറത്തു വിട്ടിട്ടും, പി. ജയരാജന്‍ താങ്കള്‍ക്കു നേരിട്ടു പരാതി തന്നിട്ടും സര്‍ക്കാരും പൊലീസും സ്വീകരിച്ചതു നിഷേധാത്മക നിലപാടല്ലേ. രാഷ്ട്രീയാക്രമണത്തില്‍ വധിക്കപ്പെട്ട ആര്‍.എസ്.എസ്സുകാര്‍ക്കടക്കം ലക്ഷങ്ങള്‍ ആശ്വാസമായി നല്‍കിയിട്ടും ആര്‍.എസ്.എസ്സുകാരുടെ കൊലക്കത്തിക്കിരയായ കൊടിഞ്ഞിയിലെ ഫൈസലിനും കാസര്‍കോട്ടെ റിയാസ് മൗലവിക്കും പത്തുപൈസ പോലും നല്‍കാതിരുന്നത് ആര്‍.എസ്.എസ്സിനെ ഭയന്നിട്ടാണോ.
ഫൈസലിന്റെ നിരാലംബകുടുംബത്തിന് . സ്ഥലം എം.എല്‍.എ പി.കെ അബ്ദുറബ്ബിന്റെ ആവശ്യപ്രകാരം സഹായധനം നല്‍കാനുള്ള നീക്കം എന്തുകൊണ്ടു വിഫലമായി. കാസര്‍കോട്ടെ പാവം പണ്ഡിതനെ അര്‍ധരാത്രി പള്ളിയില്‍ കയറി വെട്ടിക്കൊന്നപ്പോള്‍ ഗൂഢാലോചന നടന്ന ആര്‍.എസ്.എസ് കേന്ദ്രങ്ങളിലേക്ക് എത്തിനോക്കാന്‍ പോലും അങ്ങയുടെ പൊലിസ് മടി കാണിച്ചു.

ഫൈസലിനെ വകവരുത്തിയവര്‍ ലക്ഷ്യമിട്ടതു നേടിയെടുക്കാന്‍ ആ കൊലക്കേസിലെ ഒരു പ്രതിയും ഇപ്പോള്‍ കൊല്ലപ്പെട്ടിരിക്കുന്നു. അപലപനീയമായ ഈ കൊലക്കേസ്സിലെ പ്രതികളെ നിയമത്തിനു മുമ്പിലെത്തിക്കാന്‍ ഞങ്ങള്‍ പിന്തുണ ഉറപ്പുനല്‍കുന്നു ഫൈസലിന്റെ നിരാലംബ കുടുംബത്തിന് ആശ്വാസധനം നല്‍കാന്‍ നീക്കമുണ്ടായിട്ടും പണം നല്‍കാതിരുന്നു. ജില്ലാ കലക്ടര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയിട്ടുപോലും ഒരു നയാ പൈസ അനുവദിക്കാന്‍ കൂട്ടാക്കിയില്ല. ഒട്ടേറെ തവണ അതുവഴി പോയിട്ടും ആ വീട്ടിലൊന്ന് പോവാനോ ആര്‍.എസ്.എസ് കൊലക്കത്തിക്ക് ഇരയായ വ്യക്തിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനോ എന്തേ മനസ്സുണ്ടായില്ല.

തലസ്ഥാന നഗരിയില്‍ ബി.ജെ.പിക്കാരന്‍ വധിക്കപ്പെട്ടപ്പോള്‍ താങ്കളെ വിളിച്ചുവരുത്തി താക്കീതുചെയ്യാനും എന്തുചെയ്യണമെന്നു കല്‍പ്പിക്കാനും ഗവര്‍ണ്ണറുണ്ടായി. അതുകൊണ്ടു ബി.ജെ.പിക്കാര്‍ക്കു നീതികിട്ടി. വന്‍തുക നഷ്ടപരിഹാരമായി കൊടുക്കാന്‍ രഹസ്യചര്‍ച്ചയില്‍ തീരുമാനമുണ്ടായെന്നും വര്‍ത്തയായതാണ്. റിയാസ് മൗലവിക്കും ഫൈസലിനുംവേണ്ടി ആജ്ഞാപിക്കാന്‍ ഗവര്‍ണര്‍ ഇല്ലാത്തതിനാലാണോ അവര്‍ക്കു സഹായധനം നിഷേധിക്കുന്നത്.

