2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കൈറ്റ് റണ്ണര്‍

കോഴിക്കോട് സ്വകാര്യ എഫ്.എമ്മില്‍ റേഡിയോ ജോക്കിയായി ജോലി നോക്കിയിരുന്ന സമയത്താണ് കാപ്പാട് കൈറ്റ് ഫെസ്റ്റ് നടക്കുന്ന വിവരം മിനി അറിഞ്ഞത്. പട്ടങ്ങള്‍ ഒരു അത്ഭുതമായി മിനിക്ക് തോന്നിയത് അന്നാദ്യമായിട്ടാണ്

 

അമയ ഉണ്ണികൃഷ്ണന്‍

കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ നേര്‍ത്ത നൂലിന്റെ അറ്റംപിടിച്ച് എത്ര വേഗത്തില്‍ വീശിയാലും കുരുക്ക് വീഴാതെ വാനോളം പറക്കുന്ന പട്ടങ്ങള്‍ക്കു പിറകെയോടുന്നത് മലയാളികള്‍ക്കു കുട്ടിക്കാലത്തിന്റെ നൊസ്റ്റാള്‍ജിയ മാത്രമാണ്. പട്ടം ഉണ്ടാക്കലും കാറ്റിന്റെ ദിശയ്ക്കനുസരിച്ചു പട്ടം പറത്തലുമൊക്കെ അന്നു കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു വിനോദമായിരുന്നു. എട്ടു വര്‍ഷം മുന്‍പ് കോഴിക്കോട് ജില്ലയിലെ കാപ്പാട്ട് സംഘടിപ്പിച്ച അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവല്‍ കാണാനെത്തുന്നതുവരെ വടകര മേപ്പയില്‍ സ്വദേശിനി മിനി പി.എസ് നായര്‍ക്കും ഈ നൊസ്റ്റാള്‍ജിയ മാത്രമേ പട്ടത്തിനെക്കുറിച്ച് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്നു സ്വന്തമായി കൈറ്റ് ക്ലബുള്ള സംസ്ഥാനത്തെ ഏക വനിത പ്രൊഫഷനല്‍ പട്ടം പറത്തലുകാരിയായി മാറിയിരിക്കുകയാണ് 50 വയസുകാരിയായ മിനി. അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവല്‍ വേദികളില്‍ ദക്ഷിണേന്ത്യയില്‍നിന്നുള്ള അപൂര്‍വം പ്രൊഫഷനല്‍ വനിതാ പട്ടംപറത്തലുകാരില്‍ ഒരാള്‍.

