2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കഴിഞ്ഞ പ്രളയത്തിന് നല്‍കിയ ചെക്കുകള്‍ മാറിയില്ല: കേരളാ ഹൗസ് ഉദ്യോഗസ്ഥര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം

മലയാളി സംഘടനകളുടെ യോഗത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച സമ്മതിച്ച് മന്ത്രി

 

 

ന്യൂഡല്‍ഹി: കേരളത്തിനുള്ള പ്രളയ സഹായം ചര്‍ച്ച ചെയ്യാന്‍ കേരളാ ഹൗസിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി ഡോ. എ സമ്പത്ത് വിളിച്ചു ചേര്‍ത്ത ഡല്‍ഹിയിലെ മലയാളി സംഘടനകളുടെ യോഗത്തില്‍ കേരളാ ഹൗസ് ഉദ്യോഗസ്ഥര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം. 2018ലെ പ്രളയത്തിന് സഹായമായി നല്‍കിയ ലക്ഷക്കണക്കിന് തുകയുടെ ചെക്കുകള്‍ ഇതുവരെ അക്കൗണ്ടിലേക്ക് മാറ്റിയില്ലെന്നും മാറ്റിയ തുകയുടെ റസീപ്റ്റ് കിട്ടാന്‍ നാലു മാസം കാത്തിരുന്ന് ഒടുവില്‍ മന്ത്രിമാര്‍ക്ക് നിവേദനം നല്‍കേണ്ടി വന്നുവെന്നും സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സുപ്രിംകോടതി ജസ്റ്റിസ് കൂര്യന്‍ ജോസഫ് തുടങ്ങിയ പ്രമുഖരിരിക്കുന്ന വേദിയിലായിരുന്നു വിമര്‍ശനം. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ പക്കല്‍ വീഴ്ചയുണ്ടായതായി മന്ത്രി സമ്മതിച്ചു. തങ്ങള്‍ പിരിച്ച തുക എട്ടര ലക്ഷം രൂപയുടെ ചെക്കായി കഴിഞ്ഞ തവണ നല്‍കിയെങ്കിലും തുക പിന്‍വലിക്കാതെ ഇപ്പോഴും അക്കൗണ്ടിലുണ്ടെന്ന് ഡല്‍ഹി പോലിസിലെ മലയാളി അസോസിയേഷന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി. കേരളാഹൗസിലെ ജീവനക്കാരുടെ പെരുമാറ്റം മോശമാണെന്നും മലയാളികള്‍ക്ക് ഇവിടേക്ക് പ്രവേശനം പോലുമില്ലാത്ത സാഹചര്യമാണുള്ളതെന്നും വന്നാല്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ പോലും അനുവദിക്കാറില്ലെന്നും പ്രതിനിധികള്‍ പരാതിപ്പെട്ടു.

പ്രളയം പോലുള്ള ആവശ്യങ്ങള്‍ വരുമ്പോള്‍ മാത്രമാണ് നിങ്ങള്‍ ഞങ്ങളെ ഓര്‍ക്കുന്നത്. ഇതു ശരിയായ നടപടിയല്ലെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. കേരളത്തിനു വേണ്ടി ഇനിയും പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. പ്രളയം കഴിഞ്ഞ് ഇത്രയുമായിട്ടും കേരളത്തിനായി അവശ്യവസ്തുക്കള്‍ ശേഖരിക്കാന്‍ കേരളാഹൗസ് സംവിധാനമൊരുക്കിയിട്ടില്ലെന്നും പരാതിയുയര്‍ന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് വിശ്വാസ്യത ഇല്ലാതായതായി പ്രതിനിധികളിലൊരാള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രി അതിനെ എതിര്‍ത്തു. ദുരിതാശ്വാസ നിധിയില്‍ നിന്ന് ചിലവഴിച്ചതിന്റെ കണക്കും മന്ത്രി വിശദീകരിച്ചു.

സ്റ്റേറ്റ് ബാങ്കിന്റെ പിഴവുമൂലമാണ് പല ചെക്കുകള്‍ മാറാന്‍ കഴിയാതിരുന്നതെന്നും കേരളാഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍ മറുപടി നല്‍കി. അതു മൂലം ചില ചെക്കുകള്‍ കാലാവധി കഴിഞ്ഞതായും പുനീത് കുമാര്‍ സമ്മതിച്ചു. തുടര്‍ന്ന് പ്രളയം ഇല്ലാതാക്കുന്നതിനും ഉണ്ടായാല്‍ നാശനഷ്ടമില്ലാതെ മറികടക്കാനുള്ള സൗകര്യമേര്‍പ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ചും അഭിപ്രായമുയര്‍ന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News