വിഷലിപ്തവും അതിവര്‍ഗീയതയും അടങ്ങിയ ശശികലയുടെ പ്രസംഗവും ഇതരമതക്കാരുടെ ആഘോഷങ്ങളില്‍നിന്നു വിട്ടുനില്‍ക്കണമെന്ന മുസ്‌ലിം പ്രഭാഷകന്റെ പ്രസംഗവും മതസ്പര്‍ധയുണ്ടാക്കുന്നതാണെന്ന പരാതി കിട്ടിയപ്പോള്‍ അങ്ങയുടെ പൊലിസ് ചെയ്തതെന്തെന്നു മതനിരപേക്ഷ കേരളം കണ്ടതല്ലേ. ജാമ്യംകിട്ടുന്ന നിസാരവകുപ്പുമായി ശശികലയെ തലോടി വിട്ടു. മുസ്‌ലിംപ്രഭാഷകനെ ഉംറ നിര്‍വഹണത്തിനു പോകുന്നവേളയില്‍ എയര്‍പോര്‍ട്ടില്‍വച്ചു പിടികൂടി കൊടുംകുറ്റവാളിയെപ്പോലെ തടവറയിലിട്ടു. മലപ്പുറത്തെ മുസ്‌ലിം പെണ്ണുങ്ങള്‍ പന്നികളെപ്പോലെ പെറ്റുകൂട്ടുകയാണെന്നു പരസ്യമായി അധിക്ഷേപിച്ച ഗോപാലകൃഷ്ണനു നേരേ എന്തെങ്കിലും ചെയ്‌തോ. അങ്ങയുടെ നേതാവോ സമശീര്‍ഷ്യനോ ആയ പാലൊളി മുഹമ്മദ് കുട്ടിയുടെ ഭാര്യയും കുട്ടികളും അടക്കമുള്ളവര്‍ ഈ ‘പന്നിക്കൂട്ടത്തി’ലുണ്ടെന്ന് ഒരു നിമിഷമെങ്കിലും ആലോചിച്ചോ.

ജില്ലാ മജിസ്‌ട്രേറ്റിന്റെ വിലക്കു ലംഘിച്ച് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ഭാഗവത് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തുകയും വന്ദേമാതരം പാടുകയും ചെയ്ത് നിയമത്തെ വെല്ലുവിളിച്ചപ്പോള്‍ എന്തു നടപടിയാണു സ്വീകരിച്ചത്. ചട്ടപ്രകാരം ഉത്തരവു പുറപ്പെടുവിച്ച ജില്ലാ കലക്ടറെ 24 മണിക്കൂര്‍ കൊണ്ടു തല്‍സ്ഥാനത്തുനിന്നു നീക്കിയത് നാഗ്പൂരില്‍ നിന്നുമുള്ള നിര്‍ദേശം കൊണ്ടാണോ.
ബി.ജെ.പിയുടെ താമരചിഹ്നമുള്ള കൊടിമരത്തില്‍ ഒരു സ്‌റ്റേഷന്‍മാസ്റ്റര്‍ ദേശീയപതാക ഉയര്‍ത്തിയതു വാര്‍ത്തയായിട്ടും നടപടിയുണ്ടായില്ല. അതേസമയം, മുസ്‌ലിം ലീഗ് നേതാവ് ഐ.യു.എം.എല്‍ കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്തിയെന്നാരോപിച്ചു നടപടിയെടുക്കാന്‍ എന്തൊരു ധൃതിയാണു കാണിച്ചത്. വിഷം വമിപ്പിക്കുന്ന സംഘി പ്രഭാഷക ശശികല ഒരു ടെലിവിഷന്‍ ചാനലിലൂടെ പരസ്യമായി ദേശീയപതാകയെ അപമാനിച്ചില്ലേ. നടപടിയുണ്ടായോ.

ഡോ.ഹാദിയ കേസിലും താങ്കളുടെ നിയമസംവിധാനം കോടതികളില്‍ സ്വീകരിച്ച നിലപാട് ആര്‍.എസ്.എസ്. സമ്മര്‍ദത്തിലായിരുന്നില്ലേ. ഈ കേസ് സങ്കീര്‍ണമാക്കണമെങ്കില്‍ എന്‍.ഐ.എയുടെ കൈകളിലേക്കെത്തിക്കണമെന്നത് ആര്‍.എസ്.എസ്സിന്റെ മോഹമാണ്. ആ മോഹമാണ് അശോകന്‍ ഹരജിയിലൂടെ ആവശ്യപ്പെട്ടത്. കോടതി ചോദിച്ചപ്പോള്‍ എന്‍.ഐ.എ അന്വേഷണമാവാം എന്ന മറുപടി സര്‍ക്കാര്‍ കോടതിയെ അറിയിച്ചതു ആരെ സഹായിക്കാനാണ്.

