2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

Editorial

ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുനഃപരിശോധിക്കണം


വിദ്യാഭ്യാസമേഖലയുടെ സമഗ്രപുരോഗതിക്കു വേണ്ടി തയ്യാറാക്കിയ ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരേ അധ്യാപക-വിദ്യാര്‍ഥി-മാനേജ്‌മെന്റ് സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണു സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിനു ശുപാര്‍ശകള്‍ നിര്‍ദേശിക്കുവാന്‍ മുന്‍ എസ്.സി.ഇ.ആര്‍.ടി ഡയരക്ടര്‍ ഡോ. എം.എ ഖാദര്‍ ചെയര്‍മാനും ജി. ജ്യോതിചൂഡന്‍, ഡോ. സി. രാമകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിഷനെ നിയമിച്ചത്.
ഡി.പി.ഇ.പിയുടെ മറ്റൊരു രൂപമായ സര്‍വശിക്ഷാ അഭിയാന്‍, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ എന്നിവ ലയിപ്പിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണു ഖാദര്‍ കമ്മിഷന്റെ നിയമനം.
പൊതുവിദ്യാഭ്യാസ ഡയരക്ടറേറ്റ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ചു ഒറ്റ ഡയറക്ടറേറ്റ് നടപ്പിലാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയെന്നതായിരുന്നു ദൗത്യം.

ജനുവരി 24നു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഒന്നാം ഭാഗത്തിന്റെ ഉള്ളടക്കം സംബന്ധിച്ചാണിപ്പോള്‍ പ്രതിഷേധം. നിലവിലുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റുകള്‍ സംയോജിപ്പിച്ച് ഒറ്റ ഡയറക്ടറേറ്റിന്റെ കീഴില്‍ കൊണ്ടുവരിക, അധ്യാപകരെ പ്രൊഫഷണലുകളായി മാറ്റുവാന്‍ അവരുടെ വിദ്യാഭ്യാസ യോഗ്യത ഉയര്‍ത്തുക, ഒന്നു മുതല്‍ ഏഴുവരെ പഠിപ്പിക്കാന്‍ ബിരുദം അടിസ്ഥാന യോഗ്യതയാക്കുക കൂടാതെ ബിരുദ നിലവാരത്തിലുള്ള പ്രൊഫഷണല്‍ യോഗ്യതയും വേണം.
സെക്കന്‍ഡറി തലത്തില്‍ ബിരുദാനന്തര ബിരുദക്കാരെ വേണം നിയമിക്കാന്‍. കൂടാതെ ബിരുദ നിലവാരത്തിലുള്ള പ്രൊഫഷണല്‍ യോഗ്യതയും അനിവാര്യമാണ്. ഒന്നു മുതല്‍ ഏഴുവരെ ഒരുഘട്ടമായും എട്ടു മുതല്‍ 12 വരെ മറ്റൊരു ഘട്ടമായും സ്‌കൂള്‍ വിദ്യാഭ്യാസത്തെ നിജപ്പെടുത്തണം. ഹയര്‍സെക്കന്‍ഡറിയില്‍ ശാസ്ത്ര വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ളവ മലയാള മീഡിയത്തില്‍വേണം അധ്യാപനം നടത്താന്‍ തുടങ്ങിയ പരിഷ്‌ക്കരണ നിര്‍ദേശങ്ങളാണ് ആദ്യഘട്ട റിപ്പോര്‍ട്ടിലുള്ളത്.

