
റാഞ്ചി: മതവിദ്വേഷ കുറ്റത്തിന് അറസ്റ്റ് ചെയ്ത യുവതിയോട് ജാമ്യത്തിനുള്ള ഉപാധിയായി ഖുര്‍ആന്‍ വിതരണം ചെയ്യണമെന്ന വിധി തിരുത്തി കോടതി. ഒരു ദിവസത്തിന് ശേഷമാണ് നേരത്തേ വിധി പ്രസ്താവിച്ച ജഡ്ജ് മനീഷ് കുമാര്‍ സിങ് തന്നെ തന്റെ വിധി തിരുത്തിയത്. 7000 രൂപയുടെ ബോണ്ടും അതേ തുകയിലുള്ള രണ്ട് ആള് ജാമ്യക്കാരെയും ജാമ്യം ലഭിക്കുന്നതിനായി ഹാജരാക്കണമെന്നാണ് പുതിയ വിധി പ്രസ്താവം. ആദ്യം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള ഖുര്‍ആന്‍ വിതരണം നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അത് മാറ്റി നല്‍കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് അതില്‍ ഇളവ് വരുത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് വിധിപ്രസ്താവത്തിനാസ്പദമായ സംഭവം നടക്കുന്നത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി റിച്ച ഭാരതി മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പൊലിസ് അറസ്റ്റ് ചെയ്ത് കോടതി മുന്‍പാകെ ഹാജരാക്കിയപ്പോള്‍ ഖുര്‍ആനിന്റെ അഞ്ച് പകര്‍പ്പുകള്‍ നഗരത്തിലെ പ്രത്യേക സ്ഥാപനങ്ങള്‍ക്ക് സംഭാവന നല്‍കണമെന്ന വ്യവസ്ഥയില്‍ പ്രാദേശിക കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ഖുര്‍ആനിന്റെ ഒരു പകര്‍പ്പ് പൊലിസ് അധികാരികളുടെ സാന്നിധ്യത്തില്‍ പ്രാദേശിക അഞ്ജുമാന്‍ കമ്മിറ്റിക്കും നാല് പകര്‍പ്പുകള്‍ നഗരത്തിലെ വിവിധ ലൈബ്രറികള്‍ക്കും നല്‍കാനാണ് മജിസ്ട്രേറ്റ് മനീഷ് കുമാര്‍ നിര്‍ദേശിച്ചത്. രണ്ടാഴ്ചക്കുള്ളില്‍ സംഭാവന നല്‍കിയതിന്റെ രസീത് ഹാജരാക്കുവാനും ആവശ്യപ്പെട്ടിരുന്നു.