ഈ മതേതര സഖാവിന് എന്തു പറ്റിയെന്നു മതനിരപേക്ഷ കേരളം ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. ജനത്തിന്റെ പച്ചയായ പ്രതികരണം സോഷ്യല്‍ മീഡിയകളില്‍ വരുന്നതു കാണുന്നില്ലേ. കോടതിയുടെയും എന്‍.ഐ.എയുടെയും നിരീക്ഷണത്തിലുള്ള, മാധ്യമ പ്രവര്‍ത്തകര്‍ക്കുപോലും വിലക്കുള്ള ഹാദിയയുടെ വീട്ടില്‍ മാസങ്ങളായി ആര്‍.എസ്.എസ്സുകാര്‍ സംഘമായി കയറിയിറങ്ങുന്നു. ഡി.വൈ.എഫ്.ഐക്കാര്‍ക്കു പോലും കയറാന്‍ കഴിയാത്തിടത്ത് ആര്‍.എസ്.എസ്സുകാര്‍ക്ക് എങ്ങിനെ കയറാനും ഹാദിയയെ കൗണ്‍സിലിങ് ചെയ്യാനും കഴിയുന്നു. രാഹുല്‍ ഈശ്വര്‍ ആ വീട്ടില്‍ എങ്ങനെയെത്തി. തനിക്കു വരുന്ന രജിസ്റ്റര്‍ കത്തുപോലും സ്വീകരിക്കാന്‍ പൊലിസ് വിസമ്മതിക്കുന്നുവെന്നു ഹാദിയ പരിതപിക്കുമ്പോള്‍ സംഘിക്കൂട്ടത്തിന് എങ്ങനെ പൊലിസ് സഹായം കിട്ടുന്നു.

മുസ്‌ലിം സംഘടനാ നേതാക്കളെയും പണ്ഡിതരെയും അവരുടെ സ്ഥാപനങ്ങളെയും നിരന്തരമായി വേട്ടയാടുന്നത് ആരെ പ്രീതിപ്പെടുത്താനാണ്. കേന്ദ്രസര്‍ക്കാറിന്റെ ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനെതിരേ കേരളത്തിലെ ഏറ്റവും വലിയ മത സംഘടനയായ സമസ്ത നടത്തിയ പ്രതിഷേധത്തെ അതിക്രൂരമായാണു പൊലിസ് കൈകാര്യം ചെയ്തത്. കാസര്‍കോട്ട് ജാമ്യമില്ലാ വകുപ്പുപയോഗിച്ചാണു പാവം മതപണ്ഡിതന്മാര്‍ക്കെതിരേ കേസെടുത്തത്. വയനാടുള്‍പ്പെടെ പല സ്ഥലത്തും നിരവധി സമസ്ത പണ്ഡിതന്മാര്‍ക്കെതിരേ കേസെടുത്തു. മതസ്വാതത്ര്യം മാത്രമല്ല മനുഷ്യ സ്വാതന്ത്ര്യംകൂടി അങ്ങയുടെ ഭരണത്തില്‍ നിഷേധിക്കപ്പെടുന്നു.

