2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കീഴാറ്റൂരിലെ വയല്‍പാലവും സഊദിയിലെ വ്യോമ പാതയും

കേരള പൊലിസിന്റെ പോക്ക് എങ്ങോട്ടാണെന്ന് പൊലീസ് മന്ത്രിക്കു തിട്ടമില്ല. ഡോക്ടര്‍ മുനവ്വര്‍ മതപ്രസംഗം നടത്തിയതിന് സ്ത്രീനിന്ദാ കേസ്, ഈരാറ്റുപേട്ടയില്‍ സബ്ഇന്‍സ്‌പെക്ടര്‍ക്ക് അസഭ്യവര്‍ഷം. കോട്ടക്കലില്‍ ഗവര്‍ണര്‍ക്ക് പാതയൊരുക്കാന്‍ യാത്രികന്റെ മൂക്കിടിച്ച് നിരപ്പാക്കല്‍, ആലപ്പുഴയില്‍ വാഹനപരിശോധനയുടെ പേരില്‍ കൊലവിളി. ഇതെന്തൊരു കാലമാണ്.

പിണങ്ങോട് അബൂബക്കര്‍ 9847700450

 

കേരളത്തില്‍ ഇനി അവശേഷിക്കുന്നത് 185 ലക്ഷം ഹെക്ടര്‍ പാടവും തണ്ണീര്‍തടങ്ങളുമാണെന്നിരിക്കെ അത് സംരക്ഷിക്കണമെന്ന് ആരു പറഞ്ഞാലും വികസന വിരോധത്തില്‍പെടുത്തേണ്ടതില്ലല്ലോ. യന്ത്രവല്‍ക്കരണത്തിന്നെതിരില്‍ പോലും ചങ്ക് പൊട്ടി മുദ്രാവാക്യം വിളിച്ചു വളര്‍ന്ന ഇടതു പാര്‍ട്ടികള്‍ ഇപ്പോള്‍ രണ്ട് സ്വരത്തില്‍ സംസാരിക്കുന്നതും രണ്ടു പക്ഷത്ത് അണിചേര്‍ന്നതും വൈരുധ്യം മാത്രമല്ല, മഹാവൈരുധ്യമാണ്.
‘നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ’എന്നു പാടിയവരും പാടിച്ചവരും ‘എരണ്ടകളെ, കഴുകന്മാരെ’ എന്നു മാറ്റിപ്പാടാന്‍ മാത്രം പ്രശ്‌നമെവിടെയാണ്. സൂചി കൊണ്ട് എടുക്കാവുന്ന കരട് തൂമ്പ കൊണ്ടേ എടുക്കൂ എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത് വാശിയാണോ അഹന്തയാണോ അതോ അധികാര ധാര്‍ഷ്ട്യമോ, ഇതെല്ലാം കൂടിയോ?
80 ലക്ഷം ടണ്‍ മണ്ണും 70 കോടി രൂപയും ഉണ്ടെങ്കിലേ 12 ഏക്കര്‍ കീഴാറ്റൂരിലെ നെല്‍പാടം നികത്തി ഹൈവേ നിര്‍മിക്കാന്‍ കഴിയൂ എന്നാണത്രെ കണക്ക്. ഇതിന് എത്ര കുന്നുകള്‍ ഇടിച്ചു നിരത്തേണ്ടിവരും. കൊച്ചു രാഷ്ട്രമായ സിങ്കപ്പൂര്‍ സ്വീകരിച്ച വികസന മാതൃകകള്‍ എന്തുകൊണ്ട് സ്വീകരിച്ചുകൂടാ.
പരമാവധി പരിസ്ഥിതി സംരക്ഷിച്ചും ഭൂമിയിലേക്ക് പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ താഴോട്ട് ഇറങ്ങാന്‍ പാകത്തിലുമാണ് കെട്ടിടങ്ങളും റോഡും അവിടെ നിര്‍മിച്ചു കാണുന്നത്. ജീവജലം നിഷേധിച്ചു ബൈപാസുണ്ടായാല്‍ തീരുന്നതാണോ പ്രശ്‌നങ്ങള്‍.
