2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഇരിപ്പുറക്കില്ല, ഈ റെയില്‍വേ സ്റ്റേഷനില്‍

കോഴിക്കോട്: ‘യാത്രയ്ക്കാരുടെ ശ്രദ്ധയ്ക്ക്… ഒരു പ്രത്യേക അറിയിപ്പ്… യാത്രക്കാര്‍ സ്റ്റേഷനിലെ ഇരിപ്പിടങ്ങളില്‍ ഇരിക്കരുത്. നിങ്ങള്‍ ട്രെയിന്‍ എത്തുംവരെ പ്ലാറ്റ്‌ഫോമിലൂടെ തലങ്ങും വിലങ്ങും നടന്നുകൊണ്ടിരിക്കുക.. ഇല്ലെങ്കില്‍ നിങ്ങളെ കൊതുകുകള്‍ പൊക്കിക്കൊണ്ടു പോകും’… ഇത്തരത്തിലുള്ള ഒരറിയിപ്പ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും കേള്‍ക്കുന്ന കാലം അകലെയല്ല. റെയില്‍വേ സ്റ്റേഷനിലെ കൊതുകുശല്യം അത്യധികം ഭീകരമാണിപ്പോള്‍. നാലു പ്ലാറ്റ്‌ഫോമുകളിലും യാത്രക്കാര്‍ കൊതുകുശല്യത്താല്‍ ഏറെ ബുദ്ധിമുട്ടുകയാണ്. സ്റ്റേഷനും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന താല്‍പര്യം എടുത്തു പറയേണ്ടതാണെങ്കിലും കൊതുകുനിയന്ത്രണ സംവിധാനങ്ങള്‍ ഒന്നുംതന്നെ ഇവിടെയില്ല.  ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ കാത്തുനില്‍ക്കുന്ന ഒന്നാം പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ക്ക് ആളോഹരി കൊതുകുകടിയുടെ എണ്ണം കുറയുമ്പോള്‍ കാത്തിരിപ്പുകാരുടെ എണ്ണം കുറഞ്ഞ മൂന്നിലും നാലിലുമെല്ലാം കൊതുകുശല്യം രൂക്ഷമാണ്. ഈ പ്ലാറ്റ്‌ഫോമുകളിലെല്ലാം ഇരിക്കാനുള്ള സൗകര്യങ്ങള്‍ കുറവാണ്. ഇനി സീറ്റുകളില്‍ ഇരുന്നാല്‍ തന്നെ കൊതുകുകള്‍ ശരീരം പൊതിയുന്ന അവസ്ഥയാണ്.  വൈകിട്ടോടെയാണ് പ്ലാറ്റ്‌ഫോമുകള്‍ കൊതുകുകള്‍ കൈയേറുന്നത്. രാത്രി ട്രെയിന്‍ വൈകുംതോറും യാത്രയ്ക്കാരുടെ ദുരിതപൂര്‍ണമായ കാത്തിരിപ്പു തുടരും. വടക്കോട്ടുള്ള ട്രെയിനുകള്‍ വരുന്ന നാലാം പ്ലാറ്റ്‌ഫോമില്‍ കാത്തിരിപ്പു മുറിയിലായാലും പ്ലാറ്റ്‌ഫോമിലായാലും അടങ്ങിയിരിക്കാമെന്ന് കരുതേണ്ട. ഇരിക്കുന്നവര്‍ കാലുകള്‍ ഇളക്കിക്കൊണ്ടിരിക്കുകയും കൈകള്‍ കൊണ്ടോ പേപ്പര്‍ കൊണ്ടോ തലക്കുമുകളിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലുമായി കൈ ചലിപ്പിച്ചു കൊണ്ടേയിരിക്കണം.  രാത്രിയില്‍ വടക്കോട്ടുള്ള ട്രെയിന്‍ കുറവായതിനാല്‍ നാലാം പ്ലാറ്റ്‌ഫോമില്‍ മണിക്കൂറുകളോളം യാത്രക്കാര്‍ കാത്തിരിക്കണം. വൈകിട്ട് ഏഴിനു ശേഷം ഒന്‍പതു മണി വരെയാകും ആലപ്പുഴ എക്‌സിക്യുട്ടീവ് എത്താന്‍. അതുവരെയുള്ള രണ്ടു മണിക്കൂര്‍ സമയം യാത്രക്കാര്‍ക്ക് ദുരിതപൂര്‍ണമായ കാത്തിരിപ്പാകും. കണ്ണൂര്‍ വരെയുള്ള എക്‌സിക്യുട്ടീവ് കഴിഞ്ഞാല്‍ പിന്നെ മംഗലാപുരത്തേക്കുള്ള ട്രെയിന്‍ വെസ്റ്റ് കോസ്റ്റാണ്. രാത്രി 12ഉം കഴിഞ്ഞായിരിക്കും ട്രെയിനെത്തുക. പലപ്പോഴും ഒന്നര, രണ്ടു മണിവരെ ട്രെയിന്‍ വൈകുന്ന അവസ്ഥയുണ്ട്. ഈ സമയമത്രയും പ്ലാറ്റ്‌ഫോമില്‍ പെടുന്നവരുടെ അവസ്ഥ പരമദയനീയമായിരിക്കും. കോഴിക്കോട് റെയില്‍വേ സ്റ്റേഷനെ അന്താരാഷ്ട്ര ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതികള്‍ നടക്കുകയാണിപ്പോള്‍. പരിസരത്തെ അഴുക്കുവെള്ളങ്ങളിലും ഓടകളിലും വളരുന്ന കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കാനോ ഫോഗിങ് നടത്തി കൊതുകുകളെ അല്‍പമെങ്കിലും നിയന്ത്രിക്കാനോ അധികൃതര്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.

ഇതെന്തൊരു നാട്

സ്വദേശികള്‍ക്കു പുറമെ നിരവധി വിദേശികളും റെയില്‍വേ സ്റ്റേഷനിലെത്താറുണ്ട്. ഇത്രയും രൂക്ഷമായ കൊതുകുശല്യം അവരെ അത്ഭുതപ്പെടുത്തുകയാണ്. വൃത്തിയിലും വെടിപ്പിലും ജീവിതനിലവാരത്തിലും ഇത്ര ഉയര്‍ന്ന മലയാളികളുടെ നാടുതന്നെയാണോ ഇതെന്നാണ് അവരില്‍ പലരും ചോദിക്കുന്നത്.

ഭീകരന്മാരാണിവര്‍

സാധാരണ കൊതുകുകളെപ്പോലെയല്ല റെയില്‍വേ കൊതുകുകളെന്ന പ്രത്യേകതയുമുണ്ട്. കടിക്കുന്നത് അറിയില്ല. രക്തം ഊറ്റിക്കുടിച്ച് ഇവ പറന്നകന്നാലാണ് കടുത്ത നീറ്റലും ചൊറിച്ചിലും അനുഭവപ്പെടുക. ഇതു ദീര്‍ഘനേരം തുടരുകയും ചെയ്യും. പലപ്പോഴും സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ വന്നുനില്‍ക്കുന്ന ചുരുങ്ങിയ സമയത്തിനുള്ളില്‍ കൊതുകുകള്‍ കംപാര്‍ട്ടുമെന്റിലേക്കും കയറും. പിന്നെ യാത്രയിലുടനീളം  കടിയേല്‍ക്കേണ്ടിവരും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.