ഇതു നടപ്പാക്കിയാല്‍ പരാജയപ്പെടുമെന്നാണു ബന്ധപ്പെട്ട അധ്യാപകസംഘടനകളും വിദ്യാര്‍ഥി സംഘടനകളും പറയുന്നത്. ഇടക്കാലത്ത് സംസ്ഥാനത്ത് പരീക്ഷിച്ച ഡി.പി.ഇ.പി എന്ന പേരിലറിയപ്പെട്ട ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി നമ്മുടെ വിദ്യാഭ്യാസ മുന്നേറ്റത്തെ സാരമായി ബാധിച്ചിരുന്നു. അനുഭവത്തിലൂടെ പഠിക്കുക എന്നതായിരുന്നു ഈ പദ്ധതികൊണ്ട് ഉദ്ദേശിച്ചിരുന്നത്.
1994ല്‍ ലോക ബാങ്കിന്റെ സഹായത്തോടെ 15 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ നടപ്പാക്കിയ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി എന്ന പരിഷ്‌ക്കരണം നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസപരമായ പുരോഗതിയെ സാരമായി ബാധിച്ചു. പ്രാഥമിക വിദ്യാഭ്യാസം ഏവര്‍ക്കും ലഭ്യമാക്കുന്നതിനും അതിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും പഠനം രസകരമാക്കുന്നതിനുംവേണ്ടി എന്നനിലയിലായിരുന്നു ഡി.പി.ഇ.പി നടപ്പാക്കിയിരുന്നത്. എന്നാല്‍ ഇതിന്റെ ഫലമായി ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്നും നമ്മുടെ കുട്ടികള്‍ പിന്തള്ളപ്പെട്ടുപോയി. 1994ല്‍ തുടങ്ങിയ പദ്ധതി 2002ല്‍ അവസാനിപ്പിക്കുകയും ചെയ്തു.
അസം, ഹരിയാന, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 92 ജില്ലകളിലായിരുന്നു ഡി.പി.ഇ.പി നടപ്പാക്കിയത്. പ്രാഥമിക വിദ്യാഭ്യാസ രംഗത്തുനിന്നുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുവാനായി ആവിഷ്‌ക്കരിച്ച ഈ പദ്ധതി വിപരീത ഫലമാണ് ഉണ്ടാക്കിയത്.
ഡി.പി.ഇ.പി സ്‌കൂളുകളില്‍നിന്നും കുട്ടികളെ രക്ഷിതാക്കള്‍ പിന്‍വലിച്ചു സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ത്തു.
സ്വകാര്യ സ്‌കൂളുകളാകട്ടെ തഴച്ച് വളരുകയും ചെയ്തു. ഈ പദ്ധതി നിര്‍ത്തലാക്കിയതിനുശേഷം വിപ്ലവകരമായ മാറ്റങ്ങളാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍നിന്നും ധാരാളം വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാഷ്ട്രങ്ങളിലെ സര്‍വകലാശാലകളില്‍വരെ പഠനം നടത്തിക്കൊണ്ടിരിക്കുന്നു.

ആഗോളീകരണത്തെതുടര്‍ന്ന് വിദ്യാഭ്യാസ രംഗത്തും വമ്പിച്ച മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മൂല്യവത്തായതും ഏറ്റവും മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം കരസ്ഥമാക്കാനുള്ള വ്യഗ്രതയിലാണ് വിദ്യാര്‍ഥികളില്‍ പലരും. ഗുണമേന്മയുള്ള വിദ്യാഭ്യാസം കരസ്ഥമാക്കുന്നതിന് ഖാദര്‍ കമ്മിഷനില്‍ ഒരു ശുപാര്‍ശയുമില്ലെന്നാണ് അതിന്റെ ഏറ്റവും വലിയ പോരായ്മ.
ഹയര്‍സെക്കന്‍ഡറിയില്‍ ശാസ്ത്ര വിഷയങ്ങള്‍ മലയാളത്തില്‍ പഠിപ്പിക്കുന്നത്‌കൊണ്ട് കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് ഇത് എങ്ങിനെയാണ് ഉപകരിക്കുക. പൊതുവിദ്യാഭ്യാസ രംഗത്തെ ഉയര്‍ത്തുന്നതിന് കാര്യമായ നിര്‍ദേശങ്ങളൊന്നും റിപ്പോര്‍ട്ടിലില്ല. ഫലതില്‍ ഡി.പി.ഇ.പി കാലത്തെപ്പോലെ വിദ്യാഭ്യാസരംഗം കൂടുതല്‍ കലുഷിതമാകാനാണ് സാധ്യത.
ആറ് വയസ് മുതല്‍ 14 വയസ് വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെകുറിച്ചാണ് 2009ലെ ദേശീയ വിദ്യാഭ്യാസ അവകാശ നിയമം പറയുന്നത്. പ്രസ്തുത നിയമം ബാധകമല്ലാത്ത 10, 11, 12 ക്ലാസുകളില്‍ കമ്മിഷന്‍ നിര്‍ദേശിച്ച ഘടനാപരവും അക്കാദമികവുമായ മാറ്റങ്ങള്‍ വിദ്യാഭ്യാസ അവകാശത്തിന്റെ നിയമത്തിന്റെ ലംഘനമാണ്.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്ന് മുതല്‍ അഞ്ച് വരെ ലോവര്‍ പ്രൈമറിയും അഞ്ച് മുതല്‍ എട്ട് വരെ അപ്പര്‍ പ്രൈമറിയുമാണ്. ഇതാകട്ടെ കേരളത്തില്‍ നടപ്പായിട്ടുമില്ല.
അധ്യാപക-വിദ്യാര്‍ഥി സംഘടനകളും മാനേജ്‌മെന്റ് കമ്മിറ്റികളും അധ്യാപക ജോലിക്കായി കാത്തിരിക്കുന്ന റാങ്ക് ഹോള്‍ഡേഴ്‌സ് സംഘടനകളും ഒരു വേദി രൂപീകരിച്ച് അവയുടെ സംയുക്താഭിമുഖ്യത്തില്‍ ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരേ സമരം ചെയ്യുന്നതിന് മുന്‍പ് അതേക്കുറിച്ച് വ്യാപകമായ അക്കാദമിക് ചര്‍ച്ചകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ രംഗത്തിന് ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഗുണമാകുന്നില്ലെങ്കില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് സര്‍ക്കാര്‍ പുനരാലോചന നടത്തണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.