2019 November 11 Monday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കെവിന്‍ വധക്കേസില്‍ വിധി ബുധനാഴ്ച : വിധി പറയുന്നത് കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയില്‍: വിചാരണാ നടപടികള്‍ പൂര്‍ത്തിയാക്കിയത് മൂന്നുമാസം കൊണ്ട്

കോട്ടയം: സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലക്കേസായ കെവിന്‍ വധക്കേസിന്റെ വിധി ബുധനാഴ്ച. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മൂന്നുമാസംകൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് വിധി പറയുന്നത്. ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട കോട്ടയം, നട്ടാശേരി പ്ലാത്തറയില്‍ ജോസഫിന്റെ മകന്‍ കെവിന്‍ പി. ജോസഫ് നീനു എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെതുടര്‍ന്ന് നീനുവിന്റെ ബന്ധുക്കളുടെ ദുരഭിമാനവും വിരോധവുമാണു കൊലയിലേക്ക് നയിച്ചതെന്നാണ് കേസ്.

2018 മേയ് 28-നാണു കെവിനെ കൊല്ലപ്പെട്ട നിലയില്‍ പുനലൂരിനുസമീപം ചാലിയക്കര ആറ്റില്‍ കണ്ടെത്തിയത്. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവര്‍ ഉള്‍പ്പെടെ14 പേരാണു പ്രതികള്‍. ഒന്‍പതുപേര്‍ ജയിലിലും അഞ്ചുപേര്‍ ജാമ്യത്തിലുമാണ്. കെവിനൊപ്പം പ്രതികള്‍ തട്ടിക്കൊണ്ടുപോയ അനീഷാണു മുഖ്യസാക്ഷി. ദുരഭിമാനക്കൊലയുടെ ഗണത്തില്‍പെടുത്തിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ പൂര്‍ത്തീകരിച്ചത്.
കേസിലെ 186 സാക്ഷികളില്‍ 113 പേരെ വിസ്തരിച്ചു. പ്രോസിക്യൂഷന്‍ 240 രേഖകളും 113 സാക്ഷികളെയും ഹാജരാക്കി. ആറു സാക്ഷികള്‍ കൂറുമാറി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, സന്ദേശങ്ങള്‍, സി.സി.ടിവി ദൃശ്യങ്ങള്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകള്‍ കേസില്‍ നിര്‍ണായകമായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.