2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

ഹര്‍ത്താല്‍: ചിലയിടങ്ങളില്‍ സംഘര്‍ഷം, കല്ലേറ്

തിരുവനന്തപുരം: കാസര്‍കോട് രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷം.

തലസ്ഥാനത്ത് കിളിമാനൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു. ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞു. സംഭവത്തില്‍ അഞ്ച് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടുന്നില്ല.

എറണാകുളം ജില്ലയിലെ ചിലയിടങ്ങളില്‍ ബസുകള്‍ അനുകൂലികള്‍ തടയുന്നുണ്ട്. മിക്ക കടകളും തുറന്നിരിക്കുകയാണ്. നിലവില്‍ കൊച്ചി നഗരത്തെ ഹര്‍ത്താല്‍ വലിയ രീതിയില്‍ ബാധിച്ചിട്ടില്ല.

കൊല്ലത്ത് സര്‍വ്വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ സമരാനുകൂലികള്‍ കല്ലെറിഞ്ഞു. ജില്ലയിലെ വിവിധയിടങ്ങളിലും ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കെ.എസ്.ആര്‍.ടി.സി ബസുകളെല്ലാം കൊല്ലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെത്തി സര്‍വ്വീസ് അവസാനിപ്പിച്ചു. 
ജില്ലാ സഹകരണ ബാങ്ക് അടപ്പിക്കാന്‍ സമരാനുകൂലികളെത്തിയത് ചെറിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി. ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും പൊലിസുകാരും തമ്മില്‍ ചെറിയ വാക്കു തര്‍ക്കവുമുണ്ടായി. തുറന്നിരുന്ന കടകളും പെട്രോള്‍ പമ്പുകളും സമരക്കാരെത്തി നിര്‍ബന്ധിച്ച് അടപ്പിച്ചു. മാധ്യമ സ്ഥാപനങ്ങള്‍ അടപ്പിക്കുന്നതിനും ശ്രമമുണ്ടായി. 
 

കോഴിക്കോട് കുന്ദമംഗലം പന്തീര്‍പാടത്ത് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. കൊല്ലം നഗരത്തിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞു. കൊല്ലം, ചവറ ശങ്കര മംഗലത്തും കണ്ണൂര്‍ പയ്യോളിയിലും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുന്നു.

സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പൊലിസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലിസ് മേധാവിമാര്‍ക്കും അടിയന്തിര നിര്‍ദ്ദേശം നല്‍കി.

ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നടത്താനിരുന്ന എസ്.എസ്.എല്‍.സി, ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി മാതൃകാ പരീക്ഷകള്‍ മാറ്റി. കെ എസ് യു സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.