2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

കേരളത്തിലെ കോളനിവിരുദ്ധ അറബികൃതികള്‍

മലബാറിലെ കോളനിവിരുദ്ധ സമരങ്ങളുടെ ഭാഗമായി കേരള മുസ്‌ലിം പണ്ഡിതന്മാര്‍ അറബി ഭാഷയില്‍ രചിച്ച കൃതികളെയും അവയുടെ ഉള്ളടക്കത്തെയും പരിചയപ്പെടുത്തുന്നു

 

ഡോ. ശഫീഖ് റഹ്മാനി

വംശീയമായി ഉന്മൂലനം ചെയ്യപ്പെടുകയും അതിനെ ചെറുത്തുനിന്ന് അധീശത്വത്തിനെതിരേ സമരം നടത്തുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ വംശീയ ചരിത്രത്തിന്റെ പുനരാഖ്യാനങ്ങളും സമകാലിക വീരഗാഥകളുടെ മഹത്വവത്കൃത ആവിഷ്‌കാരങ്ങളും നിര്‍വഹിക്കപ്പെടുന്നു. മലബാറിലെ കോളനിവിരുദ്ധ സമരങ്ങളുടെ കാലഘട്ടത്തില്‍(1498-1947) മാപ്പിളമാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച സാഹിത്യബോധം വംശീയതയുടേതാണ്. കേരള മുസ്‌ലിം പണ്ഡിതന്മാര്‍ അറബി ഭാഷയില്‍ എഴുതിയ കോളനിവിരുദ്ധ കൃതികളുടെ ഉള്ളടക്കത്തെ ഈ തലത്തില്‍ നിന്നുകൊണ്ടാണ് മനസിലാക്കേണ്ടത്. പോര്‍ച്ചുഗീസ് കാലഘട്ടത്തില്‍ എഴുതിയ അഞ്ചു കൃതികളും ബ്രിട്ടീഷ് കാലഘട്ടത്തില്‍ എഴുതിയ രണ്ടു കൃതികളുമാണ് അവയില്‍ പ്രധാനമായവ.

 

