2018 May 12 Saturday

ഗെയില്‍ നനഞ്ഞ പടക്കമായി; പഞ്ചാബിനെതിരേ 31 റണ്‍സിന്റെ വിജയവുമായി കൊല്‍ക്കത്ത

ഇന്‍ഡോര്‍: ഹോല്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ കൊല്‍ക്കത്ത പെയ്യിച്ച റണ്‍മഴയില്‍ ആവേശമായ കാണികള്‍ക്ക് മുമ്പില്‍ നനഞ്ഞ പടക്കമായി മാറി ഗെയില്‍. കാണികള്‍ക്ക് മറ്റൊരു റണ്‍മഴ പെയ്യിക്കുമെന്ന ആവേശത്തിന് തിരശ്ശീല വീഴ്ത്തിയാണ് ഗെയില്‍ ഔട്ടാകുന്നത്. മത്സരത്തില്‍ പഞ്ചാബിനെതിരേ 31 റണ്‍സിന്റെ വിജയമാണ് കൊല്‍ക്കത്ത നേടിയത്.

സ്‌കോര്‍: കൊല്‍ക്കത്ത – 245/6 20 ovr.
പഞ്ചാബ് – 214/8 20 ovr.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നരേയ്‌ന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും നായകന്‍ ദിനേഷ് കാര്‍ത്തിക്കിന്റെയും അര്‍ധസെഞ്ച്വറികളുടെ കരുത്തിലാണ് സീസണിലെ കൂറ്റന്‍ സ്‌കോര്‍ നേടിയത്. നരേയ്ന്‍ 36 പന്തില്‍ നിന്ന് 75 റണ്‍സ് നേടി. ദിനേശ് കാര്‍ത്തിക് 23 പന്തില്‍ നിന്ന് 50 റണ്‍സും നേടി. ലിന്‍ (27), ഉത്തപ്പ (24), റസല്‍ (31) എന്നിവര്‍ മികച്ച പിന്തുണ നല്‍കി.

കൂറ്റന്‍ സ്‌കോര്‍ വിജയലക്ഷ്യമായി ഇറങ്ങിയ പഞ്ചാബ് പതറാതെയാണ് മുന്നോട്ടു പോയത്. ഗെയില്‍ (21) മത്സരത്തില്‍ നനഞ്ഞ പടക്കമായപ്പോള്‍ കത്തിക്കയറിയത് രാഹുല്‍ ആണ്. 29 പന്തില്‍ നിന്ന് 66 റണ്‍സാണ് താരം നേടിയത്. ആദ്യ വിക്കറ്റില്‍ മികച്ച തുടക്കം നല്‍കിയ ഇരുവരും പുറത്തായതോടെ പഞ്ചാബിന്റെ റണ്‍ നിരക്ക് താഴ്ന്നു.

എന്നാല്‍, അവസാന ഓവറുകളില്‍ ആരോണ്‍ ഫിഞ്ചും (34(20), നായകന്‍ അശ്വിനും (45(22) ആഞ്ഞടിച്ചതോടെ തോല്‍വി ഭാരം കുറയ്ക്കാന്‍ പഞ്ചാബിനായി. എട്ടുവിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബിന് 214 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.

മത്സരത്തില്‍ 66 റണ്‍സ് നേടിയ രാഹുല്‍ 537 റണ്‍സ് നേടി സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തി. കൊല്‍ക്കത്തയുടെ നാലു വിക്കറ്റ് വീഴ്ത്തിയ ആന്‍ഡ്രൂ ടൈ 20 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാണ്. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 75 റണ്‍സെടുത്ത നരേയ്‌നാണ് മത്സരത്തിലെ കേമന്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.