2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ആ കറുത്തദിനത്തിന് ഇന്നേക്ക് ഒരു വയസ്

 

ഫൈസലിന്റെ വിയോഗത്തിന്റെ നടുക്കുന്ന ഓര്‍മയില്‍ കുടുംബവും കൊടിഞ്ഞിഗ്രാമവും

മുഷ്താഖ് കൊടിഞ്ഞി

 

തിരൂരങ്ങാടി: ചിറകുമുളയ്ക്കുന്നതിനുമുന്‍േപ അനാഥരാക്കപ്പെട്ട മൂന്നു ബാല്യങ്ങള്‍, ജീവിച്ചു കൊതിതീരുംമുന്‍േപ വിധവയാക്കപ്പെട്ട യുവതി, പ്രതീക്ഷ നഷ്ടപ്പെട്ട കുടുംബം, മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേളികേട്ട നാടിന്റെ പൈതൃകത്തിനുമേല്‍ ചിതറിത്തെറിച്ച രക്തത്തുള്ളികള്‍, ഗ്രാമവിശുദ്ധിയുടെ സമാധാനത്തിനുമേല്‍ ഇരുണ്ടുകൂടിയ അസഹിഷ്ണുതയുടെ കാര്‍മേഘങ്ങള്‍. ആ കറുത്തദിനത്തിന് ഇന്നേക്ക് ഒരാണ്ട്.
കൊടിഞ്ഞി ഫൈസല്‍ എന്ന ചെറുപ്പക്കാരന്റെ കൊലപാതകം നാടിനും കുടുംബത്തിനും വരുത്തിവെച്ച ആഘാതം ചെറുതല്ല. കൊലനടത്തിയവര്‍ക്കാകട്ടെ ഒന്നും നേടാനായതുമില്ല. നേടാനായത് ഒരുനാടിന്റെ ശാപവും വെറുപ്പുകളും മാത്രം. കഴിഞ്ഞ വര്‍ഷം നവംബര്‍ 19നായിരുന്നു കൊടിഞ്ഞി പുല്ലാണി ഫൈസല്‍ കൊടിഞ്ഞി ഫാറൂഖ്‌നഗറില്‍ കൊല്ലപ്പെട്ടത്. പിറ്റേദിവസം ഗള്‍ഫിലേക്ക് മടങ്ങാനിരിക്കെ ഭാര്യ ജസ്‌നയുടെ പിതാവിനെയും ബന്ധുക്കളെയും സ്വീകരിക്കാന്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയുമായി പുറപ്പെട്ടതായിരുന്നു.

ബൈക്കില്‍ പിന്തുടര്‍ന്ന ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞുനിര്‍ത്തി വെട്ടിയും കുത്തിയുമാണ് ആ യുവാവിന്റെ ജീവനെടുത്തത്. ഗള്‍ഫില്‍വച്ച് ഇസ്‌ലാംമതം സ്വീകരിച്ച ഫൈസല്‍ ഭാര്യയേയും മൂന്നുമക്കളെയും തന്റെ പാതയിലേക്ക് കൊണ്ടുവന്നിരുന്നു. മറ്റുബന്ധുക്കള്‍കൂടി ഇസ്‌ലാംമതം സ്വീകരിക്കുമെന്ന് കണക്കുകൂട്ടിയ കറുത്തകരങ്ങള്‍ ഫൈസലിനെ ഇല്ലാതാക്കുകയായിരുന്നു. എന്നാല്‍, ഫൈസലിന്റെ കുടുംബാംഗങ്ങള്‍ ഒന്നടങ്കം ഇസ്‌ലാംമതം ആശ്ലേഷിച്ചു. മാതാപിതാക്കളും സഹോദരങ്ങളും അവരുടെ മക്കളും സഹോദരീഭര്‍ത്താവുമടക്കം പത്തുപേരാണ് ഫൈസലിന്റെ മാര്‍ഗത്തിലേക്ക് പ്രവേശിച്ചത്.