തഹ്‌രീളു അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തിസ്സുല്‍ബാന്‍

വിശ്വാസികളേ, കുരിശുപൂജകരോടു പോരാടൂ എന്നാണ് അറബി ശീര്‍ഷകത്തിന്റെ സാരം. കുരിശുപൂജകര്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് പോര്‍ച്ചുഗീസുകാരെയാണ്. അവര്‍ കുരിശുപൂജകരായതു കൊണ്ടല്ല, മറിച്ച് അക്രമകാരികളും കോളനിശക്തികളുമായതു കൊണ്ടാണ് അവര്‍ക്കെതിരേ ധര്‍മസമരത്തിന് മുസ്‌ലിംകളെ പ്രേരിപ്പിക്കുന്നത്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍(എ.ഡി 1467ല്‍ കൊച്ചിയില്‍ ജനിച്ചു. 1521ല്‍ അന്തരിച്ചു. ശൈഖുല്‍ ഇസ്‌ലാം അബൂയഹ്‌യ സൈനുദ്ദീനുബ്‌നു അലി എന്നാണു പൂര്‍ണ നാമം. തഹ്‌രീള് കൂടാതെ ഹിദായത്തുല്‍ അദ്കിയ, അല്‍ ഉര്‍ജൂസ് എന്നീ രണ്ടു അറബി കാവ്യകൃതികള്‍ കൂടി അദ്ദേഹത്തിനുണ്ട്) എഴുതിയ ഈ അറബി കാവ്യകൃതിയില്‍ പോര്‍ച്ചുഗീസുകാരുടെ ആക്രമണങ്ങളും അതിനെതിരേ സായുധമായി യുദ്ധം ചെയ്യേണ്ടതിന്റെ മതപരമായ ബാധ്യതയുമാണു വിവരിക്കുന്നത്. കോഴിക്കോട് സാമൂതിരി നേതൃത്വം നല്‍കിയ ഭരണപരവും സൈനികപരവുമായ സംവിധാനങ്ങള്‍ക്കുകീഴില്‍ നിലകൊണ്ട് പോര്‍ച്ചുഗീസുകാര്‍ക്കെതിരേ ജിഹാദ് നടത്താനാണ് മുസ്‌ലിംകളോട് ആഹ്വാനം ചെയ്യുന്നത്.
ഈ കൃതിയുടെ നിലപാടില്‍നിന്നു രണ്ടു കാര്യങ്ങള്‍ വ്യകതമാകുന്നു. ഒന്ന്, കോളനിശക്തിയുടെ ഇരകളാകാന്‍ വിധിക്കപ്പെട്ട മുസ്‌ലിംകള്‍, സ്വന്തമായി സംഘടിക്കാതെ നിലവിലെ തദ്ദേശീയ ഭരണകൂടത്തിന്റെ പിന്തുണയോടെ തന്നെയാണു യുദ്ധം ചെയ്യേണ്ടത്. രണ്ട്, അമുസ്‌ലിമായ സാമൂതിരിക്കു കീഴില്‍ നായര്‍ പടയാളികള്‍ക്കൊപ്പം നടത്തുന്ന സമരത്തെ ജിഹാദായി പരിഗണിക്കന്നു. ജിഹാദ്, അക്രമത്തിനും അനീതിക്കുമെതിരേയുള്ള സമരമാണെന്നു വരുന്നു.
കേരളത്തിന്റെ മണ്ണില്‍ രൂപം കൊണ്ട ഒന്നാമത്തെ സമരകൃതിയാണ് തഹ്‌രീള്(ഇന്ത്യയില്‍ തന്നെ ആദ്യത്തെ കോളനിവിരുദ്ധ കൃതി എന്നും പറയാം. കാരണം, ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ യൂറോപ്യന്‍ കോളനിവല്‍ക്കരണ ശ്രമം ആരംഭിക്കുന്നത് 1498ല്‍ വാസ്‌ഗോഡ ഗാമ മലബാറില്‍ കാലുകുത്തുന്നതോടെയാണല്ലോ. അതിനാല്‍ സ്വാഭാവികമായും കോളനിവിരുദ്ധ സമരങ്ങളുടെ ആരംഭവും അവിടെനിന്നു തന്നെയായിരുന്നു). അതു കൊണ്ടു തന്നെ പില്‍ക്കാല കോളനിവിരുദ്ധ കൃതികളുടെ സ്വഭാവം രൂപപ്പെടുത്തുന്നതില്‍ ഇതിനു പങ്കുണ്ട്. യുദ്ധം ചെയ്തു രക്തസാക്ഷിത്വം വരിക്കാനുള്ള പ്രചോദനം കാവ്യത്തിലുടനീളമുണ്ട്. യുദ്ധത്തില്‍ പങ്കെടുക്കാതെ മാറിനിന്നാലുള്ള ദൈവികശിക്ഷയും കവിതയില്‍ എണ്ണിപ്പറയുന്നു. സ്വര്‍ഗവര്‍ണനയും സ്വര്‍ഗീയ ഹൂറികളുടെ വര്‍ണനയും നിര്‍വഹിക്കപ്പെടുന്നു. കോളനിവിരുദ്ധ മാപ്പിളപ്പാട്ടുകളുടെ ഉള്ളടക്കങ്ങളുടെ സ്വഭാവവും ഇതുതന്നെയാണ്.
ഈ വിപ്ലവകാവ്യത്തിന്റെ നിരവധി എഴുതിയുണ്ടാക്കിയ പ്രതികള്‍ പോര്‍ച്ചുഗീസ് കാലഘട്ടത്തില്‍ മുസ്‌ലിം പള്ളികളിലേക്ക് അയച്ചിരുന്നു. ഒരുപക്ഷേ, കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള മരക്കാര്‍ കുടുംബത്തിന്റെ വരവിനു പ്രചോദനം ഈ കൃതിയായിരിക്കാമെന്ന നിരീക്ഷണമുണ്ട്(ഹംസ.,1998:34). ഗ്രന്ഥകര്‍ത്താവിന്റെ ജന്മദേശമായ കൊച്ചിയായിരുന്നുവല്ലോ മരക്കാര്‍ കുടുംബത്തിന്റെയും ജന്മദേശം. പിന്നീട് മരക്കര്‍ കുടുംബം കോഴിക്കോട്ടേക്കു മാറിത്താമസിക്കുകയായിരുന്നു.

തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഫീ ബഅ്‌ളി അഖ്ബാറില്‍ ബുര്‍ത്തുഗാലിയ്യീന്‍


പോരാളികള്‍ക്ക് പോര്‍ച്ചുഗീസുകാരുടെ വിവരങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു പാരിതോഷികം എന്നാണ് തലക്കെട്ടിന്റെ സാരം. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ (തഹ്‌രീളിന്റെ കര്‍ത്താവ് മഖ്ദൂം ഒന്നാമന്റെ മൂന്നാമത്തെ പുത്രനായ ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയുടെ മകനായി എ.ഡി 1532ല്‍ കോഴിക്കോട് ജില്ലയിലെ ചോമ്പാലില്‍ ജനിച്ചു. പൊന്നാനിയിലാണു ജനിച്ചതെന്നും അഭിപ്രായമുണ്ട്. തുഹ്ഫത്തുല്‍ മുജാഹിദീന്‍ കൂടാതെ ഫത്ഹുല്‍ മുഈന്‍, അഹ്കാമുന്നികാഹ്, മന്‍ഹജുല്‍ വാളിഹ്, ഇര്‍ശാദുല്‍ ഇബാദ്, അജ്‌വിബത്തുല്‍ അജീബ, ശറഹുസ്സുദൂര്‍, ഫതാവാ ഹിന്ദിയ്യ തുടങ്ങിയ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്) അറബിയില്‍ എഴുതിയ ഈ ഗദ്യകൃതിയുടെ പശ്ചാത്തലവും തഹ്‌രീളിന്റേതു തന്നെയാണ്. പോര്‍ച്ചുഗീസ് ആക്രമണം ശക്തിയാര്‍ജിച്ച പശ്ചാത്തലത്തില്‍ അവര്‍ക്കെതിരേ മുസ്‌ലിംകളെ സമരസജ്ജരാക്കുകയാണു ഗ്രന്ഥരചനയുടെ ലക്ഷ്യമെന്നു ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ കര്‍ത്താവ് പറയുന്നുണ്ട്(തുഹ്ഫത്തുല്‍ മുജാഹിദീന്‍, 2006:24). മുസ്‌ലിംകളെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സാമൂതിരി രാജാവിനു കീഴിലെ ഭരണപ്രദേശങ്ങളെ മുസ്‌ലിം പ്രദേശമായി കാണുകയും അദ്ദേഹത്തിനു കീഴില്‍ കൊളോനിയലിസത്തെ ചെറുക്കുന്നതിനു സ്വര്‍ഗം മോഹിച്ചു ധര്‍മസമരം (ജിഹാദ്) നടത്തണമെന്നും മുസ്‌ലിംകളോട് അദ്ദേഹം പറയുന്നു.
ഗ്രന്ഥത്തെ നാലു ഭാഗമായും നാലാം ഭാഗം 14 അധ്യായങ്ങളായും തിരിച്ചിരിക്കുന്നു. ജിഹാദിനെ കുറിച്ചു പറയുന്ന കാര്യങ്ങള്‍ തഹ്‌രീളിലുള്ളതു പോലെത്തന്നെയാണ്. പോര്‍ച്ചുഗീസ് അക്രമങ്ങളെ കുറിച്ചുള്ള വിവരണവും തഹ്‌രീളിലുള്ളതു പോലെ നിര്‍വഹിക്കപ്പെട്ടിരിക്കുന്നു. ഒരു സമരകൃതിയാണെന്നതു പോലെ കേരളത്തിന്റെ ചരിത്രം പ്രതിപാദിക്കുന്ന പ്രഥമ കൃതിയായും തുഹ്ഫത്തുല്‍ മുജാഹിദീന്‍ പരിഗണിക്കപ്പെടുന്നു.
നിരവധി ലോക-ഇന്ത്യന്‍ ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട തുഹ്ഫത്തുല്‍ മുജാഹിദീന്റെ മൂലകൃതി ആദ്യം അച്ചടിക്കുന്നത് പോര്‍ച്ചുഗലിലെ ലിസ്ബണില്‍നിന്നായിരുന്നു. തുടര്‍ന്ന് പോര്‍ച്ചുഗീസ്, ലാറ്റിന്‍, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, ഇംഗ്ലീഷ്, പേര്‍ഷ്യന്‍ തുടങ്ങിയ വിദേശഭാഷകളിലേക്കും ഉറുദു, മലയാളം, ഗുജറാത്തി, കന്നഡ, തമിഴ് തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. 1936ല്‍ കെ. മൂസാന്‍കുട്ടി മൗലവി ആദ്യമായി അറബിമലയാളത്തില്‍ പരിഭാഷപ്പെടുത്തി. ദൈവമാര്‍ഗത്തിലുള്ള സമരാഹ്വാനം രാജ്യദ്രോഹമായി കണ്ടിരുന്ന ബ്രിട്ടീഷ് കാലഘട്ടമായിരുന്നതിനാല്‍ ജിഹാദിനെ കുറിച്ചുള്ള ഒന്നാമത്തെ അധ്യായം ഒഴിവാക്കിയായിരുന്നു ഈ വിവര്‍ത്തനം. 1996ല്‍ സി. ഹംസയുടെയും 2006ല്‍ നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാരുടെയും മലയാള വിവര്‍ത്തനം പുറത്തിറങ്ങി.
എന്നാല്‍, തുഹ്ഫത്തുല്‍ മുജാഹിദീന്‍ നാനൂറോളം പുറങ്ങളുള്ള ഒരു ചരിത്രഗ്രന്ഥമാണെന്നും അതിന്റെ സംഗ്രഹപതിപ്പ് മാത്രമാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളതെന്നും ഡോ. ഹമീദുല്ല (നാറജീസ്താന്‍) പറയുന്നു(മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം,1978:146). ഇക്കാര്യം തുഹ്ഫത്തുല്‍ മുജാഹിദീന്റെ മലയാളത്തിലെ പ്രധാന പരിഭാഷകരില്‍ ഒരാളായ സി. ഹംസയും പറയുന്നുണ്ട്(പ്രബോധനം, 1998:35).

