2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

കൊച്ചുകൊച്ചു കഥകളുടെ ഒടേ തമ്പുരാന്‍

കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയ എഴുത്തുകാരന്‍ പി.കെ പാറക്കടവ് എഴുത്തിനെ കുറിച്ചും എഴുത്തനുഭവങ്ങളെ കുറിച്ചും സംസാരിക്കുന്നു

 

 

പി.കെ പാറക്കടവ് /ഫാറൂക്ക് ബാവ

? മിനിക്കഥകള്‍ എന്നും മിന്നല്‍കഥകള്‍ എന്നും വിശേഷിപ്പിക്കപ്പെടുന്ന സാഹിത്യശാഖയുടെ മലയാളത്തിലെ പെരുന്തച്ചനായ താങ്കള്‍ക്ക് ജീവിതത്തില്‍ ഇതിനകം തന്നെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒടുവില്‍ കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുന്നു. വലിയ അംഗീകാരമല്ലേ ഇത്
‘ഇടിമിന്നലുകളുടെ പ്രണയം’ എന്ന നോവലിന് അബൂദബി മലയാളി സമാജം ഏര്‍പ്പെടുത്തിയ അവാര്‍ഡ് സ്വീകരിക്കാന്‍ പോകുന്ന വഴിക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ വച്ചാണ് കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡിന് അര്‍ഹനായ കാര്യം അറിയുന്നത്. ഞാന്‍ കുറച്ചുകാലം വിദേശത്തുണ്ടായിരുന്നു. ദുബൈ, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലൊക്കെ. പിന്നെ എന്റെ ആദ്യ പുസ്തകം ‘ഖോര്‍ഫുക്കാന്‍കുന്ന് ‘ അറേബ്യയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇപ്പൊ അതേ മണ്ണില്‍ വച്ച് ഇങ്ങനെയൊരു അവാര്‍ഡിന്റെ സന്തോഷവാര്‍ത്ത കേള്‍ക്കുമ്പോള്‍, അതെനിക്ക് ഈ മരുഭൂമി തന്ന സമ്മാനമായി തോന്നുന്നു. മരുഭൂമിയില്‍ മരുപ്പച്ച കണ്ടെത്തിയവന്റെ സന്തോഷം എന്നിലുളവാകുന്നു.

 

