2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

വെളിച്ചത്തില്‍ എത്തുമ്പോള്‍ ‘കാട്ടു പന്നികള്‍’ മയക്കത്തിലായിരുന്നു- തായ് ദൗത്യസംഘത്തിന്റെ വീഡിയോ പുറത്ത്

ബാങ്കോക്ക്: തണുപ്പു ഇരുളും കൂട്ടായ നാളുകള്‍ക്കൊടുവില്‍ വെളിച്ചത്തിന്റെ പുതുജീവനിലേക്കെത്തുമ്പോള്‍ ആ കൊച്ചു ‘കാട്ടുപന്നികള്‍’ മയക്കത്തിലായിരുന്നു. (ഗുഹയിലകപ്പെട്ട കുട്ടികളുടെ ടീമിന്റെ പേരാണ് കാട്ടുപന്നികള്‍ wild boars)
ഇരുളും ഭീതിയും നിറഞ്ഞ വഴികളിലൂടെയുള്ള യാത്ര ഏറെ തളര്‍ന്ന ആ കുഞ്ഞുങ്ങളെ ഭയചകിതരാക്കാതിരിക്കാനാണ് അവരെ മയക്കിയത്. ദിവസങ്ങള്‍ നീണ്ട ഒറ്റപ്പെടലും അനിശ്ചിതാവസ്ഥയും സൃഷ്ടിച്ച ആശങ്ക ആ കുഞ്ഞുടലുകളെ അത്രമേല്‍ തളര്‍ത്തിയിരുന്നു. എന്നാല്‍ അവരുടെ ഉള്ളിലെ കരുത്ത് അപ്പോഴും ബാക്കിയുണ്ടായിരുന്നു.  ജീവന്റെ തുടിപ്പ് ബാക്കിയുണ്ടെന്ന അടയാളമായി കൈവിരലുകള്‍ പിടയ്ക്കുന്നുണ്ടായിരുന്നു. ഹൃദയം മിടിക്കുന്നുമുണ്ടായിരുന്നു.

തായ്‌ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട കുട്ടികളേയും കൊണ്ട് ദൗത്യസംഘം പുറത്തേക്ക് വരുന്ന വീഡിയോ തായ് നാവിക സേനയുടെ സീല്‍ വിഭാഗം ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു. നീന്തല്‍ വസ്ത്രവും ശ്വസിക്കാന്‍ ആവശ്യമായ ഉപകരണങ്ങളും ധരിച്ച് പ്രത്യേക ഉപകരണത്തില്‍ കിടത്തിയിരിക്കുന്ന കുട്ടികളില്‍ ചിലര്‍ മയക്കത്തിലായിരുന്നു.

വെല്ലുവിളികളെ അതിജയിച്ചു…’ധീര സംഘം’

ആഴമേറിയതും ഇടുങ്ങിയതുമായ താം ലുവാങ് ഗുഹയില്‍ നിന്നും നീന്തല്‍ നീന്തല്‍ അറിയാത്തവര്‍ ഉള്‍പ്പെടുന്ന 12കുട്ടികളുടെ സംഘത്തെ പുറത്തെത്തിക്കുക എന്നത് ദൗത്യസംഘത്തിന്റെ മുന്നിലെ വെല്ലുവിളി തന്നെയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ ശ്വാസം മുട്ടി മരിച്ചത് തെല്ലൊന്നുമല്ല ആശങ്കയുയര്‍ത്തിയത്. കൂരിരുട്ടില്‍ ഗുഹയിലെ വെള്ളക്കെട്ടിലൂടെ മുങ്ങാങ്കുഴിയിട്ടും നീന്തിയും ചിലയിടങ്ങളില്‍ ഒരാള്‍ക്ക് കഷ്ടി നീങ്ങാന്‍ കഴിയുന്ന ഇടുക്കിലൂടെ നിരങ്ങിയും, നടന്നും, സ്‌ട്രെച്ചറില്‍ കിടന്നുമാണ് കിലോമീറ്ററുകള്‍ പിന്നിട്ടത്. രണ്ട് ഡൈവര്‍മാര്‍ കുട്ടികളുടെ ഇരുവശത്തും നിന്ന്, ഒരാള്‍ ഓക്‌സിജന്‍ ഉപകരണം വഹിച്ച് ഗുഹയില്‍ നിന്നുള്ള തിരിഞ്ഞു നടത്തം ഇങ്ങനെയൊക്കെയായിരുന്നു. ഗുഹാമുഖത്ത് നിന്നും അകത്തേക്ക് കെട്ടിയിട്ടിരിക്കുന്ന നീണ്ട കേബിളായിരുന്നു വഴികാട്ടി.