ഖുത്വുബത്തുല്‍ ജിഹാദിയ്യ

ധര്‍മസമരങ്ങളെ കുറിച്ചുള്ള പ്രഭാഷണം എന്നു സാരം. പോര്‍ച്ചുഗീസ് കോളനിവല്‍ക്കരണത്തിനെതിരേ സമരത്തിന് ആഹ്വാനം ചെയ്യുന്ന, ഖാദി മുഹമ്മദിബ്‌നു അബ്ദുല്‍ അസീസിന്റെ(പ്രമുഖ പണ്ഡിതനും ചാലിയം യുദ്ധത്തിന്റെ പ്രേരണാകേന്ദ്രവുമായ ഖാദി അബ്ദുല്‍ അസീസിന്റെ മകനാണ് ഖാദി മുഹമ്മദ്. എ.ഡി 1616ല്‍ അന്തരിച്ചു. കണ്ടെടുക്കപ്പെട്ട ആദ്യത്തെ അറബിമലയാള കൃതിയും പാട്ടുമായ മുഹ്‌യിദ്ദീന്‍ മാലയുടെ കര്‍ത്താവാണ്. കൂടാതെ, ഖസീദത്തുല്‍ ജിഹാദിയ്യ, ഫത്ഹുല്‍ മുബീന്‍, മഖാസിദുന്നികാഹ്, മന്‍ളൂമത്തുന്‍ ഫീ ഇല്‍മില്‍ അഫ്‌ലാക് തുടങ്ങിയ പന്ത്രണ്ടിലധികം കൃതികളും രചിച്ചിട്ടുണ്ട്) അറബി പ്രഭാഷണമാണ് ഖുത്വുബത്തുല്‍ ജിഹാദിയ്യ. പോര്‍ച്ചുഗീസുകാരില്‍നിന്ന്ചാലിയംകോട്ട പിടിച്ചടക്കാനുള്ള യുദ്ധവേളയില്‍ മുസ്‌ലിംകളെ ധര്‍മസമരത്തിനു സജ്ജമാക്കാന്‍ വേണ്ടി ചാലിയത്തെയും സമീപപ്രദേശങ്ങളിലെയും പള്ളികളിലെ ഇമാമുമാര്‍ക്ക്(മതപണ്ഡിതര്‍ക്ക്) പ്രഭാഷണത്തിനായി ഖാദി മുഹമ്മദ് തന്നെ രചിച്ച് അയച്ച കൃതിയാണിത്.
ഖുര്‍ആനിന്റെയും മുഹമ്മദ് നബിയുടെ വചനങ്ങളുടെയും ഉദ്ധരണികള്‍ നല്‍കി, കൊളോനിയല്‍ ശക്തിയായ പോര്‍ച്ചുഗീസിനെതിരേയുള്ള ചെറുത്തുനില്‍പ്പു പോരാട്ടം ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണെന്നു കൃതി ഓര്‍മിപ്പിക്കുന്നു. ദൈവികമാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിക്കാനുള്ള അവസരം ലഭിച്ചാല്‍ അതു വിശ്വാസിയുടെ വലിയ നേട്ടമായിരിക്കുമെന്നും പറയുന്നു. തഹ്‌രീളിലെയും തുഹ്ഫയിലെയും പോലെത്തന്നെ പോര്‍ച്ചുഗീസ് വാഴ്ചയുടെ ഭീകരത വിവരിക്കുന്ന പ്രഭാഷണം, ആരെങ്കിലും വിശുദ്ധയുദ്ധത്തിനിറങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതാണ് അതിനു പറ്റിയ സമയമെന്നും ഓര്‍മിപ്പിക്കുന്നു. പോര്‍ക്കളത്തിലിറങ്ങാന്‍ സാധിക്കാത്തവര്‍ സമരപോരാളികള്‍ക്കു വേണ്ടുന്ന ഒത്താശകള്‍ ചെയ്തുകൊടുക്കണമെന്നും ഉപദേശിക്കുന്നു.(അല്‍ ഐഡിയോളജിയ വന്നിദാല്‍,2012:26-36).