? ‘ഇമ്മിണി ബല്യ’ മിനിക്കഥകളുടെ തമ്പുരാനിലേക്കുള്ള വളര്‍ച്ച എങ്ങനെയായിരുന്നു
പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്റെ തൊട്ടടുത്ത നാടായ കുറുവന്തേരിയെ ഉള്‍പ്പെടുത്തിക്കൊണ്ട് ഞാന്‍ ‘വിസ’ എന്ന ഒരു പന്ത്രണ്ടു വരി കഥ എഴുതി. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ അതു പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഗള്‍ഫും ആ നാടിനോടുള്ള നമ്മുടെ അടങ്ങാത്ത മുഹബ്ബത്തും കേന്ദ്രീകരിച്ചായിരുന്നു കഥ. മയ്യിത്തിനു ചുറ്റും സാധാരണ നടക്കാറുള്ള ബഹളങ്ങള്‍ക്കിടയില്‍ ആ വീട്ടിലേക്ക് പോസ്റ്റ്മാന്‍ കടന്നുവരുന്നു. ഉടനെ തന്നെ മയ്യിത്ത് എഴുന്നേറ്റ് എന്റെ വിസ വന്നോ എന്നു ചോദിക്കുന്നു. ഇതായിരുന്നു കഥ. ഈ കഥ എന്റെ നാട്ടില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. നാട്ടുകാരെ അപമാനിച്ചു എന്നു തുടങ്ങി ഇന്ന് ആലോചിക്കാന്‍ പറ്റാത്ത തരത്തിലായിരുന്നു പ്രശ്‌നങ്ങള്‍. ഇതിനെ കുറിച്ച് പില്‍ക്കാലത്ത് എന്റെ സുഹൃത്ത് ‘സല്‍മാന്‍ റുഷ്ദി കുറുവന്തേരിയില്‍’ എന്ന പേരില്‍ ഒരു ഫീച്ചര്‍ എഴുതിയിരുന്നു. പക്ഷെ, ഇങ്ങനെയൊക്കെയായിരുന്നുവെങ്കിലും എനിക്കു കുടുംബപരമായും സുഹൃദ്പക്ഷത്തുനിന്നും വലിയ പിന്‍ബലമുണ്ടായിരുന്നതു കൊണ്ട് ഇതിനെയെല്ലാം അതിജീവിക്കാന്‍ കഴിഞ്ഞു. അന്നുതൊട്ടേ എന്റെ അബോധമനസില്‍ ഈ കഥാരൂപവും അതിന്റെ സാധ്യതയും കടന്നുകൂടിയിട്ടുണ്ട്.
ഇന്നു ലോകത്താകമാനം ഈ കഥാരൂപം ഫ്‌ളാഷ് സ്റ്റോറീസ് എന്ന പേരില്‍ ആഘോഷപൂര്‍വം കൊണ്ടാടപ്പെടുന്നുണ്ട്. രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് മിന്നല്‍കഥകളിലൂടെ പ്രശസ്തനായ അമേരിക്കന്‍ എഴുത്തുകാരി ലിഡിയ ഡേവിസിന് മാന്‍ ബുക്കര്‍ പ്രൈസ് വരെ ലഭിച്ചു. വിദേശങ്ങളിലൊക്കെ ഈ ചെറിയ കഥകള്‍ക്കു വലിയ അംഗീകാരമുണ്ട്. അതുകൊണ്ടു തന്നെ വലിപ്പത്തിലല്ല കഥ കിടക്കുന്നത് എന്നു വിശ്വസിക്കുന്നയാളാണു ഞാന്‍.

 

? കുറുങ്കഥകള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരിടത്തുനിന്ന് വലിയ കഥകള്‍ വായനാമുറികള്‍ കീഴടക്കിയ കാലത്തെ എങ്ങനെ നോക്കിക്കാണുന്നു
സാഹിത്യത്തെ ഒരിക്കലും ഒരു മത്സരമായി കാണാന്‍ ആഗ്രഹിക്കാത്ത വ്യക്തിയാണു ഞാന്‍. ഞാന്‍ ആരോടും മത്സരിക്കുന്നില്ല. നിരന്തരമായി വായിക്കുകയും എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അത്ര മാത്രം. അതുകൊണ്ടു തന്നെ പി.ടി ഉഷയെ കുറിച്ചു പറയാറുള്ള പോലെ നിമിഷത്തിന്റെ നൂറിലൊരംശത്തില്‍വച്ച് എനിക്ക് മെഡല്‍ നഷ്ടമാകുന്നില്ല. ഓരോ കഥ എഴുതിത്തീരുമ്പോഴും ഞാന്‍ തീര്‍ത്തും സന്തുഷ്ടനാണ്. ഓരോ എഴുത്തുകാരനും ഓരോ പൂന്തോപ്പിലെ വ്യത്യസ്തതരം പൂക്കളാണ്. അകാലങ്ങളില്‍ പോലും പൂക്കുകയും പരിമളം പരത്തുകയും ചെയ്യുന്നു അവര്‍. ഇങ്ങനെ വിശ്വസിക്കുന്ന ഒരാളെന്ന നിലയ്ക്ക് ഞാന്‍ ഒരിക്കലും അതതു കാലത്തെ ഭംഗിയാക്കുന്നു എന്നു പറയപ്പെടുന്ന ട്രെന്‍ഡുകള്‍ക്കു പിറകെ പോകാറില്ല. എനിക്കങ്ങനെ ഒരു ട്രെന്‍ഡില്ല. ഓരോ കാലഘട്ടത്തിലും എഴുത്തുകാരന്‍ പറയേണ്ടതായിട്ട് ചിലതുണ്ടാകും. അത് ഞാന്‍ പറയാറുമുണ്ട്. ബര്‍ത്തോള്‍ഡ് ബ്രെഹ്ത് പറഞ്ഞതു പോലെ കറുത്ത കാലങ്ങളെക്കുറിച്ചുള്ള ആ കറുത്ത പാട്ട് ഞാനും പാടുന്നു. ഇവയോടൊപ്പം തന്നെ അല്‍പം ചില വലിയ ചെറുകഥകളും രണ്ടു നോവലുകളും എഴുതിയിട്ടുണ്ട്. ‘മീസാന്‍കല്ലുകളുടെ കാവലും’ ‘ഇടിമിന്നലുകളുടെ പ്രണയ’വുമാണ് നോവലുകള്‍. അതിനു പുറമെ ഒരുപാട് അറബി കവിതകളും മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പിന്നെ കിട്ടിയ അവാര്‍ഡ് തന്നെ സമഗ്രസംഭാവനയ്ക്കുള്ളതാണല്ലോ.

