2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

റിയാദിൽ നിന്നുള്ള കെ.എം.സി.സിയുടെ ആദ്യ ചാർട്ടേർഡ് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടു

അക്ബർ വേങ്ങാട്ട്

റിയാദ്: സഊദി തലസ്ഥാനമായ റിയാദിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ചാർട്ടേർഡ് വിമാനം കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നു. സപൈസ് ജെറ്റിന്റെ ബോയിംഗ് 737 വിമാനമാണ്‌ കുട്ടികളടക്കം 181 യാത്രക്കാരെയും വഹിച്ച് വെള്ളിയാഴ്ച വൈകീട്ട് 6.40 ന്‌ റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് തിരിച്ചത്. നാളെ പുലർച്ചെ ഒന്നേ മുക്കാലോടെ വിമാനം കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചേരും.

175 മുതിർന്നവരും 6 കുട്ടികളുമാണ്‌ റിയാദിൽ നിന്നുള്ള ആദ്യ ചാർട്ടേർഡ് വിമാനത്തിൽ യാത്ര പുറപ്പെട്ടത്. ഇതിൽ 82 പേർ ഗർഭിണികളൂം പതിനെട്ടോളം രോഗികളും ഉൾപ്പെടും. പ്രായം ചെന്നവരും വിസ തീർന്നവരും ആദ്യ വിമാനത്തിൽ ഇടം നേടിയിട്ടുണ്ട്. സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം പരിശോധനകൾ പൂർത്തിയാക്കിയാണ്‌ യാത്രക്കാരെ അകത്തേക്ക് കയറ്റിയത്. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ്‌ ചാർട്ടേർഡ് വിമാന സർവ്വീസ് ഒരുക്കിയത്. യാത്രക്കാരെല്ലാം ഉച്ചക്ക് ഒരു മണിയോടെ തന്നെ വിമാനത്താവളത്തിലെത്തി ചേർന്നു. വൈകീട്ട് അഞ്ച് മണിയോടെ മുഴുവൻ യാത്രക്കാരും എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി വിമാനത്താവാളത്തിനകത്ത് കയറി. യാത്രക്കാർക്ക് വേണ്ട സഹായങ്ങൾക്കായി റിയാദ് കെ.എം.സി.സി നേതാക്കളും വനിതാ കെ.എം.സി.സി പ്രവർത്തകരും അക്ബർ ട്രാവൽസ് ജീവനക്കാരും രംഗത്തുണ്ടായിരുന്നു. മുഴുവൻ യാത്രക്കാർക്കും കെ.എം.സി.സി പതിവ് പോലെ പി.പി.ഇ കിറ്റ് വിതരണം ചെയ്തു. ഓരോ ടിക്കറ്റിനും 25 കിലോ സിംഗിൾ ബാഗേജും 7 കിലോ ഹാൻഡ് ബാഗേജുമാണ്‌ അനുവദിച്ചിരുന്നു.

നേരത്തെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ നിന്നും കെ.എം.സി.സി നടത്തിയ മുൻഗണനാ ലിസ്റ്റ് പ്രകാരമാണ്‌ യാത്രക്കാരെ തെരഞ്ഞെടുത്തത്. അർഹതപ്പെട്ട നിരവധി പേർ ഇനിയും യാത്രാ സൗകര്യവും പ്രതീക്ഷിച്ച് ഇവിടെ കഴിയുന്നുണ്ട്. അതിനാൽ അവരെയും നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി റിയാദിൽ നിന്നും കൂടുതൽ വിമാനങ്ങൾ അനുവദിച്ചു കിട്ടാനുള്ള ശ്രമത്തിലാണ്‌ റിയാദ് കെ.എം.സി.സിയെന്ന് പ്രസിഡണ്ട് സി.പി.മുസ്തഫ ‘സുപ്രഭാത’ത്തോട് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ ആശങ്കയും തൊഴിൽ പരമായ പ്രതിസന്ധിയും തളർത്തിയവരെ നാട്ടിലെത്തിക്കുന്നതിന്‌ വന്ദേ ഭാരത് മിഷൻ പ്രഖ്യാപിച്ച വിമാനങ്ങൾ പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ്‌ ചാർട്ടേർഡ് വിമാനങ്ങൾക്ക് വേണ്ടി കെ.എം.സി.സി ശക്തമായ ശ്രമം തുടങ്ങിയത്. കൂടുതൽ വിമാനങ്ങൾ അനുവദിക്കുന്നതോടെ ആശങ്കയിൽ കഴിയുന്ന കൂടുതൽ പേരെ നാട്ടിലെത്തിക്കാനാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ട്, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സുബൈർ അരിമ്പ്ര, മുജീബ് ഉപ്പട, കബീർ വൈലത്തൂർ, നൗഷാദ് ചാക്കീരി, ഷാജി പരീത്, പി.സി മജീദ് മലപ്പുറം, സഫീർ തിരൂർ, ഹുസൈൻ കൊപ്പം, മുഹമ്മദ് കണ്ടകൈ, ജാബിർ വാഴമ്പ്രം, അബ്ദുൽ മജീദ് പരപ്പനങ്ങാടി, മുനീർ മക്കാനി, വനിതാ വിംഗ് ഭാരവാഹികളായ ജസീല മൂസ, ഫസ്ന ഷാഹിദ്, ഷഹർബാൻ മുനീർ, ഹസ്ബിന നാസർ, ഖമറുന്നീസ മുഹമ്മദ്, നുസൈബ മാമു എന്നിവരും അക്ബർ ട്രാവൽസ് റീജ്യണൽ മാനേജർ യൂനുസ് പടുങ്ങലും വിമാനത്താവളത്തിൽ യാത്രക്കാർക്ക് സഹായവുമായി രംഗത്തുണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.