2019 November 13 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അഴിമതികള്‍ ചൂണ്ടിക്കാട്ടിയതാണ് ശത്രുതക്ക് കാരണം- പിരിച്ചു വിടല്‍ നീക്കത്തിനെതിരെ രാജു നാരായണ സ്വാമി

കൊച്ചി: സര്‍വ്വീസില്‍ നിന്ന് പുറത്താക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമി.

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് താന്‍ പ്രതികരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശയെ കുറിച്ച് തനിക്കറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ചീഫ് സെക്രട്ടറി ആരോപണ വിധേയനായ കേസിലുള്‍പെടെ താന്‍ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു.

കുറച്ചു കാലമായി സര്‍ക്കാര്‍ തന്നെ വട്ടേയാടുകയാണ്. അഴിമതി ചൂണ്ടിക്കാട്ടിയതാണ് ശത്രുതക്ക് കാരണം. സത്യസന്ധമായി പ്രവര്‍ത്തിച്ചതിന് കിട്ടിയ പ്രതിഫലമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറിക്ക് അഴിമതി വിരുദ്ധ പ്രവര്‍ത്തനത്തില്‍ താല്‍പര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു.

ചീഫ് സെക്രട്ടറിക്ക് അഴിമതി വിരുദ്ധ പ്രവര്‍ത്തനത്തില്‍ താല്‍പര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു.

നാളികേര വികസന ബോര്‍ഡില്‍ തിരിച്ച് ജോലിയില്‍ കയറാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ നാലുമാസമായി ശമ്പളം ലഭിക്കുന്നില്ല. ഗുരുതരമായ അവസ്ഥയിലൂടെയാണ് താന്‍ ഇപ്പോള്‍ കടന്നു പോവുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രധാന തസ്തികകള്‍ വഹിക്കുമ്പോഴും ഓഫീസുകളില്‍ പലപ്പോഴും ഹാജരായിരുന്നില്ലെന്ന് ആരോപണമുണ്ട്. എന്നൊക്കെ ഓഫീസില്‍ വന്നിട്ടുണ്ടെന്നും ഏതൊക്കെ ഫയലില്‍ ഒപ്പിട്ടുണ്ടെന്നും ഓഫീസില്‍ വന്നാല്‍ അറിയാം- രാജു നാരായണ സ്വാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സര്‍വ്വീസില്‍ ഒരു വിജിലന്‍സ് കേസ് മാത്രമാണ് വന്നത്. അത് തെറ്റാണെന്ന് തെളിഞ്ഞു. വിജിലന്‍സ് അത് എഴുതിത്തള്ളി. അന്ന് രമേശ് ചെന്നിത്തല വിളിച്ച് മാപ്പു പറയുക വരെ ചെയ്തു. ഇപ്പോഴുള്ള ശത്രുത മൂന്നാറില്‍ തുടങ്ങിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്.എല്‍.സി, പ്രീഡിഗ്രി, ഗേറ്റ്, ഐ.ഐ.ടി, സിവില്‍ സര്‍വീസ് പരീക്ഷകളില്‍ ഒന്നാം റാങ്ക് നേടിയ വ്യക്തിയാണ് രാജുനാരായണ സ്വാമി. സംസ്ഥാനത്ത് അഞ്ചുജില്ലകളില്‍ കലക്ടറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കാനായി മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന്‍ നിയോഗിച്ച ദൗത്യസംഘത്തിലെ അംഗമായിരുന്നു ഇദ്ദേഹം. കെ സുരേഷ് കുമാര്‍ ഐ.എ.എസ്, ഋഷിരാജ് സിങ് ഐ.പി.എസ് എന്നവരായിരുന്നു മറ്റു സംഘാംഗങ്ങള്‍. മുന്‍ മന്ത്രിയായിരുന്ന ടി.യു. കുരുവിളയുടെ ഭൂമി കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് രാജു നാരായണ സ്വാമിയായിരുന്നു.

കേരളത്തിന്റെ ശുപാര്‍ശ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം അംഗീകരിച്ചാല്‍ സംസ്ഥാനത്ത് പിരിച്ചുവിടപ്പെടുന്ന ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥനാകും രാജു നാരായണ സ്വാമി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.