2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ്; പരാതിക്കാരനെ പഴിചാരി പൊലിസ്, ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയും ആരോപണം

 

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയെന്ന വാദവുമായി പൊലിസ്. അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വിശദീകരണം.

മൊഴി വൈകിയതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും വൈകിയെന്നും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രക്തം എടുക്കാന്‍ ആദ്യം തയാറായില്ലെന്നും പൊലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് പരാതിക്കാരന്‍ തര്‍ക്കിച്ചതു മൂലമാണെന്ന വിചിത്ര വാദമാണ് പൊലിസ് ഉന്നയിച്ചിരിക്കുന്നത്.

കേസില്‍ കോടതി നിരീക്ഷണം ആവശ്യപ്പെട്ടു കൊണ്ട് സിറാജ് മാനേജ്‌മെന്റ് കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി പരിഗണിച്ച തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പൊലിസിനോട് വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് പൊലിസിന്റെ വിചിത്രവാദം.

രക്തപരിശോധന നടത്തണമെന്ന് ഇപ്പോള്‍ സസ്പെന്‍ഷനില്‍ കഴിയുന്ന എസ്.ഐ ജയരാജ് ആവശ്യപ്പെട്ടെന്നും എന്നാല്‍ കൃത്യമായ പ്രത്യേക അപേക്ഷ നല്‍കണമെന്ന് ഡോക്ടര്‍ മറുപടി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഈ സമയം പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ പൊലീസിന് സാധിച്ചില്ലെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് പരാതിക്കാരന്‍ വിസമ്മതിച്ചതു മൂലമാണെന്നാണ് മറ്റൊരു വിശദീകരണം. പരാതിക്കാരന്റെ ആദ്യത്തെ ആവശ്യം വഫ ഫിറോസിന്റെ മെഡിക്കല്‍ പരിശോധന നടത്തണമെന്നായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് പരാതിക്കാരന്‍ തര്‍ക്കിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് ഏഴ് മണിക്കൂര്‍ വൈകിയാണ് പരാതിക്കാരന്‍ പരാതി നല്‍കിയത്.

 

 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News