പീസ് സ്‌കൂള്‍ നടത്തുന്ന എം.എം.അക്ബറിനെതിരേ അകാരണമായി എഫ്.ഐ.ആര്‍ ഇട്ടിരിക്കുകയാണ്. ആ സ്ഥാപനത്തിലെ പ്രധാന അധ്യാപികയടക്കം അമുസ്‌ലിംകളാണ്. അവരോട് അങ്ങയുടെ പൊലിസ് ചോദിച്ച സംശയം യു.പിയിലെ പി.എ.സിയും ബിഹാറിലെ ആര്‍.എം.പിയും പോലും ചോദിക്കാന്‍ അറയ്ക്കുന്ന ചോദ്യമാണ്. നിങ്ങളോടു മതം മാറാന്‍ ഇവര്‍ പറയാറുണ്ടോ, നിര്‍ബന്ധിക്കാറുണ്ടോ തുടങ്ങിയ ചോദ്യം കേട്ട് ആശ്ചര്യം തോന്നിയ അധ്യാപകര്‍ ഇന്നുവരെ അത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടില്ലെന്നു പറഞ്ഞിട്ടും മതവിദ്വേഷം ചുമത്തി കേസെടുത്തു. എന്തൊരു അനീതിയാണിതു മുഖ്യമന്ത്രീ.
എറണാകുളത്തു വിസ്ഡം ഗ്ലോബല്‍ പ്രവര്‍ത്തകരെ പേപ്പട്ടിയെ തല്ലുന്നപോലെ ആര്‍.എസ്.എസുകാര്‍ മര്‍ദിച്ചിരിക്കുന്നു. മര്‍ദകരുടെ പേരില്‍ പേരിനൊരു കേസും സ്‌റ്റേഷന്‍ ജാമ്യവും. ഇരകള്‍ക്കു തടവറയും 153 (എ) വകുപ്പ് പ്രകാരമുള്ള കേസും. ഈ വിഷയത്തില്‍ ചാനല്‍ചര്‍ച്ചകളില്‍ ആര്‍.എസ്.എസ്സുകാര്‍ നല്‍കുന്ന വിശദീകരണം തന്നെയാണു മുഖ്യമന്ത്രീ അങ്ങു നിയമസഭയിലും ഏറ്റുപറയുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരമുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചതിനു മതസ്പര്‍ധ ഉണ്ടാക്കിയെന്ന് ആരോപിച്ചു കേസെടുത്ത ഇന്ത്യയിലെ ആദ്യസംസ്ഥാനമെന്ന ചീത്തപ്പേരിലേയ്ക്കു കേരളത്തെ താങ്കള്‍ എത്തിച്ചിരിക്കുന്നു.
കള്ളപ്പണത്തിനെതിരേ ബി.ജെ.പി നേതാവു ശോഭാസുരേന്ദ്രന്‍ നയിച്ച സമരജാഥയിലെ മുന്‍നിര നേതാവുതന്നെ കള്ളനോട്ട് അച്ചടിച്ചതിനു പിടിക്കപ്പെട്ടെങ്കിലും എത്ര ലാഘവത്തോടെയാണുപൊലിസ് അതു കൈകാര്യം ചെയ്തത്. കള്ളനോട്ടടി സാമ്പത്തിക ഭീകരവാദമാണ്. രാജ്യത്തിനെതിരേയുള്ള യുദ്ധപ്രഖ്യാപനമാണ്. ഏറ്റവും വലിയ രാജ്യദ്രോഹപ്രവൃത്തിയാണ്. എന്നാല്‍, പിടിക്കപ്പെട്ടതു സംഘിയായപ്പോള്‍ യു.എ.പി.എ പോയിട്ട് കനമുള്ളൊരു വകുപ്പുപോലും ചുമത്തിയില്ല.
ആര്‍.എസ്.എസ്സുകാര്‍ കൈയിലെടുത്ത് അമ്മാനമാടുന്ന പൊലിസ് സേന അങ്ങയുടെ കീഴിലാണ് ഇത്രമാത്രം അധഃപതിച്ചതെന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. സ്വാസ്ഥ്യം നഷ്ടപ്പെട്ടിടത്തൊക്കെ തലപോകുന്നതു തീവ്രതയിലേയ്ക്കാണെന്നു വിസ്മരിക്കരുത്.

മുഖ്യധാരയില്‍നിന്ന് ആട്ടിയകറ്റപ്പെട്ട സമൂഹത്തെ ജനാധിപത്യത്തോടും മതനിരപേക്ഷതയോടും ചേര്‍ത്തുനിര്‍ത്തി രാഷ്ട്രീയപ്രക്രിയയില്‍ പങ്കാളികളാക്കിയ പ്രസ്ഥാനമാണു മുസ്‌ലിംലീഗെന്നു അങ്ങുതന്നെ പലപ്പോഴും പ്രസംഗിച്ചിട്ടുള്ളതാണ്. ജനസംരക്ഷണത്തിനു ജനാധിപത്യത്തിന്റെ മാര്‍ഗമവലംബിച്ചു പോരാട്ടത്തിനിറങ്ങുമ്പോള്‍ ഇക്കാര്യം തുറന്നുപറയുകയാണ്. കേരളപൊലിസ് സംഘപരിവാര്‍ കൂട്ടുകെട്ട് എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നു വിനയപുരസ്സരം അപേക്ഷിക്കുന്നു.

വിശ്വസ്ഥതയോടെ,
കെ.പി.എ. മജീദ്
(മുസ്‌ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി)

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.