കോഴിക്കോട് സ്വകാര്യ എഫ്.എമ്മില്‍ റേഡിയോ ജോക്കിയായി ജോലി നോക്കിയിരുന്ന സമയത്താണ് കാപ്പാട് കൈറ്റ് ഫെസ്റ്റ് നടക്കുന്ന വിവരം മിനി അറിഞ്ഞത്. പട്ടങ്ങള്‍ ഒരു അത്ഭുതമായി മിനിക്ക് തോന്നിയത് അന്നാദ്യമായിട്ടാണ്. കണ്ടു ശീലിച്ച ആകൃതിയായിരുന്നില്ല അന്നു കണ്ട പട്ടങ്ങള്‍ക്ക്. മത്സ്യം, പക്ഷി, ഗോളം തുടങ്ങി ഒട്ടനവധി രൂപങ്ങളിലുള്ള പട്ടങ്ങള്‍ പല വലിപ്പത്തില്‍ ആകാശം മുട്ടെ ഒഴുകി നടക്കുന്നത് മിനി ഇമ വെട്ടാതെ നോക്കിനിന്നു. അന്നു കണ്ട കാഴ്ച മിനിയുടെ മനസില്‍ വല്ലാത്ത ഒരു ആവേശമാണ് ഉണ്ടാക്കിയത്.
അപ്രതീക്ഷിതമായാണ് ഫെസ്റ്റിന്റെ ഭാഗമായി ‘വണ്‍ ഇന്ത്യ കൈറ്റ് ‘ സംഘാംഗങ്ങളുമായി എഫ്.എമ്മില്‍ അഭിമുഖം നടത്തുന്നത്. ആ പരിചയത്തിലൂടെ അവര്‍ക്കൊപ്പം ചേര്‍ന്നു പട്ടം പറത്തിത്തുടങ്ങി. കുട്ടിക്കാലത്ത് നൂലിന്റെ ഒരറ്റം പിടിച്ചു വെറുതെ കാറ്റില്‍ പറത്തിയ പോലെ അത്ര എളുപ്പമായിരുന്നില്ല അത്. പട്ടം പറത്തലിന് ഒരു സയന്‍സ് ഉണ്ടെന്ന് അന്നാണ് മിനി മനസിലാക്കിയത്.
വണ്‍ ഇന്ത്യയില്‍ അപ്പോള്‍ സ്ത്രീകള്‍ ഉണ്ടായിരുന്നില്ല. മിനിയുടെ വരവോടെ പിന്നീട് ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’ എന്ന പേരില്‍ സ്ത്രീകള്‍ക്കായി ഒരു വിങ് തുടങ്ങി. ഈ സംഘത്തിനൊപ്പം ചേര്‍ന്ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലില്‍ പങ്കെടുത്തു. അവിടെ വച്ച് കൈറ്റ് എക്‌സലന്‍സ് അവാര്‍ഡും കരസ്ഥമാക്കി. എഫ്.എമ്മിലെ ജോലിയില്‍നിന്നു മാറിയപ്പോള്‍ സ്ത്രീകള്‍ക്കായി ‘ക്രീഡ’ ഫിറ്റ്‌നെസ് സെന്റര്‍ ആരംഭിച്ചു. സ്വന്തമായി പട്ടം ഉണ്ടാക്കിയാലേ ഈ മേഖലയില്‍ സ്വതന്ത്രയാകാന്‍ സാധിക്കൂ എന്നു മനസിലാക്കിയതിനെ തുടര്‍ന്ന് എറണാകുളത്തെ കൈറ്റ് ലൈഫ് ഫൗണ്ടേഷനില്‍നിന്നു പട്ടം നിര്‍മാണത്തില്‍ പരിശീലനം നേടി. ക്രീഡയുടെ പേരില്‍ കൈറ്റ് ക്ലബ് തുടങ്ങി. സ്വന്തമായി ഉണ്ടാക്കിയും വാങ്ങിച്ചും ക്രീഡയ്ക്ക് ഇപ്പോള്‍ 20ഓളം പട്ടങ്ങളുണ്ട്. ഗോവയില്‍ വച്ച് നടന്ന കൈറ്റ് ഫെസ്റ്റിവലിലാണു സ്വന്തമായുണ്ടാക്കിയ പട്ടം പറത്തുന്നത്. നാല് ലൈനുള്ള പട്ടം പറത്തലാണ് മിനിയുടെ അടുത്ത ലക്ഷ്യം.
പട്ടം പറത്തല്‍ കാണുന്നതു പോലെ അത്ര നിസാര കളിയല്ല. കാറ്റിന്റെ ഗതിക്കനുസരിച്ചു പട്ടത്തെ നൂലുകളാല്‍ നിയന്ത്രിക്കാന്‍ കഴിയണമെങ്കില്‍ നല്ല ഊര്‍ജവും കായികശേഷിയും വേണം. രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെയാണു പറത്തല്‍ സമയം. ഈ സമയത്ത് വെയില്‍ കൊണ്ടു നടക്കുക ബുദ്ധിമുട്ടാണ്. ഈ കാരണങ്ങളാണു സ്ത്രീകളെ പട്ടംപറത്തലില്‍നിന്നു പിറകോട്ടടിപ്പിക്കുന്നതെന്നാണ് മിനി പറയുന്നത്.
പട്ടം നിര്‍മാണത്തില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി വര്‍ക്ക്‌ഷോപ്പുകള്‍ നടത്താറുണ്ട് അവര്‍. ഫിറ്റ്‌നെസ് സെന്ററിനു പുറമെ മകന്‍ അനന്തപത്മനാഭനോടൊപ്പം ജൈവകൃഷി, സൗജന്യ പുസ്തക വിതരണം എന്നിവയുമായി സന്തോഷത്തിന്റെ നൂലില്‍ വാനോളം ഉയര്‍ന്നു പറക്കുകയാണ് മിനി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.