2019 December 10 Tuesday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

കോഹിനൂര്‍  രത്‌നം

 
 
 
ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ  കൊല്ലൂര്‍ ഖനിയില്‍നിന്നാണ്  കോഹിനൂര്‍ രത്‌നം ഖനനം ചെയ്‌തെടുത്തത്. അതോടെ ആ പ്രദേശത്തെ ഭരണകൂടമായ കാകാത്യ സാമ്രാജ്യത്തിന്റെ  (ഗമസമശ്യേമ റ്യിമെ്യേ ) കൈകളില്‍ ഈരത്‌നമെത്തി. 1323ല്‍  തുഗ്ലക് സൈന്യം കാകാത്യ രാജാക്കന്മാരെ കീഴടക്കി രത്‌നം സ്വന്തമാക്കുകയും തുഗ്ലക് ആസ്ഥാനമായ ഡല്‍ഹിയിലേക്ക് രത്‌നം എത്തുകയും ചെയ്തു. തുഗ്ലക് വംശത്തിന്റെ പതനത്തിനു ശേഷം സയ്യിദ് രാജവംശത്തിനും പിന്നീട് ലോധി രാജവംശത്തിനും കോഹിനൂര്‍ സ്വന്തമായി. 1526 ലെ പാനിപ്പത്ത് യുദ്ധത്തോടുകൂടി മുഗള്‍ സാമ്രാജ്യത്തിന്റെ കൈകളിലേക്ക് രത്‌നം എത്തി. മുഗള്‍ രാജവംശത്തിലെ ഷാജഹാന്‍ ചക്രവര്‍ത്തി കോഹിനൂര്‍ രത്‌നത്തെ മയൂരസിംഹാസനത്തില്‍ പതിപ്പിക്കുകയും ചെയ്തു. 1739 ല്‍ നാദിര്‍ ഷാ മയൂര സിംഹാസനവും കോഹിന്നൂര്‍ രത്‌നവും  കൊള്ളയടിച്ച് പേര്‍ഷ്യയിലേക്ക് കടത്തി.
നാദിര്‍ഷയാണ് കോഹ് ഇ നൂര്‍ എന്ന പേര് രത്‌നത്തിന് നല്‍കിയതെന്ന് കരുതപ്പെടുന്നു.നാദിര്‍ഷയുടെ മരണത്തോടെ അദ്ദേഹത്തിന്റെ ചെറുമകനായ മിര്‍സ ഷാരൂഖിന്റെ കൈകളിലായി.1751ല്‍ ദുറാനി സാമ്രാജ്യസ്ഥാപകനായ അഹ്മദ് ഷാ അബ്ദാലി, നാദിര്‍ഷയുടെ പിന്‍ഗാമിയെ പരാജയപ്പെടുത്തിയതോടെ കോഹിനൂര്‍ രത്‌നം, അഹ്മദ് ഷായുടെ കൈകളിലായി.
1809 ല്‍ ദുറാനി ചക്രവര്‍ത്തി പരമ്പരയില്‍പ്പെട്ട  ഷാ ഷൂജ,  അര്‍ധസഹോദരനായ മഹ്മൂദ് ഷായോട് പരാജയപ്പെട്ടതോടെ രത്‌നവുമായി ഇദ്ദേഹം പാലായനം ചെയ്യുകയും  ലാഹോറിലെ സിഖ് നേതാവ് രഞ്ജിത് സിങ്ങിനടുത്ത് അഭയം തേടുകയും ചെയ്തു. രത്‌നം 1813ല്‍ ഷാ ഷൂജയില്‍നിന്ന് രഞ്ജിത് സിങ്ങ് സ്വന്തമാക്കി.1849ലെ  രണ്ടാം ആംഗ്ലോ സിഖ് യുദ്ധത്തില്‍ സിഖുകാരെ ബ്രിട്ടീഷുകാര്‍   തോല്‍പ്പിച്ചതോടെ  രത്‌നം ബ്രിട്ടീഷുകാരുടെ കൈകളിലെത്തുകയും അമൂല്യമായ ആ സമ്പത്ത് ബ്രിട്ടീഷ് രാജ്ഞിക്ക് കൈമാറുകയും ചെയ്തു. ഇന്ത്യയുടെ ഭരണാധികാരിയായ വിക്‌റ്റോറിയ രാജ്ഞി കോഹിനൂര്‍ രത്‌നം തന്റെ  കിരീടത്തിന്റെ ഭാഗമാക്കി.
 
