2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കെവിന്‍ വധക്കേസില്‍ പത്തുപേര്‍ കുറ്റക്കാര്‍: ദുരഭിമാനകൊല തന്നെ: ശിക്ഷ മറ്റന്നാള്‍ വിധിക്കും

കോട്ടയം: കെവിന്‍ വധക്കേസില്‍ പത്തുപേര്‍ കുറ്റക്കാര്‍. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. നാലുപേരെ കുറ്റവിമുക്തരാക്കി. കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും കോടതി വ്യക്തമാക്കി.

സാനു ചാക്കോ, നിയാസ് മോരന്‍, ഇഷാന്‍ ഇസ്മയില്‍,റിയാസ്, മനു, ഷിഫിന്‍, നിഷാദ്, ഫസില്‍, എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തന്നതില്‍ ഇവര്‍ 10പേരും നേരിട്ട് പങ്കു വഹിച്ചെന്ന് കോടതി കണ്ടെത്തി. ചാക്കോ ജോണ്‍ അടക്കം നാല് പ്രതികളെ കോടതി വെറുതേ വിട്ടു. നിയാസാണ് കെവിനെ തട്ടിക്കൊണ്ട് പോകാന്‍ ആസൂത്രണം നടത്തിയ ആള്‍. നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍ , പത്താം പ്രതി  വിഷ്ണു, പതിമൂന്നാം പ്രതി ഷിനു ഷാജഹാന്‍, പതിനാലാം പ്രതി റനീസ് ഷെരീഫ് എന്നീ നാല് പ്രതികളെയാണ് വെറുതെ വിട്ടത്.

നിയാസ് തന്നെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കെവിന്‍ പറഞ്ഞിരുന്നുവെന്ന നീനുവിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.

താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ സാനു ചാക്കോയുടെ വാട്‌സ്ആപ്പ് സന്ദേശം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കെവിന് നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് അച്ഛന്‍ ചാക്കോ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞത് കൊണ്ട് ദുരഭിമാനക്കൊല അല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

റെക്കോര്‍ഡ് വേഗത്തിലായിരുന്നു കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയത്. കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിക്കാമെന്നായിരുന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ, അച്ഛന്‍ ചാക്കോ ജോണ്‍ എന്നിവരടക്കം 14 പേരാണ് കേസിലെ പ്രതികള്‍. ഇവരില്‍ നാലുപേരെയാണ് കുറ്റവിമുക്തരാക്കിയിരിക്കുന്നത്. ബാക്കിയുള്ള പത്തുപേര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വധശിക്ഷ വരെ ലഭിക്കാവുന്ന 10 വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരുന്നത്. കോട്ടയം സെഷന്‍സ് കോടതിയില്‍ മൂന്നു മാസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. ദുരഭിമാന കൊലയായി കേസ് പരിഗണിക്കുമോയെന്നായിരുന്നു ഏവരും കാത്തിരുന്നത്. ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും നടന്ന സമാന കേസുകളുടെ സ്വഭാവം പരിഗണിച്ച് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി കെവിന്‍ കേസ് കണക്കാക്കിയിട്ടുണ്ടെന്നുതന്നെയാണ് ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്ത. പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിച്ചേക്കാം എന്നും വിലയിരുത്തലുണ്ട്.

ഓഗസ്റ്റ് 14ന് വിധി പറയേണ്ടിയിരുന്ന കേസ് ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് മാറ്റിവയ്ക്കുകയായിരുന്നു. കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ കെവിനു ഭാര്യ നീനുവും ക്രിസ്ത്യാനികള്‍ ആയതിനാല്‍ ദുരഭിമാന കേസ് ആവില്ലെന്നും ഒരുമാസത്തിനകം വിവാഹം നടത്തിക്കൊടുക്കാമെന്ന് നീനുവിന്റെ അച്ഛന്‍ ചാക്കോ പറഞ്ഞിരുന്നതായും പ്രതിഭാഗം വാദിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട കോടതി വിധി പറയുന്നത് മാറ്റുകയായിരുന്നു.

