2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ 18 വയസ് മുതല്‍ അംഗമാവാം, 1500 മുതല്‍ 7500 രൂപവരെ പ്രതിമാസ പെന്‍ഷന്‍

 

തിരുവനന്തപുരം : ക്ഷേമനിധിയില്‍ അംഗമാകുന്നതിനുള്ള കുറഞ്ഞ പ്രായം 18 ആക്കി കുറച്ചുകൊണ്ടുള്ള ഭേദഗതിയോടെ കേരള മദ്‌റസാധ്യാപക ക്ഷേമനിധി ബില്‍ നിയമസഭ പാസാക്കി. 2010 ല്‍ രൂപീകരിച്ച കേരള മദ്‌റസാധ്യാപക ക്ഷേമനിധി പദ്ധതിയില്‍ അംഗമായിരുന്നവരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്നതുമാണ് ബില്‍.

മന്ത്രി കെ.ടി ജലീല്‍ അവതരിപ്പിച്ച ബില്‍ നേരത്തേ ചര്‍ച്ചകള്‍ക്കു ശേഷം സബ്ജക്ട് കമ്മിറ്റിക്കു വിട്ടിരുന്നു.
ക്ഷേമനിധി പദ്ധതിയെ ക്ഷേമനിധി ബോര്‍ഡായി ഉയര്‍ത്തിയതാണ് പ്രധാന നടപടി. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്നയാളാകും ബോര്‍ഡ് ചെയര്‍മാന്‍. മദ്‌റസാധ്യാപകരില്‍നിന്ന് നാലുപേരും മദ്‌റസാ കമ്മിറ്റികളുടെ പ്രതിനിധികളായി നാലുപേരും ഉള്‍പ്പെടെ ഒന്‍പത് ഔദ്യോഗിക അംഗങ്ങളും അഞ്ച് അനൗദ്യോഗിക അംഗങ്ങളും ഉള്‍പ്പെടുന്നതാണ് ഭരണ സമിതി.

ക്ഷേമനിധിയില്‍ മദ്‌റസാധ്യാപകര്‍ക്ക് 1500 മുതല്‍ 7500 രൂപവരെ പ്രതിമാസ പെന്‍ഷന്‍ ഉറപ്പുവരുത്തുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍.
ക്ഷേമനിധിയില്‍ അംഗമാകുന്നതിനുള്ള കൂടിയ പ്രായപരിധി 55 ആണ്. അഞ്ചുവര്‍ഷം കുറയാതെ അംശാദായം അടച്ചാല്‍ അറുപത് വയസ് മുതല്‍ അംശാദായം അടച്ച വര്‍ഷങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി പെന്‍ഷന്‍ അനുവദിക്കും.

ഓരോ മദ്‌റസാധ്യാപകനും പ്രതിമാസം 50 രൂപയാണ് അംശാദായമായി നല്‍കേണ്ടത്. ഓരോ മദ്‌റസാകമ്മിറ്റിയും അവരുടെ കീഴിലുള്ള ഓരോ അധ്യാപകനും വേണ്ടി അന്‍പത് രൂപയും പ്രതിമാസം അടയ്ക്കണം. അതേസമയം ബില്ലുമായി ബന്ധപ്പെട്ട് സബ്ജക്ട് കമ്മിറ്റിയിലെ പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ട, പ്രായം 18 ആയി കുറയ്ക്കുന്നത് ഒഴികെയുള്ള ഭേദഗതികളില്‍ അധികവും മന്ത്രി തള്ളി.
മദ്‌റസാ കമ്മിറ്റി അവരുടെ വിഹിതം അടച്ചില്ലെങ്കില്‍ അതുകൂടി അധ്യാപകന് അടയ്ക്കാന്‍ സൗകര്യമൊരുക്കണം, ക്ഷേമനിധി ബോര്‍ഡിലെ സി.ഇ.ഒ തസ്തികയില്‍ അണ്ടര്‍ സെക്രട്ടറി പദവിയില്‍ ഉള്ള ഉദ്യോഗസ്ഥനെ നിയമിക്കണം തുടങ്ങിയ ഭേദഗതി നിര്‍ദേശങ്ങളാണ് തള്ളിയത്.

പൂര്‍ണമായും മദ്‌റസാധ്യാപകരുടെ ക്ഷേമം മുന്‍നിര്‍ത്തിയല്ല ബില്ലിന് രൂപം നല്‍കിയതെന്ന് മഞ്ഞളാംകുഴി അലി ഭേദഗതി നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
ബില്ലിലെ വ്യവസ്ഥകളുടെ മറവില്‍ ക്ഷേമനിധി ബോര്‍ഡില്‍ സ്വന്തക്കാരെ തിരുകിക്കയറ്റുമെന്നും അദ്ദേഹം വിമര്‍ശിച്ചു. മദ്‌റസകളുടെ ആധുനികവല്‍ക്കരണത്തിന് സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് പി. ഉബൈദുള്ള ആവശ്യപ്പെട്ടു. കേരളത്തിനു പുറത്ത് മദ്‌റസാ അധ്യാപകരായി സേവനം ചെയ്യുന്ന മലയാളികളെയും പദ്ധതിയില്‍ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്ഷേമനിധി ബോര്‍ഡിലേക്ക് അംഗങ്ങളെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കുന്ന രീതി വേണമെന്നും പദ്ധതിക്കായി ഹെല്‍പ് ഡെസ്‌ക് തുടങ്ങണമെന്നും ടി.വി ഇബ്രാഹിം ആവശ്യപ്പെട്ടു. ടി.ജെ വിനോദ്, പി.വി അന്‍വര്‍ എന്നിവരും സംസാരിച്ചു.

ജീവിത പ്രാരാബ്ദങ്ങളോട് ഏറ്റുമുട്ടി തലമുറകളെ വാര്‍ത്തെടുക്കുന്ന മുഴുവന്‍ ഉസ്താദുമാരെയും ഓര്‍മിക്കുന്നുവെന്ന് പറഞ്ഞ മന്ത്രി കെ.ടി ജലീല്‍ തന്നെ പഠിപ്പിച്ച സെയ്ദലവി മുസ്‌ലിയാര്‍, സൈനുദ്ദീന്‍ മുസ്‌ലിയാര്‍,ഹുസൈന്‍ മുസ്‌ലിയാര്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് മറുപടി പ്രസംഗം അവസാനിപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.