പതിനെട്ടു നാളിലെ ഗുഹാ ജീവിതം
ഇരുപത്തുഞ്ചുകാരനായ പരിശീലകന്‍ അകീയുടെ ആത്മധൈര്യവും കരുതലുമാണ് ഈ നാളുകളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ തുണയായത്. അദ്ദേഹം പഞിപ്പിച്ച ധ്യാനമുറകളും പകര്‍ന്നു നല്‍കിയ പ്രതീക്ഷയും അവരുടെ ജീവവായുവായി. കഴിഞ്ഞ ദിവസം അവസാന വ്യക്തിയായി കോച്ച് അകീ പുറത്തെത്തുമ്പോള്‍ കുട്ടികളേക്കാള്‍ ക്ഷീണിതനായിരുന്നു അദ്ദേഹം. കൂടാതെ കുട്ടികളുടെ വീട്ടുകാര്‍ അവര്‍ക്കായി എഴുതിയ കത്തുകളും ഏറെ ഉപകാരപ്രദമായി.

കൂട്ടത്തിലൊരാളുടെ പിറന്നാളാഘോഷിക്കാനാണ് ഗുഹക്കകത്തേക്ക കയറിയതെന്നും അതിനായി കരുതിയ പലഹാരം ഈ നാളുകളില്‍ ആശ്വാസമായെന്നും റിപ്പോര്‍ട്ടുണ്ട്.

കുട്ടികള്‍ ഗുഹയില്‍ കടക്കുന്ന സമയത്ത് ഓക്‌സിജന്റെ അളവ് 21 ശതമാനമായിരുന്നു. പിന്നീട് ഇത് 15 ശതമാനമായി താഴ്ന്നു. എല്ലാ പ്രശ്‌നങ്ങളേയും അവര്‍ തരണം ചെയ്യുകയായിരുന്നു. കുട്ടികളെ കണ്ടെത്തിയ രക്ഷാപ്രവര്‍ത്തകര്‍ കൂടിയ അളവില്‍ ഊര്‍ജം അടങ്ങിയ എളുപ്പം ദഹനം സാധ്യമാകുന്ന ഭക്ഷണമാണ് ഇവര്‍ക്ക് നല്‍കിയത്.

 സന്തോഷം സമാധാനം….
ലോകം മുഴുവന്‍ ഇപ്പോള്‍ സന്തോഷത്തിലാണ്. ഏറെ സമാധാനത്തിലും. ആശുപത്രിയിലെ കണ്ണാടിക്കൂട്ടിനുള്ളില്‍ മാസ്‌ക് ധരിച്ചിരിക്കുന്ന കുട്ടികളുടെ ഫോട്ടോ കണ്ടതോടെ തെല്ലൊന്നുമല്ല ആശ്വാസം. അവരുടെ കണ്ണുകളിലെ തെളിച്ചത്തിലുണ്ട് എല്ലാം.

 ശാരീരികമായോ മാനസികമായോ ആര്‍ക്കും ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളുമില്ലെന്ന് തായ്‌ലന്‍ഡ് ഭരണകൂടം അറിയിച്ചിട്ടുണ്ട്. രണ്ടുപേര്‍ക്കു കഴിഞ്ഞദിവസം ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കിയിരുന്നു. ആരോഗ്യവാന്‍മാരണെങ്കിലും കുട്ടികള്‍ ഒരാഴ്ചയെങ്കിലും ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.