2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുന്നു, മഴ വിട്ടുനില്‍ക്കുന്നു; രക്ഷാപ്രവര്‍ത്തനവും തകൃതിയില്‍

കൊച്ചി/കോഴിക്കോട്: ന്യൂനമര്‍ദ ഭീഷണിയില്‍ നിന്ന് കേരളം ഒഴിവായി. വൃഷ്ടിപ്രദേശത്ത് മഴയുടെ അളവ് കുറയുന്നു, രക്ഷാപ്രവര്‍ത്തനം സുശക്തമായി തുടരുന്നു- അങ്ങനെ ആശ്വാസവാര്‍ത്തകളുടെ ദിവസമാണ് വെള്ളിയാഴ്ച.

ഇടുക്കിയിലെ ജലനിരപ്പ് കുറഞ്ഞുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. 2401.92 അടിയായാണ് ഇടുക്കിയിലെ ജലനിരപ്പ് കുറഞ്ഞത്.

വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെയാണ് ജലനിരപ്പില്‍ കുറവുണ്ടായത്.

1500 ക്യുബിക് മീറ്റര്‍ വെള്ളമാണ് ഒരു സെക്കന്റില്‍ ഇടുക്കിയില്‍ നിന്ന് ഇപ്പോഴും പുറത്തുവിടുന്നത്. ഇത് കൂട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി എം.എം മണി ഇന്നലെ വ്യക്തമാക്കിയിരുന്നു. 2000 ക്യുബിക് മീറ്ററായി ഉയര്‍ത്തുമെന്ന പ്രചരണത്തേത്തുടര്‍ന്നാണ് അദ്ദേഹം കാര്യം വ്യക്തമാക്കിയത്.

 

ബാണാസുര ഡാം ഷട്ടര്‍ താഴ്ത്തി

വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ബാണാസുര ഡാം ഷട്ടറുകള്‍ 20 സെ.മി കൂടി താഴ്ത്തി. നിലവില്‍ 225 സെ.മി യാണ് ഷട്ടറുകളുടെ ഉയരം. ഇതോടെ പരിസര പ്രദേശങ്ങളിലെ ജലനിരപ്പ് താഴാന്‍ സാധ്യതയുണ്ട്.

ജലനിരപ്പ് താഴ്ന്നാലും ഒരു ദിവസം കാത്തിരുന്നതിന് ശേഷം മാത്രം പ്രദേശവാസികള്‍ വീടുകളിലേക്ക് മടങ്ങിയെത്തിയാല്‍ മതിയെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ചയോടെ മഴ പൂര്‍ണമായും കുറയും

ഞായറാഴ്ചയോടെ കേരളത്തില്‍ മഴ പൂര്‍ണമായും കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും മഴ തുടരുമെങ്കിലും ശക്തമായ മഴ ആയിരിക്കില്ല. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

കോഴിക്കോട് വെള്ളംകയറിയ കക്കോടി, കിരാലൂര്‍, ഊര്‍ക്കടവ് ഭാഗത്തുനിന്നുള്ള രക്ഷാപ്രവര്‍ത്തനം

 

രക്ഷാപ്രവര്‍ത്തനം യുദ്ധകാലടിസ്ഥാനത്തില്‍

രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ഏകോപനം കൈവന്നു. keralarescue.in എന്ന സര്‍ക്കാര്‍ വെബ്‌സൈറ്റ് കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്തുകയും രക്ഷാപ്രവര്‍ത്തകര്‍ക്ക് സഹായകരമാവുകയും ചെയ്യുന്നുണ്ട്. സായുധ സേന മാത്രം ഇതിനകം 3000 പേരെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനത്തെത്തിച്ചു. 750 ലേറെ പേര്‍ക്ക് ഇവര്‍ മരുന്നും നല്‍കി. അടിയന്തരമായി ഒരുക്കേണ്ട വഴികള്‍ സേന സജ്ജീകരിക്കുന്നുണ്ട്.

 

കൂടാതെ, നാട്ടുകാരും മത്സ്യബന്ധന തൊഴിലാളികളും രക്ഷാപ്രവര്‍ത്തന രംഗത്ത് സജീവമാണ്.

വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഡൈവിങ് ടീമിനെയും കേന്ദ്ര പ്രതിരോധ മന്ത്രാലയം രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.

ദുരന്തനിവാരണ സേനയുടെ 12 സംഘങ്ങള്‍ കൂടി ഇന്നെത്തി. വെള്ളവും ഭക്ഷണവും ഹെലികോപ്റ്റര്‍ വഴി നല്‍കുന്നുണ്ട്. 23 ഹെലികോപ്റ്ററുകളാണ് രക്ഷാപ്രവര്‍ത്തന ദൗത്യത്തിലുള്ളത്. സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവാണ്.

നെടുമ്പാശ്ശേരിയില്‍ നിന്ന് നേവി എയര്‍ലിഫ്റ്റ് ചെയ്തുകൊണ്ടുപോയ യുവതി ആശുപത്രിയില്‍ പ്രസവിച്ചപ്പോള്‍

 

ഒന്‍പതു ദിവസത്തിനിടെ മരണം 178

178 പേരാണ് ഒന്‍പതു ദിവസത്തിനിടെ മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മാത്രം നൂറിലേറെ പേര്‍ മരിച്ചു. ജൂലൈ 29നു ശേഷം മഴക്കെടുതിയില്‍ മാത്രം മരിച്ചവരുടെ എണ്ണം 360 ല്‍ കൂടുതല്‍ വരും. പതിനായിരം കോടി രൂപയുടെ നഷ്ടമാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.