2018 June 11 Monday
വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസിനെ നയിക്കുക.
ശ്രീബുദ്ധന്‍

ന്യൂനമര്‍ദം കേരള തീരത്തേക്ക്; സഞ്ചാരപാത ഓഖിയുടേത്

ചുഴലിക്ക് സാധ്യത, കാസര്‍കോട് വരെ മത്സ്യബന്ധനത്തിന് വിലക്ക്

കെ.ജംഷാദ്

കോഴിക്കോട്: ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ തെക്കന്‍ ശ്രീലങ്കയ്ക്ക് സമീപം രൂപപ്പെട്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ച് തെക്കുകിഴക്കന്‍ അറബിക്കടലിലേക്ക്. ഓഖി സഞ്ചരിച്ച പാതയിലാകും ന്യൂനമര്‍ദം സഞ്ചരിക്കുകയെന്നും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കലാവസ്ഥാ നിരീക്ഷകരുടെ നിഗമനം.
കരയില്‍നിന്ന് അല്‍പം മാറിയാണ് സഞ്ചാരപഥമെന്നതിനാല്‍ തീരദേശ ജില്ലകളില്‍ വ്യാപകമഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഭേദപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരത്തും കൊല്ലത്തും ഇന്നുമുതല്‍ മഴയുണ്ടാകും.

ലോ പ്രഷര്‍ ഏരിയ (എല്‍.പി.എ) ആയി രൂപപ്പെട്ട ന്യൂനമര്‍ദം ഇന്നലെ വെല്‍ മാര്‍ക്ഡ് ലോ പ്രഷര്‍ ഏരിയ (ഡബ്ല്യു.എം.എല്‍) ആയി മാറി. ഇന്നലെ രാത്രിയോടെ കന്യാകുമാരിക്ക് സമീപം എത്തിയ ന്യൂനമര്‍ദം വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയാണ്. ഇന്ന് മാലദ്വീപ് കടലിനുസമീപം ന്യൂനമര്‍ദം ഡിപ്രഷന്‍ ആയി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. തെക്കുകിഴക്കന്‍ അറബിക്കടലില്‍ വച്ച് ഡിപ്രഷന്‍ കേരള തീരത്തോടുചേര്‍ന്ന് സഞ്ചരിച്ച് നാളെ വീണ്ടും ശക്തികുറഞ്ഞ് ഡബ്ല്യു.എം.എല്‍ ആകുമെന്നും പിന്നീട് ദുര്‍ബലപ്പെട്ട് മഹാരാഷ്ട്ര തീരത്തേക്ക് പോകുമെന്നുമാണ് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയുടെ നിരീക്ഷണം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം ചുഴലിക്കാറ്റാകാറില്ലെന്നും വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ക്ഷയിക്കുകയാണ് പതിവെന്നും ഇവര്‍ പറയുന്നു.

എന്നാല്‍, ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തള്ളിക്കളയുന്നില്ല. കടല്‍വെള്ളത്തിന്റെ ചൂട് ഇതിനു അനുയോജ്യമാണ്. 28-29 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ അറബിക്കടലിലെ താപനില. കന്യാകുമാരി മേഖലയില്‍ ഇന്നലെ ഓഷ്യന്‍ തെര്‍മല്‍ എനര്‍ജി 50 കിലോ ജൂളും അറബിക്കടലില്‍ 100 കിലോ ജൂളുമാണ്. ഇതുപ്രകാരം ചുഴലിസാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മേഖലാ സൈക്ലോണിക് വാണിങ് സെന്ററിന്റെ നിഗമനം. എന്നാല്‍, ഓഖിപോലെ ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടാകില്ല.

അതിനിടെ, കടല്‍ പ്രക്ഷുബ്ധമാകുമെന്ന മുന്നറിയിപ്പ് ഇന്‍കോയിസ് വീണ്ടും പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം വിഴിഞ്ഞം മുതല്‍ കോഴിക്കോട് വരെയുള്ള മുന്നറിയിപ്പ് ഇന്നലെ കാസര്‍കോട് വരെ നീട്ടി. മണിക്കൂറില്‍ 55 കി.മി വേഗത്തില്‍ കാറ്റിനും തിരമാലകള്‍ 6 മുതല്‍ 9 അടി വരെ ഉയരാനും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ 14 വരെ കടലില്‍ പോകരുതെന്നും പ്രത്യേക ബുള്ളറ്റിനില്‍ പറയുന്നു.


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.