2018 മെയ് 28നാണ് കെവിന്‍ പി.ജോസഫിനെ (24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നീനുവിന്റെ സഹോദരനും സംഘവും ചേര്‍ന്ന് കെവിനെ കോട്ടയത്തുനിന്നും തട്ടിക്കൊണ്ടുപോവുകയായിരുന്നു. അടുത്തദിവസം രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടില്‍നിന്നും കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കെവിന്‍ പി. ജോസഫ്, നീനുവിനെ വിവാഹം കഴിച്ചതോടെ ജാതി വ്യത്യാസം സംബന്ധിച്ച ദുരഭിമാനവും വിരോധവും മൂലം കൊല നടത്തിയെന്നാണു പ്രൊസിക്യൂഷന്‍ വാദം. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ കേസിലെ ഒന്നാം പ്രതിയാണ്. സാനുവിന്റെ സുഹൃത്തുക്കളായ നിയാസാണ് രണ്ടാം പ്രതി. റിയാസ് നാലാം പ്രതിയും നീനുവിന്റെ അച്ഛന്‍ ചാക്കോ അഞ്ചാം പ്രതിയുമാണ്.

 

കെവിന്‍ വധക്കേസിന്റെ നാള്‍ വഴികള്‍

2018 മെയ് 24നാണ് കോട്ടയം നട്ടാശേരി സ്വദേശി കെവിനും കൊല്ലം തെന്മല സ്വദേശിനി നീനുവും വിവാഹത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. അന്നുതന്നെ വിവാഹവിവരം ബന്ധുക്കളെ അറിയിക്കുന്നത്.

മെയ് 26ന് നീനുവിന്റെ ബന്ധുക്കള്‍ പൊലിസ് സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി.

27ന് കെവിനെയും ബന്ധു അനീഷിനേയും കാണാനില്ലെന്ന വാര്‍ത്ത പുറത്തുവന്നു.

28ന് കൊല്ലം തെന്മല ചാലിയക്കര പുഴയില്‍ നിന്നും കെവിന്റെ മൃതദേഹം കണ്ടെടുത്തു. പ്രതികളെ പിടികൂടുന്നതിന് ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാലു സ്‌ക്വാഡുകള്‍ രൂപീകരിച്ചു.

29ന് നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍, സഹോദരന്‍ ഷാനു എന്നിവര്‍ കണ്ണൂരില്‍ കീഴടങ്ങി. ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. 14 പ്രതികളില്‍ ആറുപേര്‍ കസ്റ്റഡിയിലായി.

പ്രതികളെ വഴിവിട്ട് സഹായിച്ചതിന്റെ പേരില്‍ എ.എസ്.ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ മെയ് 31ന് അറസ്റ്റിലായി.

ജൂണ്‍ 3ന് പുനലൂരില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തി.

ആഗസ്റ്റ് 21 ന് ദുരഭിമാന കൊല എന്ന പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

2019 ഫെബ്രുവരി 16ന് മുന്‍ എസ്.ഐ എം.എസ് ഷിബുവിന് പിരിച്ചുവിടല്‍ നോട്ടിസ് നല്‍കി.

ഏപ്രില്‍ 24 ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങി. ജൂലൈ 30ന് 90 ദിവസം നീണ്ട വിചാരണ പൂര്‍ത്തിയായി.

ഓഗസ്റ്റ് 14ന് വിധി പറയാനായി ചേര്‍ന്ന കോടതി ദുരഭിമാനക്കൊല എന്ന കാര്യത്തില്‍ ഇരു വിഭാഗത്തെയും വാദം വീണ്ടും കേട്ടു. ഓഗസ്റ്റ് 22ന് പത്ത് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധി പറഞ്ഞു. ശിക്ഷ മൂന്നു നാള്‍ കഴിഞ്ഞ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.