2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എന്‍.ഐ.എ അറസ്റ്റ് ചെയ്തത് ലാപ്‌ടോപില്‍ ഇല്ലാതിരുന്ന ‘ഹിഡന്‍’ ഫയല്‍ തെളിവാക്കി: ചോദ്യംചെയ്യല്‍ അനുഭവം വെളിപ്പെടുത്തി പ്രൊഫ. ഹാനി ബാബുവിന്റെ ഭാര്യ ജെന്നി റൊവേന

 

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ കഴിഞ്ഞദിവസം ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തത് കെട്ടിച്ചമച്ച തെളിവ് അടിസ്ഥാനമാക്കിയെന്ന ആരോപണവുമായി ഭാര്യ ജെന്നി റൊവേന. ജൂലൈ 15നാണ് ചോദ്യംചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എയുടെ സമന്‍സ് ലഭിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ ഹാജരാവുന്നതിന് സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ടു. എന്നാല്‍ അതുപറ്റില്ലെന്നും ഒരാഴ്ചയ്ക്കകം ഹാജരാവണമെന്നും നിര്‍ബന്ധം പിടിച്ചു.

സാക്ഷി മൊഴി എടുക്കാനായിരിക്കുമെന്നാണ് വിചാരിച്ചത്. അതുകൊണ്ടു തന്നെ വസ്ത്രങ്ങള്‍ പോലും എടുക്കാതെയാണ് നോയിഡയിലെ വീട്ടില്‍ നിന്ന് മുംബൈയിലേക്ക് പോയത്. എന്നാല്‍ ഒരാഴ്ചക്കാലം ചോദ്യംചെയ്യലുണ്ടായി.

മാവോയിസ്റ്റ് ബന്ധമാരോപിച്ച് നേരത്തെ അറസ്റ്റിലായ റോണാ വില്‍സണ്‍, സായി ബാബ എന്നിവരെ കുറിച്ചാണ് ചോദ്യംചെയ്യലില്‍ കൂടുതലുമുണ്ടായത്.

2019 സെപ്റ്റംബറിലാണ് ഹാനി ബാബുവിന്റെ നോയിഡയിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. അന്ന് പിടിച്ചെടുത്ത ലാപ്‌ടോപില്‍ പുതിയ ഫോള്‍ഡറുകള്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് ഹാനി ബാബു ഭാര്യയോട് പറഞ്ഞത്. ഇക്കാര്യം ഭാര്യ ജെന്നി പറയുന്നു:

‘ഹാനി ബാബുവിന്റെ ലാപ്‌ടോപിലെ മൈ ഡോക്യുമെന്റ്‌സ് ഫോള്‍ഡര്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കാണിച്ചു, താന്‍ ക്രമീകരിച്ച് വച്ചിരുന്ന രീതിയിലല്ല ഇപ്പോള്‍ ആ ഫോള്‍ഡര്‍ കിടക്കുന്നതെന്ന് ഹാനി ബാബു പറഞ്ഞു. ബാബുവിന്റെ മൈ ഡോക്യുമെന്റ്‌സ് ഫോള്‍ഡര്‍ ലൈഫ്, ലോ, ലിന്‍ഗ്വിസ്റ്റിക് എന്ന രീതിയിലാണ്, അതൊന്നും ഇല്ലാത്ത രീതിയില്‍ ആണ് ആ ഫോള്‍ഡര്‍ ഇപ്പോള്‍ ഉള്ളത്- ജെന്നി പറയുന്നു.

‘എന്‍.ഐ.എയുടെ പല ചോദ്യങ്ങളും കേട്ട് താന്‍ ചിരിക്കുകയായിരുന്നു എന്നും ബാബു പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഹാനി ബാബു മുംബൈയിലെ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ആ സമയങ്ങളില്‍ ബാബു ഞാനുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്‍ഐഎയുടെ പല ചോദ്യങ്ങളും നമുക്ക് ഗൗരവത്തില്‍ എടുക്കാന്‍ പോലും പറ്റുന്നില്ല. ഹാനി ബാബു നക്‌സലിന്റെ ആളാണ് എന്നാണ് അവര്‍ പറയുന്നത്. എല്ലാം കഴിഞ്ഞ് ബാബു ഇന്ന് (ചൊവ്വ) വരും, എങ്ങനെയാണ് അവര്‍ ബാബുവിനെ കുടുക്കുക, ഫാബ്രിക്കേറ്റ്ഡ് തെളിവുകള്‍ വെച്ചല്ലേ പിടിക്കാന്‍ പറ്റുകയുള്ളു എന്ന് കരുതിയിരിക്കുകയായിരുന്നു. അതിനിടയിലാണ് അറസ്റ്റ് വിവരം അറിഞ്ഞത്. ഇന്ന് രാവിലെയും വിളിച്ചിരുന്നു, മെസ്സേജും അയച്ചിരുന്നു, മുംബൈയിലെ എന്‍.ഐ.എ ഓഫീസില്‍ നിന്ന്. വിഷയത്തില്‍ പല മനുഷ്യാവകാശ സംഘടനകളും സഹായാഭ്യര്‍ഥനയുമായി തന്നെ വിളിച്ചിരുന്നു’- ജെന്നി പറയുന്നു.

ഭീമ കൊറേഗാവ് കേസില്‍ (എല്‍ഗാര്‍ പരിഷത്ത്) അറസ്റ്റിലാവുന്ന പന്ത്രണ്ടാമത്തെയാളാണ് ഹാനി ബാബു. സുധ ഭരദ്വാജ്, ഷോമ സെന്‍, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റാവുത്ത്, അരുണ്‍ ഫെരേര, സുധീര്‍ ധാവലെ, റോണ വില്‍സണ്‍, വെര്‍മണ്‍ ഗോണ്‍സാല്‍വെ, വരവര റാവു, ആനന്ദ് തെല്‍തുംഡെ, ഗൗതം നവ്‌ലാഖ എന്നീ പ്രമുഖര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെല്ലാവരും ഇപ്പോഴും ജാമ്യം പോലുമില്ലാതെ ജയിലിലാണ്.

ജാതിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ ഹാനി ബാബു ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് വിഭാഗത്തിലെ പ്രൊഫസറാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.