മരണശേഷം ഫൈസലിന്റെ കുടുംബത്തിലേക്ക് നാടിന്റെ വിവിധഭാഗങ്ങളില്‍നിന്നായി സുമനസുകളുടെ സഹായവും ആശ്വാസവാക്കുകളും ഒഴുകിയെത്തി. കൊടിഞ്ഞി തിരുത്തിയില്‍ അവര്‍ക്കുള്ള വീടിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. നാലാം ക്ലാസില്‍ പഠിക്കുന്ന ഫഹദ് യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. നന്നായി പഠിച്ചിരുന്നകുട്ടി. ഫൈസലിന്റെ മരണത്തോടെ ആലോചനയില്‍ മുഴുകുകയും പഠനത്തില്‍ വളരെ പിന്നാക്കംപോവുകയും ചെയ്തു. യു.കെ.ജിയില്‍ പഠിക്കുന്ന ഫായിസിനും എല്‍.കെ ജിയില്‍ പഠിക്കുന്ന ഫാത്തിമ ഫര്‍സാനക്കും കാര്യങ്ങള്‍ മനസിലായിട്ടില്ല. അവര്‍ക്കിപ്പോഴും ഉപ്പ ഗള്‍ഫിലാണ്. ഇടയ്ക്കിടെ ഉപ്പയെ ചോദിക്കുമ്പോള്‍ പാതിവഴിയില്‍ ജീവീതം നിലച്ചുപോയ ജസ്‌നയ്ക്ക് തങ്ങളുടെ വിധിയോര്‍ത്ത് കണ്ണീരൊഴുക്കാനേ സാധിക്കുന്നുള്ളൂ.


പ്രായമായ മാതാപിതാക്കള്‍ക്ക് ഫൈസല്‍ അവരുടെ ഉണ്ണിയായിരുന്നു. ആകെയുള്ള ഈ ആണ്‍തരി. ഓട്ടോ ഓടിച്ചിട്ടും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെട്ടപ്പോഴാണ് റിയാദിലേക്ക് വിമാനം കയറിയത്. അമ്മയുടെ പേരില്‍ സ്വന്തമായി സ്ഥലംവാങ്ങി വീടുവച്ച് അതിലേക്ക് കൊണ്ടുപോകുമെന്ന വാക്ക് നിറവേറ്റാന്‍ പക്ഷെ ഈ മകന് വിധി, സമയം അനുവദിച്ചില്ല, സ്വന്തം വീടെന്ന സ്വപ്നം മാറ്റിവച്ച് സഹോദരിക്ക് വീടുനിര്‍മിച്ചുനല്‍കി. ഇതേസഹോദരിയുടെ ഭര്‍ത്താവ് വിനോദാണ് ഫൈസലിന്റെ ഘാതകസംഘത്തിലെ ഒരുവന്‍.


ഫൈസലിന്റെ ഭാര്യ ജസ്‌നയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നാണ് ഈകുടുംബത്തിന്റെ ആവശ്യം. ആളും ആരവങ്ങളും ഇന്നല്ലെങ്കില്‍ നാളെ നിലയ്ക്കും. ചെറുപ്പത്തിലേ വിധവയാക്കപ്പെട്ടവളാണ് ജസ്‌ന. അവരുടെ ജീവിതം ഇനിയും മുന്നില്‍ നീണ്ടുകിടക്കുന്നു. മക്കളുടെ വിദ്യാഭ്യാസം, ജീവിതം തുടങ്ങിയവയ്ക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാവരുതേ എന്നാണ് ഇവരുടെയെല്ലാം പ്രാര്‍ഥന.


ഇരട്ടകളാല്‍ ലോകപ്രശസ്തിനേടിയ കൊടിഞ്ഞിഗ്രാമം മതേതര നേര്‍ക്കാഴ്ചയിലും മുന്‍നിരയില്‍ത്തന്നെ. മുസ്‌ലിം ഭൂരിപക്ഷപ്രദേശമാണെങ്കിലും ന്യൂനപക്ഷമായ ഇതര മതസ്ഥര്‍ക്ക് ഏറെസ്‌നേഹാദരങ്ങള്‍ നല്‍കിവരുന്ന പ്രദേശം. സ്‌നേഹവും, ദുഖങ്ങളും, സന്തോഷവും പരസ്പരം പകുത്തെടുക്കുന്ന ജാതിയും മതവും രാഷ്ട്രീയവും വിഭാഗവുമെല്ലാമുള്ള മനുഷ്യര്‍. ചായമക്കാനിയിലെ മേശയ്ക്ക്ചുറ്റും ഒരുഗ്ലാസ് ചായയിലൊതുങ്ങും ഏതു പിണക്കങ്ങളും പരിഭവങ്ങളും. പരമ്പരാഗതമായി കൈമാറിവന്ന കൊടിഞ്ഞിയുടെ മതേതരത്വത്തിന്റെ കടയ്ക്കല്‍ വച്ച കത്തിയാണ് ഫൈസലിന്റെ കൊലപാതകം. കൊടിഞ്ഞി ഇന്നും ആ ആഘാതത്തില്‍നിന്നും മുക്തമായിട്ടില്ല. പഴയപ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി, കൊടിഞ്ഞി ‘അകം’ സാംസ്‌കാരിക സംഘടന, ഗ്രെയ്റ്റ് കൊടിഞ്ഞി വാട്ട്‌സ് ആപ്പ് കൂട്ടായ്മ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക സന്നദ്ധ സംഘടനകള്‍.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.