 
 
 
അവകാശവാദത്തിനായി ഇന്ത്യയും അയല്‍രാജ്യങ്ങളും
 
 
 
ഇന്ത്യയില്‍നിന്നു കണ്ടെടുക്കപ്പെട്ട രത്‌നമാണല്ലോ കോഹിനൂര്‍. അതുകൊണ്ട് ഇന്ത്യയ്ക്കാണ് അതിന്റെ അവകാശമെന്നാണ് കോഹിനൂര്‍ രത്‌നത്തിന്റെ മേലുള്ള ഇന്ത്യയുടെ അവകാശ വാദം. മാത്രമല്ല  1849 മാര്‍ച്ച് 29 ന് പഞ്ചാബിനെ  ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പരിധിയിലാക്കിയതോടെ അവസാനത്തെ സിഖ് ഭരണാധികാരിയായിരുന്ന ദുലീപ് സിങാണ് ബ്രിട്ടീഷുകാര്‍ക്ക് കോഹിനൂര്‍ രത്‌നം കൈമാറുന്നത്.
ഇന്ത്യയുടെ ഭരണകേന്ദ്രം എന്ന നിലയില്‍ അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടീഷ് രാജകുടുംബത്തിലേക്കായിരുന്നു അന്ന് കോഹിനൂര്‍ കൊണ്ടുപോയത്. കോഹിനൂറിനെ ഒരു പൊതുസ്വത്ത് എന്ന നിലയില്‍ സംരക്ഷണത്തിന് മാത്രമായാണ് ബ്രിട്ടീഷ് രാജകുടുംബത്തെ ഏല്‍പ്പിച്ചതെന്നും ഇന്ത്യ സ്വതന്ത്രമായതോടു കൂടി ഇന്ത്യയ്ക്ക് അവകാശപ്പെട്ട പൊതു സ്വത്തായ കോഹിനൂര്‍ ഇന്ത്യന്‍ ഭരണകൂടത്തിന് അവകാശപ്പെട്ടതാണെന്നും വാദങ്ങള്‍ നില നില്‍ക്കുന്നുണ്ട്. ഇന്ത്യയെ പോലെ പാക്കിസ്ഥാനും കോഹിനൂറിന്റെ മേല്‍ അവകാശ വാദം ഉന്നയിക്കുന്നുണ്ട്.  മഹാരാജാ രഞ്ജിത്ത് സിങിന്റെ പിന്‍ഗാമിയില്‍നിന്നു കൈമാറ്റം ചെയ്യപ്പെട്ട കോഹിനൂര്‍ രത്‌നം രഞ്ജിത്ത് സിങിന്റെ സാമ്രാജ്യത്തിന് അവകാശപ്പെട്ടതാണെങ്കില്‍ ആ സാമ്രാജ്യത്തില്‍ പാക്കിസ്ഥാനും ഉള്‍പ്പെടുമെന്ന അവകാശ വാദവുമുണ്ട്.1976 ല്‍ ഈ അവകാശവാദം ഉന്നയിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോ ബ്രിട്ടന്‍ പ്രധാനമന്ത്രി ജയിംസ് കാലഹന് കത്തെഴുതുകയുണ്ടായി. അഫ്ഗാനിസ്ഥാനും കോഹിനൂറിന്റെ മേല്‍ അവകാശ വാദവുമായി മുന്നോട്ട് വന്നിട്ടുണ്ട്. യുദ്ധം ചെയ്ത് നേടിയ കോഹിനൂര്‍ രത്‌നം അഫ്ഗാനിസ്ഥാനിലെ ദുറാനി സാമ്രാജ്യത്തിന്റെ കൈകളിലാണ് നീതിപരമായി അവസാനം എത്തിയതെന്നും  ഷാഷൂജയെ ഭീഷണിപ്പെടുത്തിയും കണ്‍മുന്നില്‍വച്ച് ഷുജയുടെ പുത്രനെ പ്രീണിപ്പിച്ചും നേടിയതാണ് കോഹിനൂര്‍ രത്‌നമെന്നാണ് അവരുടെ അവകാശവാദം. ഇറാനും കോഹിനൂറില്‍ അവകാശമുന്നയിച്ചിട്ടുണ്ട്. പേര്‍ഷ്യന്‍ ഭരണാധികാരിയായ നാദിര്‍ഷയാണല്ലോ ഇന്ത്യയില്‍നിന്നു കോഹിനൂര്‍ കൈക്കലാക്കിയത്. അതുകൊണ്ട് യുദ്ധവിജയത്തെത്തുടര്‍ന്ന് കൈയില്‍ വന്ന കോഹിനൂര്‍ തങ്ങള്‍ക്ക് തന്നെ വേണമെന്നാണ് ഇറാന്റെ അവകാശവാദം.
 
