2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പാവം കേരളകോണ്‍ഗ്രസിന്റെ ജാതകം

വി. അബ്ദുല്‍ മജീദ്

കെ.എസ്.ആര്‍.ടി.സിയുടെ ചില ബസ് സ്‌റ്റേഷനുകളില്‍ കരിങ്കുരങ്ങിന്റെ ചിത്രമുള്ള ബോര്‍ഡ് കാണാം. അതിനു താഴെ ‘പാവമാണ്, കൊല്ലരുത് ‘എന്നെഴുതിയിട്ടുണ്ടാകും. അതുപോലെയാണു കേരളകോണ്‍ഗ്രസ്(എം) എന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചര്‍ച്ചയില്‍ പങ്കെടുത്ത എന്‍. ജയരാജന്‍.
പാവമാണു പാര്‍ട്ടി. എന്നാല്‍, ചിലര്‍ കൊല്ലണമെന്ന ആഗ്രഹത്തോടെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടൊന്നും പാര്‍ട്ടി മരിക്കില്ല. പാര്‍ട്ടിയുടെ ജാതകം അങ്ങനെയാണെന്നു ജയരാജന്‍ പറഞ്ഞപ്പോള്‍, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഈ പാര്‍ട്ടി നാട്ടില്‍ കാണില്ലെന്നായി പി.സി ജോര്‍ജ്.
ജോര്‍ജ് അങ്ങനെ പറഞ്ഞെങ്കിലും അദ്ദേഹം പൂഞ്ഞാറിലെ പുലിയാണെന്നു സമ്മതിച്ചുകൊടുക്കാന്‍ ജയരാജിനു മടിയില്ല. ഈ പുലി എന്തിനാണ് ഇടയ്ക്കിടെ കാഞ്ഞിരപ്പള്ളിയില്‍വന്നു തന്നെ കുറ്റം പറയുന്നതെന്നാണു ജയരാജിന്റെ ചോദ്യം. തന്റെ പാര്‍ട്ടിയെ എല്ലാവരും ഭയപ്പെടുന്നുണ്ടെന്നും അതുകൊണ്ടാണു പലരും ആക്രമിക്കുന്നതെന്നും ജയരാജ് അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസുകാരുടെ ബുദ്ധിനിലവാരം അളക്കാന്‍ എം. നൗഷാദ് ശ്രമിച്ചതു സഭയില്‍ ബഹളത്തിനിടയാക്കി. കോണ്‍ഗ്രസുകാര്‍ മാനസികവികാസമില്ലാത്തവരാണെന്ന് അവരുടെ സഖ്യകക്ഷിയായ ആര്‍.എസ്.പിയുടെ നേതാവ് ടി.ജെ ചന്ദ്രചൂഡന്‍ പറഞ്ഞിട്ടുണ്ട്. തന്റെ നാട്ടില്‍ മാനസിക വികാസമില്ലാത്തവരെ മന്ദബുദ്ധികളെന്നാണു വിളിക്കുന്നതെന്നും കോണ്‍ഗ്രസുകാര്‍ മന്ദബുദ്ധികളാണെന്നുമൊക്കെ നൗഷാദ് പറഞ്ഞപ്പോള്‍ പ്രതിപക്ഷം ബഹളം വച്ച് എഴുന്നേറ്റു.
നൗഷാദിന്റെ പരാമര്‍ശം പ്രതിഷേധാര്‍ഹമാണെന്നും അതു സഭാരേഖകളില്‍ നിന്നു നീക്കണമെന്നും ക്രമപ്രശ്‌നമുന്നയിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. പരിശോധിച്ചു നീക്കേണ്ടതാണെങ്കില്‍ നീക്കാമെന്നു ചെയറില്‍നിന്ന് ഉറപ്പുലഭിച്ചപ്പോള്‍, പറഞ്ഞതു തെറ്റാണെങ്കില്‍ താന്‍ തന്നെ അതു പിന്‍വലിക്കാമെന്നു നൗഷാദ്. ഇതോടെ പ്രതിപക്ഷം ശാന്തരായി.
മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ സര്‍ക്കാര്‍ കെ.ടി ജലീലിന്റെ വാക്കു മാത്രം വിശ്വസിച്ചാല്‍ പോരെന്നു ടി.വി ഇബ്രാഹിം. ദേവസ്വംബോര്‍ഡിലെ നിയമനത്തിനു പ്രത്യേകസംവിധാനമുണ്ട്. അതു നല്ലകാര്യം.
അതേസമയം, വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കു വിടുന്നതിനെ അംഗീകരിക്കാനാവില്ല. സ്‌കൂളുകളുടെ വികസനത്തിനു തയാറാക്കുന്ന ഡി.പി.ആര്‍ പ്രൊജക്ടില്‍ എല്ലാ സ്‌കൂളുകളിലും എസ്.എഫ്.ഐക്ക് ഇടിമുറി സ്ഥാപിക്കണമെന്ന നിര്‍ദേശം കൂടി ഉള്‍പെടുത്തണമെന്നും ഇബ്രാഹിം.
പണ്ട്, സോഷ്യലിസ്റ്റുകള്‍ ജനസംഘവുമായി കൂട്ടുകൂടിയതു നാട്ടുകാര്‍ കരുതുന്നപോലെ ഇഷ്ടമുണ്ടായിട്ടൊന്നുമല്ല. അതു കോണ്‍ഗ്രസ് നിര്‍ബന്ധിച്ചു ചെയ്യിച്ചതാണെന്നു സി.കെ നാണു. കോണ്‍ഗ്രസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിനെ നേരിടാന്‍ ജനസംഘവുമായി കൂട്ടുകൂടേണ്ടി വന്നു.
അങ്ങനെയാണെങ്കില്‍ വി.പി സിങ് സര്‍ക്കാരിനു പിന്തുണയ്ക്കായി ബി.ജെ.പിയെ കൂട്ടിയതിനും ലോക്‌സഭയില്‍ രണ്ടംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബി.ജെ.പിക്കു മികച്ച വിജയം നേടിക്കൊടുത്തു വളര്‍ത്തിയതിനും എന്തു ന്യായീകരണമാണുള്ളതെന്ന് എന്‍. ഷംസുദ്ദീന്റെ ചോദ്യം.
ജനതാദള്‍ കൂടെ കൂട്ടിയില്ലെങ്കിലും ബി.ജെ.പി വളരുമായിരുന്നെന്നും ഇന്ദിരാവധത്തെ തുടര്‍ന്നുണ്ടായ സഹതാപതരംഗത്തിലാണു മുമ്പ് ബി.ജെ.പിക്കു സീറ്റ് രണ്ടായി ചുരുങ്ങിയതെന്നും നാണുവിന്റെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടയ്‌ക്കൊന്നു പിറകിലെ സീറ്റിലേക്കു മാറിയിരുന്നതിനു പി.സി ജോര്‍ജിന്റെ വിമര്‍ശനം.
മുഖ്യമന്ത്രി ഇങ്ങനെ പിന്‍നിരയില്‍ പോയിരിക്കാന്‍ പാടില്ലെന്നു ജോര്‍ജ്. ഇതു കേട്ടയുടന്‍ പിണറായി എഴുന്നേറ്റു മുന്‍നിരയിലെ തന്റെ ഇരിപ്പിടത്തില്‍ പോയിരുന്നു.
ഇതുപോലുള്ള നാക്കിനു പറയുന്നൊരു വാക്കുണ്ടെന്നും തല്‍ക്കാലം താനതു പറയുന്നില്ലെന്നും ജോര്‍ജിനു പിണറായിയുടെ മറുപടി.
സഭ ഗാന്ധിജിക്കു സ്മരണാഞ്ജലി അര്‍പ്പിച്ചപ്പോള്‍ സഭയില്‍ ഒ. രാജഗോപാലിന്റെ അസാന്നിധ്യം ശ്രദ്ധേയമായി.
നന്ദിപ്രമേയചര്‍ച്ചയില്‍ അതിനെക്കുറിച്ചു പരാമര്‍ശവുമുണ്ടായി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.