നാഷനല്‍ മിഷന്‍ ഫോര്‍ മാനുസ്‌ക്രിപ്റ്റ് 2012ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നടത്തിയ ശില്‍പശാലയുടെ ഭാഗമായി മലബാറിലെ ഗ്രന്ഥശാലകളിലൂടെ നടത്തിയ പരിശോധനയുടെ ഫലമായാണ് ഈ കൃതി വെളിച്ചത്തു വരുന്നത്. പ്രമുഖ പണ്ഡിതന്‍ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ സ്വകാര്യ ഗ്രന്ഥശേഖരത്തില്‍നിന്നാണ് ഇതു ലഭിച്ചത്.

അല്‍ ഖസീദത്തുല്‍ ജിഹാദിയ്യ

ധര്‍മസമരത്തെ കുറിച്ചുള്ള ഗീതം എന്നു സാരം. ഖുത്വുബത്തുല്‍ ജിഹാദിയ്യക്കൊപ്പം നാഷനല്‍ മിഷന്‍ ഫോര്‍ മാനുസ്‌ക്രിപ്റ്റ് പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ സ്വകാര്യഗ്രന്ഥശേഖരത്തില്‍ നിന്നു കണ്ടെടുത്ത, പോര്‍ച്ചുഗീസ് കൊളോനിയലിസത്തെ നേരിടാന്‍ മുസ്‌ലിംകളോട് ആഹ്വാനം ചെയ്യുന്ന ഖാദി മുഹമ്മദിബ്‌നു അബ്ദുല്‍ അസീസിന്റെ അറബികാവ്യമാണ് അല്‍ ഖസീദത്തുല്‍ ജിഹാദിയ്യ. 43 വരികളില്‍ ഒതുങ്ങുന്ന ചെറിയ ഈ കാവ്യം ചാലിയംകോട്ട പോര്‍ച്ചുഗീസുകാരില്‍നിന്നു മോചിപ്പിക്കാന്‍ വേണ്ടി സമരം ചെയ്യാനുള്ള ആഹ്വാനവും പ്രചോദനവുമാണ്.
അനീതിക്കെതിരേ പോരാട്ടം നടത്തണമെന്നതിനൊപ്പം യുദ്ധവേളകളില്‍ മതം നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങള്‍ പാലിച്ചേ പോരാടാവൂ എന്നു ഓര്‍മിപ്പിക്കുന്നു. അന്യായങ്ങളും അനീതികളും യുദ്ധവേളകളില്‍ സമരപോരാളികളുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലെന്നു പറയുന്നു. അന്യായങ്ങള്‍ ചെയ്താല്‍ ദൈവികമായ സഹായവും പ്രതിഫലവും നഷ്ടപ്പെടുമെന്നും കവിതയുടെ വരികള്‍ ഓര്‍മിപ്പിക്കുന്നു.(അല്‍ ഐഡിയോളജിയ വന്നിദാല്‍,2012:39-41).

