2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: കമ്പനി മാനേജര്‍ ഉള്‍പെടെ നാല് പേര്‍ അറസ്റ്റില്‍


ബസ് പൊലിസ് പിടിച്ചെടുക്കും

കൊച്ചി: ഇന്നലെ തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്കു പുറപ്പെട്ട കല്ലട ട്രാവല്‍സ് ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കമ്പനി മാനേജര്‍ ഉള്‍പെടെ നാല് പേര്‍ അറസ്റ്റില്‍. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയിലെ ജീവനക്കാര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ബസ് പൊലിസ് പിടിച്ചെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവര്‍ക്കായിരുന്നു ജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നത്. ബസില്‍ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് അക്രമ സംഭവം പുറത്തറിഞ്ഞത്.

ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് പൊലിസ് ഇടപെട്ട് പകരം ബസ് എത്തിച്ച് യാത്ര തുടരുകയായിരുന്നു. എന്നാല്‍ കൊച്ചി വൈറ്റിലയിലെ കല്ലട ഓഫിസില്‍ എത്തിയപ്പോള്‍ ഹരിപ്പാട് വെച്ചുണ്ടായ തര്‍ക്കത്തിനു പകരം ചോദിക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ ബസിനുള്ളിലേക്ക് കയറി യാത്രക്കാരെ അക്രമിക്കുകയായിരുന്നു.

സംഭവത്തില്‍ കല്ലട ട്രാവല്‍സിന്റെയും റെഡ്ബസിന്റെയും പേജിലും പ്ലേ സ്റ്റോര്‍ ആപ്പുകളിലും സോഷ്യല്‍മീഡിയ ക്യാംപെയ്ന്‍ നടക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.