2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

ഫിറോസിനെതിരായ കേസ്: ഇടത് സര്‍ക്കാരിന്റേത് പകപോക്കല്‍ രാഷ്ട്രീയമെന്ന് മുനവ്വറലി തങ്ങള്‍

നാളെ പഞ്ചായത്ത് തലത്തില്‍ പ്രതിഷേധ പ്രകടനം

കോഴിക്കോട് : മന്ത്രിമാരുടെയും സി.പി.എം നേതാക്കളുടെയും അഴിമതിയും സ്വജനപക്ഷപാതവും പുറത്ത് കൊണ്ട് വന്ന് ഇടത്പക്ഷ സര്‍ക്കാരിനെയും സി.പി.എമ്മിനെയും മുള്‍മുനയില്‍ നിര്‍ത്തിയതിനുള്ള പകപോക്കലാണ് യൂത്ത്‌ലീഗ് സംസ്ഥന ജനറല്‍ സെക്രട്ടറി ഫിറോസിനെതിരെ വ്യാജരേഖ ആരോപണം ഉന്നയിച്ച് പോലീസ് കേസെടുത്തിരിക്കുന്നതെന്ന് യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കരിനെ വിമര്‍ശിക്കുന്നവര്‍ക്ക് എതിരെ കേസെടുത്ത് നിശബ്ദമാക്കാനുള്ള ശ്രമം വിലപ്പോവില്ല. രണ്ട് മന്ത്രിമാര്‍ക്കെതിരെയും സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് നേരെയും അഴിമതി ആരോപണം ഉയര്‍ന്നിട്ട് നാളിത്‌വരെ യാതൊരു തലത്തിലുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഇതിനകം വിജിലന്‍സില്‍ രണ്ട് പരാതി നല്‍കിയിട്ടും അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അപ്പോഴാണ് സി.പി.എം എം.എല്‍.എ നല്‍കിയ പരാതിയില്‍ ധൃതി പിടിച്ച് കേസെടുത്തിരിക്കുന്നത്. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. യൂത്ത് ലീഗ് നടത്തുന്ന സമര പോരാട്ടങ്ങളെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാമെന്നത് വ്യമോഹമാണ്. അഴിമതി ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം! ഉന്നയിക്കപ്പെട്ട അഴിമതിയില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. എതിര്‍ ശബ്ദങ്ങളെ കേസെടുത്ത് ഇല്ലാതാക്കുന്ന മോദിയുടെ ഫാസിസ്റ്റ് ശൈലിയാണ് പിണറായി വിജയനും പിന്തുടരുന്നത് എന്നത് ഇതോടെ വ്യക്തമായിരിക്കയാണ്.

പി.കെ ഫിറോസിനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് കൊണ്ട് നാളെ ഞ്ചായത്ത് / മുനിസിപ്പല്‍ തലത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും തങ്ങള്‍ പറഞ്ഞു. ത്ര സമ്മേളനത്തില്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും പങ്കെടുപത്തു.

മന്ത്രിക്കെതിരെ എം.എല്‍.എയുടെ പേരില്‍ വ്യാജരേഖ ചമച്ചെന്ന പരാതിയില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ പൊലിസ് കേസെടുത്തിരുന്നു. ജയിംസ് മാത്യു എം.എല്‍.എയുടെ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പൊലിസാണ് കേസെടുത്തത്. വ്യാജരേഖ ചമയ്ക്കല്‍, അപകീര്‍ത്തിപെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കോഴിക്കോട് ലീഗ് ഹൗസില്‍ വച്ചായിരുന്നു പി.കെ ഫിറോസ് പത്രസമ്മേളനം നടത്തിയിരുന്നത്. അതിനാലാണ് വെള്ളയില്‍ പൊലീസ് കേസെടുത്തത്.

ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി സി.പി.എം നേതാവിന്റെ ബന്ധുവിനെ മന്ത്രി കെ.ടി. ജലീല്‍ അനധികൃതമായി നിയമിച്ചെന്ന പ്രചാരണത്തിനായി പി.കെ. ഫിറോസ് വ്യാജരേഖ ചമച്ചതെന്നാണ് ജയിംസ് മാത്യു എം.എല്‍.എയുടെ പരാതിയിലെ ആരോപണം. ജയിംസ് മാത്യു തനിക്ക് തന്ന കത്തല്ല ഫിറോസ് പുത്തുവിട്ടതെന്ന് മന്ത്രി എ.സി. മൊയ്തീനും വ്യക്തമാക്കിയിരുന്നു. സ്ഥാപനത്തിലെ യൂനിയന്‍ നേതാവായ ജയിംസ് മാത്യു ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തദ്ദേശഭരണ മന്ത്രിക്ക് 20 പേജുളള കത്ത് നല്‍കിയിരുന്നു. ഇതില്‍ നല്‍കിയ കത്തിലെ ഒരു ഭാഗംമാറ്റി ടെക്്‌നിക്കല്‍ ആര്‍ക്കിടെക്ചറല്‍ തസ്തികയില്‍ എന്നതിന് പകരം ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ എന്ന് ചേര്‍ത്ത് തട്ടിപ്പ് നടത്തിയെന്നാണ് ഫിറോസിന്റെ പരാതിയിലെ ആരോപണം. ഈ പേജ് ഫിറോസ് മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു.

വ്യാജ രേഖ ചമച്ചതിനെതിരെ ജയിംസ് മാത്യു മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും കഴിഞ്ഞ ആഴ്ചയാണ് പരാതി നല്‍കിയത്. ഈ പരാതി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ കെ. സഞ്ജയ്കുമാര്‍ ഗരുഡിനെ ചുമതലപ്പെടുത്തുകയും കേസെടുക്കുകയുമായിരുന്നു.

ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി ജലീലിനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എതിരെ ഫിറോസ് ആരോപണം ഉന്നയിച്ചത് സര്‍ക്കാരിനെയും സി.പി.എമ്മിനേയും പ്രതിസന്ധിയിലാക്കിയിരുന്നു. മന്ത്രിയുടെ രാജി സി.പി.എം ആവശ്യപ്പെടാത്തത് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനില്‍ സി.പിഎം നേതാവിന്റെ ബന്ധുവിന് നല്‍കിയ നിയമനം ചൂണ്ടിക്കാട്ടി ജലീല്‍ കോടിയേരിയെ ബ്ലാക്ക് മെയില്‍ ചെയ്തതിനാലാണെന്നായിരുന്നു ഫിറോസിന്റെ ആരോപണം. ജയിംസ് മാത്യുവും ഇക്കാര്യം ചൂണ്ടിക്കാട്ടിയെന്ന് വ്യക്തമാക്കുന്ന രേഖയും ഫിറോസ് പുറത്തുവിട്ടിരുന്നു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.