അല്‍ ഫത്ഹുല്‍ മുബീന്‍

വ്യക്തമായ വിജയം എന്നു സാരം. എ.ഡി 1571ല്‍ സാമൂതിരിയുടെ നേതൃത്വത്തില്‍ നായര്‍പടയും മുസ്‌ലിംകളും ചേര്‍ന്ന് ചാലിയത്തെ പോര്‍ച്ചുഗീസ് കോട്ട അസാമാന്യമായ പോരാട്ടം പ്രദര്‍ശിപ്പിച്ചു കീഴടക്കിയ സംഭവത്തെ അടിസ്ഥാനമാക്കി ഖാദി മുഹമ്മദുബ്‌നു അബ്ദുല്‍ അസീസ് രചിച്ച അറബികാവ്യമാണ് അല്‍ ഫത്ഹുല്‍ മുബീന്‍. സമരങ്ങള്‍ നടക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ വിജയാഹ്ലാദവും അതേസമയം, വരുന്ന സമരങ്ങളുടെ പ്രചോദകമായി വര്‍ത്തക്കേണ്ടുന്ന ഘടകങ്ങളും ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
”ചാലിയം കോട്ട ജയിച്ചടക്കിയതു നാടിന്റെ തന്നെ വിജയമായിരുന്നു. അതില്‍ ജയിച്ചില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ, പോര്‍ച്ചുഗീസുകാര്‍ വടക്കന്‍ കേരളത്തിലെ കച്ചവടത്തെ പൂര്‍ണമായും കീഴൊതുക്കുകയും സ്വന്തം ആധിപത്യം സ്ഥാപിക്കുകയും ചെയ്യുമായിരുന്നു”(ഗംഗാധരന്‍, 1996:22).
ചാലിയം യുദ്ധത്തില്‍ നേരിട്ടു പങ്കെടുത്ത വ്യക്തിയാണു ഗ്രന്ഥകര്‍ത്താവ് എന്നതുകൊണ്ടു വസ്തുതകളോടു ആത്മനിഷ്ഠബന്ധം സ്വാഭാവികമായി ഉണ്ടാകും. പോര്‍ച്ചുഗീസ് കിരാതവാഴ്ചയെ കുറിച്ചുള്ള വിവരണങ്ങള്‍ ഏറെക്കുറെ തഹ്‌രീളിലേതും തുഹ്ഫയിലേതും പോലെ തന്നെയാണ്.