?മലയാളത്തില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അതിന്റെ റീച്ച് എത്രമാത്രമുണ്ട്
‘ഇടിമിന്നലുകളുടെ പ്രണയം’ ഫലസ്തീന്‍ ജനതയുടെ പോരാട്ടവും പ്രണയവും പശ്ചാത്തലമാക്കി എഴുതിയ നോവലാണ്. മലയാളത്തിലെ ഒരു പൊളിറ്റിക്കല്‍ നോവലായിരുന്നു അത്. രാഷ്ട്രീയ നോവലുകള്‍ എങ്ങനെ എഴുതാമെന്നതിന് ഉദാഹരണമായി ഈ നോവലിനെ സച്ചിദാനന്ദന്‍ എടുത്തുപറഞ്ഞിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് മൂന്ന് എഡിഷനുകള്‍ വന്നു. കാലിക്കറ്റ് സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗവും അറബിക് വിഭാഗവും ഈ പുസ്തകത്തെ കുറിച്ച് ഒരു ചര്‍ച്ച നടത്തി. അങ്ങനെ കേരളത്തില്‍ പലയിടത്തും ചര്‍ച്ച ചെയ്യപ്പെട്ടു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ചന്ദ്രമതി എന്ന എഴുത്തുകാരി അത് ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു.
ഈയടുത്ത് യു.എ.ഇയില്‍ പോയപ്പോള്‍ അവിടത്തെ സാംസ്‌കാരിക വകുപ്പില്‍ ജോലി ചെയ്യുന്ന സൃഹുത്തുക്കള്‍ അവരുടെ ഡിപ്പാര്‍ട്ട്‌മെന്റിലേക്കൂ കൂട്ടിക്കൊണ്ടുപോയി. അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ അത്ഭുതത്തോടെ പ്രതികരിക്കുകയും അതിന്റെ അറബി വിവര്‍ത്തനം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ‘ദ ഹിന്ദു’ പത്രത്തില്‍ ഇതിനെ കുറിച്ചൊരു റിവ്യു വന്നിരുന്നു. ഫലസ്തീന്‍ അംബാസഡര്‍ കോഴിക്കോട് സന്ദര്‍ശിച്ചപ്പോള്‍ ഞാനീ പുസ്തകവുമായി അദ്ദേഹത്തെ കാണാന്‍ പോയി. അദ്ദേഹം മലയാളത്തില്‍നിന്ന് ഇങ്ങനെയൊരു പുസ്തകം വന്നതില്‍ വളരെ സന്തോഷം പ്രകടിപ്പിച്ചു. ഇങ്ങനെ പലയിടങ്ങളിലായി നോവല്‍ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.