കീഴാറ്റൂര്‍ വയലിലൂടെ ഒരു ഫ്‌ളൈഓവര്‍ ഉണ്ടാകുന്നതിലാര്‍ക്കാണ് ചേതം. ശരിയായ പഠനം നടത്തി നാഷനല്‍ ഹൈവേ അതോറിറ്റിക്ക് സമര്‍പ്പിക്കാനെന്തായിരുന്നു തടസം. ആരെയോ സുഖിപ്പിക്കാനോ ആരുടെയോ താല്‍പര്യങ്ങള്‍ രക്ഷിക്കാനോ സര്‍ക്കാര്‍ ബോധപൂര്‍വം കരുക്കള്‍ നീക്കി എന്നാരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല.
കാലം മാറിയ കാലത്ത് കാലക്കാര്‍ക്കൊപ്പം വിചാരിക്കാന്‍ മനസ് കാണിക്കുന്നില്ലെങ്കില്‍ കീഴാറ്റൂര്‍ പലരുടെയും കാലനായി തീരാനാണ് സാധ്യത. കമ്മ്യൂണിസം പ്രളയം വരെ നിലനില്‍ക്കുമെന്നാരും കരുതുന്നില്ല. എത്രയും പെട്ടെന്ന് ആറടി മണ്ണിലടക്കിയേ തങ്ങള്‍ അന്ത്യവിശ്രമം കൊള്ളൂ എന്ന നിലപാട് പാര്‍ട്ടി നേതാക്കള്‍ക്ക് യോജിച്ചതുമല്ല. ഇസ്രാഈല്‍ വിമാന കമ്പനിയായ അല്‍ഹുലും, എയര്‍ ഇന്ത്യയും സഊദി വ്യോമപാതയിലൂടെയാണിപ്പോള്‍ പറക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് അര മണിക്കൂര്‍ കൊണ്ട് തെല്‍ അവീവിലെത്താന്‍ ഈ പാത സഹായിക്കുന്നു. താമസിയാതെ മുംബൈയില്‍നിന്ന് പറക്കലാരംഭിക്കുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവിച്ചിട്ടുമുണ്ട്.
ഫലസ്തീനികളോട് കാണിച്ച കൊലച്ചതിയും കൊടുംക്രൂരതയും കാരണം അറബ് മുസ്‌ലിം രാഷ്ട്രങ്ങള്‍ ഇസ്രാഈലുമായി നയതന്ത്രബന്ധം സ്ഥാപിച്ചിട്ടില്ല. ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രണ്ട് അയല്‍നാടുകള്‍ക്കാണിപ്പോള്‍ നയതന്ത്രബന്ധം ഉള്ളത്.
ഇസ്രാഈല്‍ ഒരു ഭീകര രാഷ്ട്രമായി ലോകം പൊതുവെ വിലയിരുത്തുന്നു. ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍ ഇസ്രാഈല്‍ മുഖവിലക്കെടുക്കാറില്ല. അമേരിക്കന്‍ തണലിലും സാങ്കേതിക മികവിലും ഇസ്രാഈല്‍ ലോക നൈതികത വെല്ലുവിളിച്ചാണ് നിലനില്‍ക്കുന്നത്.
സഊദി അറേബ്യ കുറച്ചു കാലമായി വിനാശകാലേ വിപരീത ബുദ്ധിയായി പല പുത്തന്‍ നിലപാടുകളും സ്വീകരിച്ചു കാണുന്നു. അയല്‍പക്കമായ യെമനുമായി യുദ്ധത്തിലേര്‍പ്പെടാതെ പ്രശ്‌ന പരിഹാരമാവാമായിരുന്നു. ഇപ്പോള്‍ ഹൂത്തികള്‍ അടിക്കടി റിയാദിലേക്ക് മിസൈലയക്കുന്നു. യെമനികള്‍ നരകതുല്യമായ കഷ്ടപ്പാടിലുമാണ്. മറ്റൊരു അയല്‍ക്കാരനായ ഖത്തറുമായി കൊമ്പുകോര്‍ത്താണ് പോകുന്നത്.