അസ്സൈഫുല്‍ ബത്താര്‍ അലാമന്‍ യുവാലില്‍ കുഫാര്‍

അവിശ്വാസികളെ ആശ്രയിക്കുകയും പിന്തുണക്കുകയും ചെയ്യുന്നവര്‍ക്കെതിരേയുള്ള മൂര്‍ച്ചയുള്ള വാള്‍ എന്നു സാരം. ബ്രിട്ടീഷ് കൊളോനിയലിസത്തോടു സന്ധിയില്ലാസമരത്തിനു മുസ്‌ലിംകളെ സജ്ജരാക്കാന്‍ മമ്പുറം സയ്യിദ് അലവി തങ്ങള്‍ രചിച്ച അറബി ഗദ്യകൃതിയാണ് അസ്സൈഫുല്‍ ബത്താര്‍(എ.ഡി 1753ല്‍ യമനിലെ ഹദര്‍മൗതിലെ തരീമില്‍ ജനിച്ച സയ്യിദ് അലവി തങ്ങള്‍, തന്റെ പതിനേഴാം വയസില്‍ 1769ല്‍ കോഴിക്കോട്ടെത്തി. അവിടെനിന്ന് മമ്പുറത്തേക്കു വരികയായിരുന്നു. 1844ല്‍ തൊണ്ണൂറാമത്തെ വയസ്സില്‍ മമ്പുറത്ത് അന്തരിച്ചു). എട്ടു ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണു കൃതിയിലുള്ളത്. ബ്രിട്ടീഷുകാരുമായുള്ള നിസഹകരണവും അവരുടെ ഭരണനിയമങ്ങളോടുള്ള നിഷേധവും മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ കൃതി ലക്ഷ്യമിടുന്നതായി ഉള്ളടക്കത്തില്‍നിന്നു വ്യക്തമാകുന്നു.
എ.ഡി 1841ല്‍ തിരൂരങ്ങാടിയിലെ മുട്ടിയറയില്‍(1843ല്‍ നടന്ന ചേറൂര്‍ കലാപത്തിനു മുന്‍പ് മമ്പുറം സയ്യിദ് അലവി തങ്ങളുടെ പ്രത്യേക ആശീര്‍വാദവും പിന്തുണയുമുള്ള സമരമാണ് മുട്ടിയറ കലാപം. മമ്പുറം തങ്ങള്‍ ഈ കലാപത്തില്‍ നേരിട്ടു പങ്കെടുത്തിട്ടില്ലെന്നാണ് എസ്.എഫ് ഡെയ്‌ലിന്റെ നിരീക്ഷണം (1980: 116) ബ്രിട്ടീഷുകാരും അവരുടെ ആജ്ഞാനുവര്‍ത്തികളായ ജന്മിമാരും മാപ്പിളമാര്‍ക്കെതിരേ നടത്തിയ അതിക്രമങ്ങളെ തുടര്‍ന്നാണ് സൈഫുല്‍ ബത്താറിന്റെ രചന. മമ്പുറം സയ്യിദ് അലവി തങ്ങളുടെ മകനും ബ്രിട്ടീഷുകാര്‍ നാടുകടത്തിയ സമരപോരാളിയുമായ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ഈ കൃതി 1856ല്‍ ഈജിപ്തില്‍ വച്ച് അച്ചടിച്ചു.
1843ല്‍ ബ്രിട്ടീഷ് പട്ടാളവും മാപ്പിളമാരും തമ്മില്‍ ചേറൂരില്‍ വച്ചുനടന്ന സമരത്തിന് സൈഫുല്‍ബത്താര്‍ രൂപപ്പെടുത്തിയ പശ്ചാത്തലം പ്രചോദകമായി വര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, മമ്പുറം സയ്യിദ് അലവി തങ്ങളും അനുയായികളും മുസ്‌ലിം പ്രദേശങ്ങളിലേക്കു രഹസ്യമായി അയച്ചുകൊടുത്തിരുന്ന ഈ കൃതി ബ്രിട്ടീഷുകാര്‍ കണ്ടെടുത്തു നശിപ്പിച്ചു. ഇതു കൈവശം വയ്ക്കുന്നതും വായിക്കുന്നതും നിരോധിക്കുകയും ചെയ്തിരുന്നു.