 

?മലയാളത്തില്‍ അറബി കവിതകളുടെ വലിയ വായനക്കാരനും വിവര്‍ത്തകനുമാണല്ലോ താങ്കള്‍. ഈ മേഖലയിലേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു
പല വിദേശ കവികളെയും മലയാളികള്‍ക്കു പരിചയപ്പെടുത്തിയ കവിയാണ് സച്ചിദാനന്ദന്‍. ഈ വിഷയത്തില്‍ എന്റെയും ഗുരു അദ്ദേഹമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം ഒരു കവിതാ സമാഹാരം എഴുതിയപ്പോള്‍ അതു സമര്‍പ്പിച്ചത് പ്രശസ്ത സിറിയന്‍ കവി അഡോണിസിനായിരുന്നു. മഹ്മൂദ് ദര്‍വീഷിന്റെ കവിത ഞാന്‍ ആദ്യമായി വായിക്കുന്നതും സച്ചിദാനന്ദന്‍ വിവര്‍ത്തനം ചെയ്തപ്പോഴാണ്. അതുകൊണ്ടു തന്നെ ഞാനറിയാതെ തന്നെ അദ്ദേഹം എന്നിലൊരു ഗുരുവിന്റെ പണി ചെയ്തിട്ടുണ്ട്.
അതിനൊക്കെ ശേഷമാണ് ഞാന്‍ ഇവരുടെ പുസ്തകങ്ങള്‍ വായിക്കുന്നതും വിവര്‍ത്തനം ചെയ്യുന്നതും. പ്രത്യേകിച്ചും ഫലസ്തീനി കവികളെയാണ് ഞാന്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തത്. അതിനു കാരണം ഞാന്‍ വിദേശത്ത് ജോലി ചെയ്യുന്ന സമയത്തു തന്നെ എനിക്ക് ഒരുപാട് ഫലസ്തീനി സുഹൃത്തുക്കളുണ്ടായിരുന്നു. അവരില്‍നിന്ന് അവരുടെ നാടിന്റെ രാഷ്ട്രീയവും പ്രശ്‌നകലുഷിതമായ അന്തരീക്ഷവും മനസിലാക്കാന്‍ സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ അവിടെനിന്നു വരുന്ന യുദ്ധങ്ങളെ കുറിച്ചും പോരാട്ടങ്ങളെ കുറിച്ചുമുള്ള കവിതകള്‍ എന്നെ ആകര്‍ഷിക്കുകയും ഞാന്‍ അവയെ കൂടുതല്‍ അടുത്തറിയാന്‍ ശ്രമിക്കുകയും ചെയ്തു. അങ്ങനെയാണ് ‘ദൈവം അമേരിക്കയ്ക്ക് മാപ്പു കൊടുക്കട്ടെ’ എന്ന പുസ്തകമൊക്കെയുണ്ടാകുന്നത്. ഫലസ്തീനിലെയും സിറിയയിലെയും കവികള്‍ യുദ്ധങ്ങള്‍ക്കും ബോംബുകള്‍ക്കും വെടിയുണ്ടകള്‍ക്കും ഇടയിലിരുന്നാണു കവിതകള്‍ എഴുതുന്നത്. അക്ഷരാര്‍ഥത്തില്‍ ചോരകൊണ്ടു കവിത രചിക്കുന്നവരാണവര്‍. അതുകൊണ്ടാണ് അവര്‍ക്കിത്രയും തീക്ഷ്ണമായ വരികള്‍ എഴുതാന്‍ കഴിയുന്നത്. ആ ചൂട് കേരളത്തിലിരുന്ന് ഞാനേല്‍ക്കുകയും ഉരുകിയൊലിക്കുകയും ചെയ്യുന്നു. ആ ഉരുകലാണ് ഈ വിവര്‍ത്തനങ്ങളത്രയും.

 