 
 
 
 
രത്‌നത്തിന്റെ വില
 
കോഹിനൂര്‍ രത്‌നത്തിന് കൃത്യമായ മൂല്യം ഇപ്പോഴും കണക്കാക്കിയിട്ടില്ല. അമ്പതുവര്‍ഷങ്ങള്‍ക്കു മുമ്പ് 200 മില്യണ്‍ യു.എസ് ഡോളര്‍ കോഹിനൂറിന്റെ വിലയായി കണക്കാക്കിയിരുന്നു.അത് ഏകദേശം 14,35,85,20,000 ഇന്ത്യന്‍ രൂപയാണ്.
 
 
 
 
 
 
താജ്മഹലിലെ 
കോഹിനൂര്‍
 
ഒരു കാലത്ത് ഇന്ത്യയിലെ താജ്മഹലിന്റെ മുകളിലും കോഹിനൂര്‍ രത്‌നം പതിപ്പിച്ചിരുന്നുവത്രേ. കോഹിനൂറിന്റ പ്രസിദ്ധിയറിഞ്ഞ് അനേകം പേര്‍ രത്‌നം കാണാന്‍ വന്നെത്തിയതോടെയാണ് കോഹിനൂറിനെ താജ്മഹലിലേക്ക് മാറ്റിയത്.
 
 
 
 
കപ്പലും 
രത്‌നവും
 
പ്രകാശത്തിന്റെ മല എന്നാണ് കോഹിനൂര്‍ എന്ന വാക്കിന്റെ അര്‍ഥം. 21.6 ഗ്രാമാണ് രത്‌നത്തിന്റെ  തൂക്കം. ബ്രിട്ടീഷ് ഭരണാധികാരികള്‍ കോഹിനൂര്‍ രത്‌നം കൊണ്ടു പോകാന്‍ മാത്രമായി ഒരു കപ്പല്‍ തയാര്‍ ചെയ്തുവെന്ന് പറയപ്പെടുന്നു.
 
 
 
സിംഹാസനത്തിലെ 
കോഹിനൂര്‍
 
മയൂര സിംഹാസനത്തില്‍ കോഹിനൂര്‍ രത്‌നം പതിപ്പിച്ചിരുന്ന കാര്യം പറഞ്ഞല്ലോ. ഏഴു കൊല്ലമെടുത്താണ് മയൂര സിംഹാസനം ഷാജഹാന്‍ പണി കഴിപ്പിച്ചത്.സ്വര്‍ണനിര്‍മിതമായ നാലു കാലുകളും മരതകം ഉപയോഗിച്ച് നിര്‍മിച്ച പന്ത്രണ്ട് തൂണുകളുള്ള വിതാനവും ചേര്‍ന്നതായിരുന്നു മയൂര സിംഹാസനം. താജ് മഹല്‍ നിര്‍മാണ ചെലവിനേക്കാള്‍ ഇരട്ടി തുക മയൂര സിംഹാസനത്തിന് ചെലവായിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത്രയും ഭംഗിയില്‍ പണിത മയൂര സിംഹാസനത്തില്‍ കോഹിനൂര്‍ രത്‌നം പതിച്ചതു കൊണ്ടാണ് മയൂര സിംഹാസനം നാദിര്‍ഷ കൈക്കലാക്കിയതെന്നും മയൂര സിംഹാസനം തന്നെ തകര്‍ന്നു പോയതെന്നും കരുതപ്പെടുന്നു.
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News