ആപത്തുകാലത്ത് ആശ്രയിക്കാവുന്ന അയല്‍ക്കാരെ ശത്രുക്കളാക്കി കുടുംബ കലഹവും ഉണ്ടാക്കി ലോക മീഡിയകളില്‍ ശ്രദ്ധിക്കപ്പെടുന്ന പ്രസ്താവനകളുമായി കിരീടാവകാശി മുഹമ്മദ് സഊദി അറേബ്യയും യുദ്ധഭൂമിയാകാതിരിക്കട്ടെ. മക്ക-മദീന ലോക മുസ്‌ലിംകളുടെ പൊതു അധികാരമാണ്. അവിടെ അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ കാരണം ഉണ്ടാക്കാതിരുന്നാല്‍ എല്ലാവര്‍ക്കും നന്ന്. ഇസ്രാഈല്‍-ഫലസ്തീന്‍ പ്രശ്‌ന പരിഹാരം സാധിക്കേണ്ടതാണ്. ദ്വിരാഷ്ട്ര ഫോര്‍മുലയെങ്കിലും മാനിക്കപ്പെടണം. ഖത്തറിന്റെ താവളത്തില്‍ നിന്നായിരുന്നു ബാഗ്ദാദിലും സബറയിലും വാരിയിടാനുള്ള ബോംബുമായി അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ഒരു നാട് മുച്ചൂടും തകര്‍ത്ത നാളുകളില്‍ രാജാക്കന്മാര്‍ കഹ്‌വയും ഹുക്കയുമായി സുഖം കൊള്ളുകയായിരുന്നു. ഇപ്പോള്‍ യു.എസ് സൈനിക താവളം സഊദിയിലേക്ക് മാറ്റുമെന്നും ഇല്ലെന്നും വാര്‍ത്ത വന്നു കഴിഞ്ഞു. അന്ന് ഇറാഖിലേക്ക് പറന്ന വിമാനങ്ങള്‍ ഖത്തറിലേക്ക് തിരിച്ചു പറത്തുന്നതില്‍ അമേരിക്കക്ക് പ്രത്യേക ന്യായീകരണമാവശ്യമില്ല. ചരിത്രം ആവര്‍ത്തിക്കുമോ എന്നാണ് ഭയം. ഇസ്രാഈലിനെ കൊണ്ട് ഒരു നേര് പറയിപ്പിക്കാന്‍ സഊദിക്കായാല്‍ രാജകുമാരന്റെ ആത്മാര്‍ഥതയും നയതന്ത്ര മികവും അംഗീകരിക്കാന്‍ മുസ്‌ലിം ലോകം മടിക്കാനിടയില്ല.
കേരള പൊലിസിന്റെ പോക്ക് എങ്ങോട്ടാണെന്ന് പൊലീസ് മന്ത്രിക്കു തിട്ടമില്ല. ഡോക്ടര്‍ മുനവ്വര്‍ മതപ്രസംഗം നടത്തിയതിന് സ്ത്രീനിന്ദാ കേസ്, ഈരാറ്റുപേട്ടയില്‍ സബ്ഇന്‍സ്‌പെക്ടര്‍ക്ക് അസഭ്യവര്‍ഷം. കോട്ടക്കലില്‍ ഗവര്‍ണര്‍ക്ക് പാതയൊരുക്കാന്‍ യാത്രികന്റെ മൂക്കിടിച്ച് നിരപ്പാക്കല്‍, ആലപ്പുഴയില്‍ വാഹനപരിശോധനയുടെ പേരില്‍ കൊലവിളി. ഇതെന്തൊരു കാലമാണ്.