?ഫാസിസ്റ്റ്-ഭരണകൂട വിമര്‍ശങ്ങള്‍ ഭയമേതുമില്ലാതെ നടത്തുന്ന താങ്കള്‍ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡിനര്‍ഹനാകുമ്പോള്‍
മനുഷ്യന്‍ മനുഷ്യനെ നേരമ്പോക്കിനു വേണ്ടി കൊല്ലുന്ന ഒരു കാലത്ത് അമര്‍ഷത്തോടെയും അതികഠിനമായ വേദനയോടെയും ജീവിക്കുന്ന ഒരു എഴുത്തുകാരനാണു ഞാന്‍. അപ്പോള്‍ എനിക്ക് മിണ്ടാതിരിക്കാന്‍ പറ്റില്ല. ഒരെഴുത്തുകാരനും അതിനു കഴിയില്ല. അങ്ങനെ മൗനം പാലിക്കുന്നവര്‍ മരിച്ചവര്‍ക്കു തുല്യമാണ്. ഓരോ എഴുത്തുകാരനും മിണ്ടാതിരിക്കുമ്പോള്‍ മരിക്കുന്നു. അതുകൊണ്ടു തന്നെ ഞാന്‍ ശക്തമായി ഇടപെടുന്നു. ഓരോ അവാര്‍ഡും എന്നെ ശരിവയ്ക്കുകയാണ്. കൂടുതല്‍ ഊര്‍ജം നല്‍കുകയാണു ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഈ അംഗീകാരങ്ങളെല്ലാം സന്തോഷത്തോടെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു.
ഗാന്ധിയെ കൊന്ന അതേ തോക്കു പിടിച്ച് ഗോഡ്‌സെ ഇന്നും നമുക്കിടയില്‍ സ്വച്ഛന്ദം വിലസുന്നുണ്ട്. അതേ തോക്കുകൊണ്ടാണ് കല്‍ബുര്‍ഗിയെയും ഗോവിന്ദ് പന്‍സാരയെയും ഗൗരി ലങ്കേഷിനെയുമെല്ലാം ഇല്ലാതെയാക്കിയത്. ആ തോക്കില്‍ ഇനിയും എത്രയോ ഉണ്ടകള്‍ കിടപ്പുണ്ട്. അപ്പോള്‍ അവാര്‍ഡുകളെ കുറിച്ചാലോചിച്ച് നമുക്ക് എഴുതാനോ എഴുതാതിരിക്കാനോ കഴിയില്ല. എന്നെ സംബന്ധിച്ചിടത്തോളം എനിക്കു കിട്ടാനുള്ള ഏറ്റവും വലിയ അവാര്‍ഡുകള്‍ എന്നേ കിട്ടിയിരുന്നു. ഒ.വി വിജയനെപ്പോലുള്ള, ടി. പത്മനാഭനെ പോലുള്ള മഹാന്മാരായ എഴുത്തുകാരുടെ വാത്സല്യവും സ്‌നേഹവും വേണ്ടുവോളം കിട്ടിയ ഒരാളാണു ഞാന്‍. എന്റെ പല കഥകളും വായിച്ച് ഇവരൊക്കെ എനിക്ക് കത്തുകള്‍ എഴുതിയിട്ടുണ്ട്.
ഒരിക്കല്‍ വിശപ്പിന്റെ കാഠിന്യത്തെ കുറിച്ചൊരു കഥയെഴുതി. മുഴുപ്പട്ടിണിയുമായി ജീവിക്കുന്ന ഒരു കുടുംബത്തിലെ ഉപ്പ മരിച്ചപ്പോള്‍ മൂന്നാം ദിവസം ബന്ധുക്കളെയൊക്കെ ക്ഷണിച്ചു നാട്ടുനടപ്പനുസരിച്ചു ഭക്ഷണം കഴിപ്പിച്ചു. ജീവിതത്തില്‍ ആദ്യമായി വയറു നിറച്ചുണ്ണാന്‍ കിട്ടിയ മകന്‍ ഓടിച്ചെന്ന് ഉമ്മയോടു ചോദിക്കുന്നു. ഇനി ഉമ്മയെന്നാ മരിക്ക്യാ… ഇതായിരുന്നു കഥ. ഈ കഥ വായിച്ചിട്ട് മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി എനിക്ക് ഒരു കത്തെഴുതി:”എന്തിന് മഹാഭാരതം. ഇതാണ് കഥ.”
ഈ സ്‌നേഹവും കത്തുകളുമാണ് എന്റെ ജ്ഞാനപീഠവും എഴുത്തച്ഛന്‍ പുരസ്‌കാരവുമെല്ലാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.