2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

മമതയുടെ ലക്ഷ്യം കൊല്‍ക്കത്ത വഴി ഡല്‍ഹിയിലേക്ക്?, ശ്രദ്ധേയമായി പ്രതിപക്ഷ ഐക്യ സമ്മേളനം

 

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടത്തിയ ‘ഐക്യ ഇന്ത്യാ റാലി’യില്‍ പങ്കെടുത്തത് 15 പ്രതിപക്ഷ പാര്‍ട്ടികള്‍. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ തറപറ്റിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ ഐക്യത്തിന്റെ ശക്തി തെളിയിക്കാന്‍ മമത റാലി സംഘടിപ്പിച്ചത്.

സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, നാഷണല്‍ കോണ്‍ഫറന്‍സ് മേധാവി ഫാറൂഖ് അബ്ദുല്ല, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ കടുത്ത വികാരമാണ് യോഗത്തില്‍ ഉയര്‍ന്നത്. മോദി സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞുവെന്ന് മമതാ ബാനര്‍ജി യോഗത്തില്‍ പറഞ്ഞു.

 

അതേസമയം, പ്രധാനമന്ത്രി പദത്തിലേക്കുള്ള മമതയുടെ ചുവടുവയ്പ്പായാണ് ഐക്യ റാലിയെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. കൊല്‍ക്കത്ത വഴി ഡല്‍ഹിയിലേക്കുള്ള സഞ്ചാരമാണ് മമത ലക്ഷ്യമിടുന്നതെങ്കിലും അക്കാര്യം നിഷേധിക്കുകയാണ് ഇന്നുണ്ടായത്.

 

എന്നാല്‍ പ്രതിപക്ഷ ഐക്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള സമയമല്ല ഇതെന്ന് മമത പറഞ്ഞു. തെരഞ്ഞെടുപ്പിനു ശേഷം ഞങ്ങള്‍ അക്കാര്യം തീരുമാനിക്കും. ഇപ്പോഴത്തെ ആവശ്യം മോദിയെയും ബി.ജെ.പിയെയും തകര്‍ക്കുക എന്നതാണെന്നും മമത പറഞ്ഞു.

 

യോഗത്തില്‍ പ്രമുഖര്‍ പറഞ്ഞത്

കള്ളങ്ങളുടെ മൊത്ത, ചില്ലറ വ്യാപാരിയാണ് നരേന്ദ്ര മോദി
-രാഷ്ട്രീയ ജനതാ ദള്‍ നേതാവ് തേജസ്വി യാദവ്

റാഫേല്‍ കരാറിനെക്കുറിച്ച് കുറഞ്ഞ ചോദ്യങ്ങളേ ഉന്നയിച്ചിട്ടുള്ളൂ. അതിനു പോലും മറുപടി പറയാന്‍ മോദിക്കാവുന്നില്ല
-ബി.ജെ.പി വിമതന്‍ ശത്രുഘ്‌നന്‍ സിന്‍ഹ

രണ്ടു കോടി തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദി, മുന്‍പുണ്ടായിരുന്ന തൊഴില്‍ മേഖലകളും തകര്‍ക്കുകയാണുണ്ടായത്
-കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

കഴിഞ്ഞ 70 വര്‍ഷത്തിനിടെ പാകിസ്താന്‍ ചെയ്യാത്ത കാര്യമാണ് മോദി നാലര വര്‍ഷം കൊണ്ട് ചെയ്തത്. സമൂഹത്തെ വിഭജിച്ചു, മതത്തെ മറ്റൊരു മതവുമായി അടിപ്പിച്ചു
-ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍

ജനങ്ങളാണ് ഞങ്ങളുടെ മുഖം (പ്രധാനമന്ത്രി) തെരഞ്ഞെടുക്കുക. നിങ്ങളുടെ സഖ്യത്തിലും കുറേ വിഭാഗങ്ങളുണ്ട്, സി.ബി.ഐ, ഇ.ഡി തുടങ്ങിയവ അതില്‍പ്പെടും. പക്ഷെ, ഞങ്ങള്‍ ജനങ്ങളുമായാണ് സഖ്യം

 

-സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്

ഓരോ പൗരന്റെയും അക്കൗണ്ടിലേക്ക് മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്‌തോ? പകരം ഇവിടെ പെട്രോളിനും ഡീസലിനും അവശ്യസാധനങ്ങള്‍ക്കും വില റോക്കറ്റ് പോലെ ഉയരുമ്പോള്‍ അദ്ദേഹം ലോകം ചുറ്റി
-ഡി.എം.കെ നേതാവ് സ്റ്റാലിന്‍


 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.