ഉദ്ദത്തുല്‍ ഉമറാഇ വല്‍ ഹുക്കാം ലി ഇഹാനത്തില്‍ കഫറത്തി വഅബദത്തില്‍ അസ്വ്‌നാം

സത്യനിഷേധികളെയും വിഗ്രഹാരാധകരെയും കീഴ്‌പ്പെടുത്താന്‍ നേതാക്കള്‍ക്കും വിധികര്‍ത്താക്കള്‍ക്കുമുള്ള സജ്ജീകരണം എന്നു സാരം. ഇതില്‍ സൂചിപ്പിച്ച അവിശ്വാസികള്‍ ബ്രിട്ടീഷുകാരും വിഗ്രഹാരാധകര്‍ തദ്ദേശീയ ജന്മി-നാട്ടുരാജാക്കന്മാരാണെന്ന് ഉള്ളടക്കത്തില്‍നിന്നു വ്യക്തമാകുന്നു. ബ്രിട്ടീഷ് കൊളോനിയലിസത്തിനെതിരേ മുസ്‌ലിംകളോടു സമരത്തിന് ആഹ്വാനം ചെയ്യുന്ന, മമ്പുറം സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍(മമ്പുറം സയ്യിദ് അലവി തങ്ങളുടെ മകനായി എ.ഡി 1824ല്‍ ജനിച്ചു. മലബാറില്‍ 1836 മുതല്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ മാപ്പിളമാര്‍ നടത്തുന്ന സമരങ്ങളുടെ ആശ്രയസ്രോതസ് ഫസല്‍ തങ്ങളാണെന്നു പറഞ്ഞ് 1852 മാര്‍ച്ച് 19ന് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ ബന്ധുക്കളോടൊപ്പം നാടുകടത്തി. 1901ല്‍ ഇസ്താംബൂളില്‍ അന്തരിച്ചു) എഴുതിയ അറബി ഗദ്യകൃതിയാണ് ഉദ്ദത്തുല്‍ ഉമറാഅ്. പോര്‍ച്ചുഗീസ് കാലഘട്ടത്തില്‍ മുസ്‌ലിം സമുദായത്തിന്റെ ആന്തരിക സ്വത്വപ്രതിസന്ധിയുടെ ഫലമായിരുന്നു യൂറോപ്യന്‍ കൊളോനിയലിസമെന്ന തുഹ്ഫത്തുല്‍ മുജാഹിദീനിലെ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ നിരീക്ഷണം തന്നെയാണ് ബ്രിട്ടീഷ് കാലഘട്ടത്തിലും ഫസല്‍ തങ്ങള്‍ ഉദ്ദത്തിലൂടെ പങ്കുവയ്ക്കുന്നത്. ബ്രിട്ടീഷ് കൊളോനിയലിസംമൂലം മുസ്‌ലിംകള്‍ നേരിടുന്ന ബാഹ്യപ്രതിസന്ധി മറികടക്കാന്‍ സ്വയം സംസ്‌കരിക്കാത്ത കാലത്തോളം കഴിയില്ലെന്ന പാഠം കൃതി കൈമാറുന്നു(2009,283-298). 1856ല്‍ ഈജിപ്തിലെ കെയ്‌റോയില്‍നിന്നു കൃതി പ്രസിദ്ധീകരിച്ചു. മുസ്‌ലിം പ്രദേശങ്ങളില്‍ രഹസ്യമായി വിതരണം ചെയ്തിരുന്ന ഈ കൃതി 1851ല്‍ അന്നത്തെ മലബാര്‍ ജില്ലാ കലക്ടര്‍ എച്ച്.വി കണോലി നിരോധിച്ചിരുന്നു(ഹുസൈന്‍, 2008:70).

റഫറന്‍സ്

1-ഹുസൈന്‍ രണ്ടത്താണി (ചീഫ് എഡിറ്റര്‍), മഖ്ദൂമും പൊന്നാനിയും, പൊന്നാനി ജുമുഅത്ത് പള്ളി, 1998.
2-തഹ്‌രീള്
3-തുഹ്ഫത്തുല്‍ മുജാഹിദീന്‍(വിവ: നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാര്‍), ജീനിയസ്, കോഴിക്കോട്, 2006.
4-അഹ്മദ് മൗലവി, അബ്ദുല്‍ കരീം, മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം,1978.
5-ഗംഗാധരന്‍, എം, മാപ്പിള പഠനങ്ങള്‍, വചനം, കോഴിക്കോട്, 2007.
6-അബ്ദുല്‍ ഖാദര്‍, എന്‍.എ.എം(എഡിറ്റര്‍), അല്‍ ഐഡിയോളജിയ വന്നിദാല്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, 2012.
7-ഫത്ഹുല്‍ മുബീന്‍(വിവ: അബ്ദുല്‍ അസീസ് മൗലവി, മങ്കട)അല്‍ഹുദാ, കോഴിക്കോട്,1996.
8-ഹുസൈന്‍ രണ്ടത്താണി, മാപ്പിള മലബാര്‍, ഐ.പി.ബി, കോഴിക്കോട്,2008.
9-മോയിന്‍ മലയമ്മ, മഹ്മൂദ് പനങ്ങാങ്ങര, മമ്പുറം തങ്ങള്‍, 2009.
10- ഉമഹല, ട.എ. (1980).കഹെമാശര ീെരശല്യേ ീി വേല ടീൗവേ അശെമി ളൃീിശേലൃ: ഠവല ങമുുശഹമ െീള ങമഹമയമൃ,14981922. ഛഃളീൃറ: ഇഹമൃലിറീി ജൃല.ൈ
11-പ്രബോധനം നവോത്ഥാന പതിപ്പ്, 1998.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.