2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

പുതിയ കിസ്‌വയുടെ നിര്‍മാണം പൂര്‍ത്തിയായി

നിസാര്‍ കലയത്ത്

ജിദ്ദ: വിശുദ്ധ കഅ്ബാലയത്തെ അണിയിക്കുന്നതിനുള്ള പുതിയ കിസ്‌വയുടെ നിര്‍മാണം പൂര്‍ത്തിയായി. ഉമ്മുജൂദ് ഡിസ്ട്രിക്ടിലെ കിസ്‌വ നിര്‍മാണ ഫാക്ടറിയിലാണ് പുതിയ കിസ്‌വയുടെ നിര്‍മാണം നടന്നത്. ആകെ അഞ്ചു കഷ്ണങ്ങള്‍ അടങ്ങിയതാണ് കിസ്‌വ.

കഅബാലയ്തതിന്റെ നാലു ഭാഗത്തേക്കുമുള്ള ഓരോ കഷ്ണങ്ങളും, സ്വര്‍ണത്തില്‍ നിര്‍മിച്ച വാതിലിന് അലങ്കാരമായി മുകളില്‍ തൂക്കുന്ന വിരിയും അടങ്ങുന്നതാണ് കിസ്‌വ. ഇവ കഅ്ബാലയത്തില്‍ സ്ഥാപിച്ച ശേഷം പരസ്പരം തുന്നിച്ചേര്‍ക്കുകയാണ് ചെയ്യുക.

കഅ്ബാലയത്തിന്റെയും മഖാമു ഇബ്രാഹിമിന്റെയും താക്കോലുകള്‍ സൂക്ഷിക്കുന്നതിനുള്ള സഞ്ചികളും നിര്‍മിച്ചു കഴിഞ്ഞിട്ടുണ്ട്. ഇസ്‌ലാമിക കാലിഗ്രാഫിയും വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളും സ്വര്‍ണ, വെള്ളിനൂലുകള്‍ഉപയോഗിച്ച് എംബ്രോയ്ഡറി ചെയ്ത വിരി അലങ്കരിച്ചതായി കിസ്‌വ ഫാക്ടറി മേധാവി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ മന്‍സൂര്‍ അറിയിച്ചു.

 

ഈ കിസ്‌വ മക്കയിലാണ് നിര്‍മിച്ചതെന്നും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവാണ് കിസ്‌വ കഅ്ബാലയത്തിന് സംഭാവന ചെയ്തതെന്നും വ്യക്തമാക്കുന്ന വാചകങ്ങളും വിരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകൃതിദത്തമായ പട്ടില്‍ നിര്‍മിച്ച വിരിയുടെ ഉയരം 6.35 മീറ്ററും വീതി 3.33 മീറ്ററുമാണ്.

എല്ലാ വര്‍ഷവും ദുല്‍ഹജ്ജ് ഒന്നിന് ആകര്‍ഷകവും പ്രൗഢവുമായ പരിപാടി ആയാണ് കിസ്‌വ കൈമാറ്റം നടക്കുക. പരിശുദ്ധ ഹജ്ജിന്റെ പ്രധാന കര്‍മ്മമായ അറഫ സംഗമത്തിനായി തീര്‍ത്ഥാടക ലക്ഷങ്ങള്‍ അറഫാ താഴ്‌വാരത്ത് സമ്മേളിക്കുന്ന ദുല്‍ഹജ്ജ് ഒമ്പതിന്റെ പ്രഭാതത്തിലാണ് വിശുദ്ധ കഅ്ബാലയത്തിന് പുതിയ കിസ്‌വ അണിയിക്കുന്നത്. രാവിലെ ആരംഭിക്കുന്ന ചടങ്ങ് വൈകീട്ടാണ് പൂര്‍ത്തിയാവുക. പുതിയ കിസ്‌വ ധരിപ്പിക്കുമ്പോള്‍ നീക്കം ചെയ്യുന്ന പഴയ കിസ്‌വയുടെ കഷണങ്ങള്‍ സഊദി സന്ദര്‍ശിക്കുന്ന ഉന്നത വ്യക്തികള്‍ക്ക് സമ്മാനിക്കാറുണ്ട്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News