2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണം

പി.കെ ജയലക്ഷ്മി

 

കല്‍പ്പറ്റ: ചരിത്രത്തിലെ ഏറ്റവും വലിയ കാലവര്‍ഷക്കെടുതി നേരിട്ട കേരളത്തിന് കൂടുതല്‍ സഹായം ലഭ്യമാകുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധ നയം തിരുത്തണമെന്ന് മുന്‍ മന്ത്രിയും എ.ഐ.സി.സി അംഗവുമായ പി.കെ ജയലക്ഷ്മി.
പൊതുഗതാഗത സൗകര്യം, അടിസ്ഥാന സൗകര്യം, കൃഷി, മൃഗ സംരംക്ഷണം, പരിസ്ഥിതി, ആരോഗ്യം തുടങ്ങി സര്‍വ മേഖലയിലും കേരളം കൈവരിച്ച നേട്ടത്തെ പത്ത് വര്‍ഷം പിന്നോട്ട് അടുപ്പിക്കുന്നതായിരുന്നു ഈ വര്‍ഷത്തെ പ്രളയം.
പുതിയ കേരളം സൃഷ്ടിക്കുന്നതിന് പതിനായിരകണക്കിന് കോടി രൂപയുടെ സാമ്പത്തികം വേണം. കേന്ദ്ര സര്‍ക്കാരിന്റെ സഹായവും ഒപ്പം വിദേശസഹായവും കൊണ്ട് മാത്രമേ പുനര്‍നിര്‍മാണം സാധ്യമാകൂ.
ഐക്യരാഷ്ട്ര സഭയുടേതടക്കം സഹായം ആവശ്യമായ സമയമാണിത്. ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കെ കേരളത്തിന് യു.എന്‍ സഹായം വേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. അടിയന്തരമായി ഇത് തിരുത്തുകയും ധനസഹായം നേടിയെടുക്കുന്നതിന് ഔദ്യോഗികമായി കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുകയും വേണം.
വീടും ഭൂമിയും മറ്റ് സ്വത്തുക്കളും നഷ്ടപ്പെട്ട പലരും കയറി താമസിക്കാന്‍ ഇടമില്ലാതെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. കേരളത്തിലെ നാലര ലക്ഷത്തോളം വരുന്ന പട്ടികവര്‍ഗ സമൂഹത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് മാറി മാറി വരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വന്നിരുന്നു. അവയൊക്കെ തുടരുന്നതിനിടെ ഉണ്ടായ പ്രളയവും മറ്റ് കെടുതികളും ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഇല്ലാതാക്കിയിരിക്കയാണ്.
അട്ടപ്പാടി, ഇടുക്കി, വയനാട് ഉള്‍പ്പടെയുള്ള പട്ടികവര്‍ഗ സങ്കേതങ്ങളുടെ വികസനത്തിന് കൂടുതല്‍ കേന്ദ്ര സഹായം ആവശ്യമാണെന്നും പി.കെ ജയലക്ഷ്മി പറഞ്ഞു. കാലവര്‍ഷക്കെടുതിയുടെ പശ്ചാതലത്തില്‍ സൗഹൃദപരമായ ഒരു സമീപനം കേരളത്തോട് കേന്ദ്രം പ്രകടിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.