456 പൊലീസ് സ്റ്റേഷനാണ് കേരളത്തിലുള്ളത്. വര്‍ഷം ശരാശരി 14-15 ലക്ഷം പരാതികള്‍ ലഭിക്കുന്നു. എന്നുവച്ചാല്‍ ശരാശരി ദിവസം നാലായിരത്തിലധികം പരാതികള്‍. പൊലീസിന് നിന്ന് തിരിയാന്‍ ഇടമില്ല. ആര്‍.എസ്.എസ് സെല്ലു നോക്കണം, രാജാക്കന്മാരുടെയും രാജകുമാരന്മാരുടെയും അകമ്പടി, ഗൃഹ കാവല്‍, സേവനം, ഇതിനു പുറമെ ഓരോ പഞ്ചായത്തിലും അര ഡസനെങ്കിലും സമരം, ഒന്നിടവിട്ട ദിവസം വരുന്ന ഹര്‍ത്താല്‍, സ്‌ഫോടനം, കൊലപാതകം, പൊളിറ്റിക്കല്‍ സമ്മര്‍ദം, ജാതി, ഉപജാതി, വര്‍ഗീയ ചേരിതിരിവുകള്‍. വിയര്‍ത്തു പണിയെടുത്താലും പള്ള് മാത്രം പ്രതിഫലം.
നിയന്ത്രിക്കാന്‍ വശമില്ലാത്ത ഡി.ജി.പി. കലഹം കൂടുന്ന ഉന്നത ഉദ്യോഗസ്ഥര്‍. അപ്പോള്‍ പിന്നെ പൊലീസ് എന്തു ചെയ്യും. കണ്ണില്‍ കണ്ടവരോട് തട്ടിക്കയറലും.
ചങ്കുറപ്പാനാണെന്ന് അറിയിക്കാന്‍ കഞ്ഞിമുക്കിയ ഖദര്‍ കുപ്പായം പോലെ വടിയാക്കി നില്‍ക്കുന്ന ശരീര ഭാഷ മാത്രം കൈമുതലായ പൊലീസ് മന്ത്രിയില്‍ നിന്നും പണ്ടെങ്ങോ പൊലീസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. വാസ്തവത്തില്‍ കേരള പൊലീസിപ്പോള്‍ അനാഥാവസ്ഥയിലാണ്. അതാണ് അടിക്കടി പേരുദോഷം ഉണ്ടാവാന്‍ കാരണവും.
അഞ്ച് നാള്‍ ആപ്പീസിലുണ്ടാവണമെന്ന് മന്ത്രിമാരോട് പറഞ്ഞിട്ടെന്തായി. മാസാ മാസം ചുരുക്കം അഞ്ചുലക്ഷം രൂപയെങ്കിലും അടിച്ചെടുക്കുന്നവര്‍ കേട്ട ഭാവം കാണിച്ചില്ല. കാരണമെന്താണ് പിണറായിക്ക് പറ്റിയ പണിയല്ല ഭരണം എന്നതുതന്നെ.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ ബി.ജെ.പി പഴയ പണി ആവര്‍ത്തിച്ചു. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് നേരിടുന്ന പ്രവണത അവസാനിക്കാനിടയില്ല. കേരളത്തിലൊരു എല്‍.ഡി.എഫ് വോട്ട് അസാധുവായത് അറിവുകേട് കൊണ്ടാവാനിടയില്ല. വീരനോടുള്ള സോഷ്യലിസ്റ്റ് വിരോധം ഉണ്ടാവാനാണ് സാധ്യത. വയസുകാലത്തും കളം മാറിക്കളി തുടരുകയാണല്ലോ വീരന്‍. കര്‍ണാടകയില്‍ സിദ്ധാരാമയ്യയും കളിയില്‍ പിറകിലല്ല. അഹമദ് പട്ടേലിനെ രാജ്യസഭയില്‍ എത്തിച്ചത് ഗുജറാത്തില്‍ നിന്നാണെങ്കിലും പണി എടുത്തതും പണം മുടക്കിയതും സിദ്ധാരാമയ്യ ആണെന്നാര്‍ക്കാണറിയാത്തത്. രാഷ്ട്രീയം അതിന്റെ സഹജ അധാര്‍മികതകള്‍ ചിറകിലൊളിപ്പിച്ചാണിപ്പോഴും വിപണനം നടത്തുന്നതെന്ന് ചുരുക്കം.
