2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരെന്ന് പൊലിസ് എഫ്.ഐ.ആര്‍

ഹര്‍ത്താല്‍ പൂര്‍ണ്ണം 

അങ്ങിങ്ങ് അക്രമം

പൊലിസ് നിതാന്ത ജാഗ്രതയില്‍ 

കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരെന്ന് പൊലിസ് എഫ്.ഐ.ആര്‍. ബേക്കല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലാണ് പ്രാദേശിക സി.പി.എം പ്രവര്‍ത്തകരാണ് പ്രതികളെന്ന് പറയുന്നത്. എന്നാല്‍ എല്ലാവിധത്തിലുള്ള അന്വേഷണവും നടത്തുന്നുണ്ട്. ക്വട്ടേഷന്‍ സാധ്യതകളും തള്ളികളയാന്‍ ആവില്ലെന്നാണ് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇരുവരെയും അക്രമിച്ചതിന്റെ സ്വഭാവം കാണുമ്പോള്‍ കൊലയ്ക്ക് പിന്നില്‍ പ്രൊഫഷണല്‍ സംഘമാണോയെന്ന സൂചനകളിലേക്കും പൊലിസ് വിരല്‍ ചൂണ്ടുന്നുണ്ട്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്ല്യോട്ട് കൂരങ്കരയിലെ ജോഷി എന്ന ശരത് (27), കല്ല്യാട്ട് ക്ഷേത്രത്തിന് സമീപത്തെ കിച്ചു എന്ന കൃപേഷ് (21) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് സി.പി.എം പ്രവര്‍ത്തകരാണ് പ്രതികളെന്ന് പൊലിസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് ഇരുവരെയും ബൈക്ക് തടഞ്ഞ് നിര്‍ത്തി ജീപ്പിലെത്തിയ സംഘം വെട്ടിക്കൊന്നത്. സംഭവത്തിലെ പ്രതികളെ കുറിച്ച് അന്വേഷണ സംഘത്തിന് ഇതേവരേ സൂചനകളൊന്നും ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ട ശരത്തിന് തലയ്ക്കും കാലിനുമാണ് വെട്ടേറ്റത്. കൃപേഷിന് തലയ്ക്ക് ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്.

പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം മൃതദേഹങ്ങള്‍ കല്ല്യാട്ടെത്തിച്ച് സംസ്‌കരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ തൃത്വത്തില്‍ കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കള്‍ മൃതദേഹത്തെ അനുഗമിക്കും.

അതേ സമയം ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ബേക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ അങ്ങിങ്ങ് അക്രമം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ ജില്ലയില്‍ കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഘര്‍ഷം പടരാതിരിക്കാന്‍ പൊലിസ് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഏതാനും ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും സര്‍വ്വീസ് നടത്തിയെങ്കിലും ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണമാണ്.

കൂരാങ്കരയിലെ സത്യനാരായണന്റെയും ലതയുടെയും മകനാണ് ശരത്. സജീവ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശരത് ജവഹര്‍ ബാലജനവേദി പുല്ലൂര്‍ മണ്ഡലം പ്രസിഡന്റുമാണ്. പെയിന്റിംങ് തൊഴിലാളി കൃഷ്ണന്റെ മകനാണ് കൃപേഷ്, രണ്ടു സഹോദരിമാരുണ്ട്. ഈയിടെ സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റിയംഗമായ പിതാംബരന് മര്‍ദ്ദനമേറ്റ സംഭത്തില്‍ പൊലിസ് അറസ്റ്റ് ചെയ്ത 11 കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ കൊല്ലപ്പെട്ട ശരത്കൃപേഷും ഉണ്ടായിരുന്നു. റിമാന്‍ഡ് തടവിന് ശേഷം ഇരുവരും ഈയിടെയാണ് പുറത്തിറങ്ങിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.