2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്കുകൂടി കൊവിഡ്: രോഗം സ്ഥിരീകരിച്ചതില്‍ ആരോഗ്യപ്രവര്‍ത്തകനും

കോഴിക്കോട്:ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചതില്‍ ആരോഗ്യപ്രവര്‍ത്തകന്‍ 39 വയസ്സുള്ള വടകര താഴെയങ്ങാടി സ്വദേശിയാണ്. ഇദ്ദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകനാണ്. അവിടെ താമസിച്ച് ജോലി ചെയ്യുകയാണ്. ലക്ഷണങ്ങളെ തുടര്‍ന്ന് മെയ് 20 ന് സ്രവ സാംപിള്‍ പരിശോധനയില്‍ പോസിറ്റീവ് ആയി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗം സ്ഥിരീകരിച്ചതില്‍ രണ്ടാമത്തെയാള്‍ 55 വയസ്സുള്ള അരിക്കുളം സ്വദേശിയാണ്. മെയ് 7 ന് രാത്രി അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 18 ന് സ്രവ സാംപിള്‍ പരിശോധനയില്‍ പോസിറ്റീവ് ആയി. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ ചികിത്സയിലാണ്.

മൂന്നാമത്തെയാള്‍ 46 വയസ്സുള്ള തിക്കോടി സ്വദേശി കുവൈറ്റ് കരിപ്പൂര്‍ വിമാനത്തില്‍ മെയ് 13 ന് എത്തി. ജില്ലയിലെയിലെ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. 21 ന് സ്രവ സാംപിള്‍ പരിശോധനയില്‍ പോസിറ്റീവ് ആയി. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ ചികിത്സയിലാണ്.

നാലാമത്തെയാള്‍ 42 വയസ്സുള്ള കോഴിക്കോട് കോര്‍പ്പറേഷന്‍ ചാലപ്പുറം സ്വദേശിയാണ്. മെയ് 20 ന് കുവൈറ്റ് കണ്ണൂര്‍ വിമാനത്തില്‍ എത്തുകയും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആകുകയും ചെയ്തു.

അഞ്ചാമത്തെയാള്‍ 32 വയസ്സുള്ള അഴിയൂര്‍ സ്വദേശിയാണ്. മെയ് 20 ന് കുവൈറ്റ് കണ്ണൂര്‍ വിമാനത്തില്‍ എത്തുകയും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആകുകയും ചെയ്തു. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.

അതേ സമയം പുതുതായി വന്ന 537 പേര്‍ ഉള്‍പ്പെടെ 5735 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ജില്ലയില്‍ ഇതുവരെ 25940 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയാക്കി. ഇന്ന് പുതുതായി വന്ന 33 പേര്‍ ഉള്‍പ്പെടെ 70 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 49 പേര്‍ മെഡിക്കല്‍ കോളജിലും 21 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ്റായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 10 പേര്‍ മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് 197 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 3408 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3227 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3182 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 181 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനൂണ്ട്.

ജില്ലയില്‍ ഇന്ന് വന്ന 97 പേര്‍ ഉള്‍പ്പെടെ ആകെ 889 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 372 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററിലും 504 പേര്‍ വീടുകളിലും ആണ്. 13 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 113 പേര്‍ ഗര്‍ഭിണികളാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.