ഇന്ത്യയില്‍ നിന്ന് ശതകോടീശ്വരന്മാര്‍ കൂട്ടത്തോടെ സിങ്കപ്പൂര്‍, ദുബൈ, കാനഡയിലേക്ക് കൂടുമാറുന്നതായി പഠനം ഫലം. ഇന്ത്യ കൊള്ളയടിച്ചുണ്ടാക്കിയ പണവുമായി മറ്റൊരിടം തേടുന്നത് സ്വാഭാവികം. പക്ഷെ ഇന്ത്യ ഒരു നിക്ഷേപ സൗഹൃദ രാഷ്ട്രമല്ലെന്ന് വാര്‍ത്ത പരക്കുന്നത് നല്ലതല്ല. നരേന്ദ്രമോദി ഇക്കാലമത്രയും പറഞ്ഞതൊക്കെ കളവായിരുന്നു എന്നാണിതുകൊണ്ട് വ്യക്തമാവുന്നത്.
2002 ഫെബ്രുവരിയില്‍ ലോകത്തെ നടുക്കിയ ഗുജറാത്ത് വംശഹത്യ വരും തലമുറക്ക് പാഠമായി പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സില്‍ പഠിപ്പിച്ചിരുന്നത് വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ച വാര്‍ത്ത ഇന്ത്യയുടെ പോക്ക് കൂടുതല്‍ വ്യക്തത വരുത്തുന്നുണ്ട്.
മതരഹിത കുട്ടികള്‍ പെരുകുന്നതിലെ അളവറ്റ സന്തോഷം വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് നിയമസഭയില്‍ പറഞ്ഞപ്പോള്‍ കേരളം മാറ്റത്തിന്റെ വഴിയിലോ എന്നായിരുന്നു പലരും ചിന്തിച്ചത്. പത്തു വര്‍ഷം മുമ്പ് എം.എ ബേബിക്കാണ് അപേക്ഷാ ഫോറത്തില്‍ ഒരു മൂന്നാം കോളം ഏര്‍പ്പെടുത്തിയത് (നോട്ട).
മതവും ജാതിയും യാഥാര്‍ഥ്യമാണെന്നിരിക്കെ ഇന്ത്യന്‍ നിയമത്തിന്റെ പല ആനുകൂല്യങ്ങളും ഈ മത-ജാതികള്‍ക്ക് വ്യവസ്ഥ ചെയ്തിരിക്കെ നിരപരാധികളായ കുട്ടികളുടെ വിദ്യാഭ്യാസ-തൊഴില്‍ അവകാശം തടയുന്ന ഒരു തരം ക്രൂരതയാണ് മതരഹിത ബഡായി പറച്ചില്‍ എന്നറിയാത്തവര്‍ കുറയും.
തങ്ങളുടെ സ്ഥാപനത്തിന്റെ പേരില്‍ പുറത്തുവന്ന കണക്കുകള്‍ കള്ളക്കണക്കാണെന്ന് സ്ഥാപന അധികാരികള്‍ തെളിവ് സഹിതം നിരത്തിയപ്പോള്‍ മതരഹിത 1.24 ലക്ഷം കുട്ടികളുടെ മന്ത്രിക്കണക്ക് പൊള്ളയാണെന്ന് ഉറപ്പായി. സഭയില്‍ വ്യക്തത വരുത്തി പറയാനെങ്കിലും മന്ത്രിമാര്‍ മാന്യത കാണിക്കണമായിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.