2020 May 27 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മാറിമറിഞ്ഞ് കേരളത്തിലെ കാലാവസ്ഥ , പലയിടങ്ങളിലും ഇന്നലെ രേഖപ്പെടുത്തിയത് 30 ഡിഗ്രി സെല്‍ഷ്യസ്

 

അഷ്‌റഫ് ചേരാപുരം
കോഴിക്കോട്: കാലംതെറ്റി വന്ന മണ്‍സൂണ്‍ വേണ്ടതിലേറെ മഴ തന്നുവെങ്കിലും മഴ മാറിയപ്പോഴേക്കും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. മഴ മാറിനിന്ന ഇന്നലെ കേരളത്തില്‍ എല്ലായിടത്തും വലിയ തോതില്‍ ഉഷ്ണം അനുഭവപ്പെട്ടു. 30 ഡിഗ്രി സെല്‍ഷ്യസും അതിന് മുകളിലുമായിരുന്നു ഇന്നലെ ഉച്ചയ്ക്ക് വിവിധ ജില്ലകളിലെ താപനില. കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ 30 നും അതിനുമുകളിലും ചൂടുണ്ടായി. വയനാട്ടിലെ കല്‍പ്പറ്റയില്‍ 26 ഡിഗ്രിയും ഇടുക്കിയില്‍ 24 മായിരുന്നു ഇന്നലത്തെ താപനില.
അടുത്ത 10 ദിവസം കേരളത്തില്‍ സാധാരണ മഴക്ക് മാത്രമാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ സൂചിപ്പിക്കുന്നുണ്ട്. ഈ മാസം 20 വരെ മിക്ക ജില്ലകളിലും വെയില്‍ കൂടുതലും മഴ കുറവുമായിരിക്കും. തീവ്രത കൂടുതലുള്ള വെയിലിന്റെ സാധ്യതയാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അടുത്ത 14 ദിവസത്തില്‍ ഏറ്റവും കൂടിയ ചൂട് ഈ മാസം 21ന് ശനിയാഴ്ചയായിരിക്കുമെന്നാണ് നിഗമനം. അന്ന് 31 ഡിഗ്രി വരെ പകല്‍ ചൂടുണ്ടാകും. ഇന്ന് താപനില 26 ഡിഗ്രി സെല്‍ഷ്യസ് എന്ന നിലയില്‍ ഏറ്റവും ചുടുള്ള രാത്രിയായി അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. തെക്കന്‍ ജില്ലകളില്‍ തിരുവനന്തപുരം മുതല്‍ കൊച്ചി വരെ കൂടുതല്‍ ചൂട് അനുഭവപ്പെടുമ്പോള്‍ മലബാറില്‍ കോഴിക്കോട്, വയനാട്, മൈസൂരു ഭാഗങ്ങളില്‍ പകല്‍ കുറഞ്ഞ ചൂടിനാണ് സാധ്യതയെന്നാണ് കരുതുന്നത്.
മലപ്പുറം, കോഴിക്കോട്, പാലക്കാട് ഉള്‍പ്പെടെ ഇതുവരെ നല്ല മഴ ലഭിച്ചിരുന്ന ജില്ലകളില്‍ പൊതുവേ മഴ കുറയാനാണ് സാധ്യത. എന്നാല്‍ മണ്‍സൂണ്‍ ഏറ്റവും കൂടുതല്‍ വര്‍ഷിച്ച മലയോര മേഖലകളില്‍ പെട്ടെന്നുള്ള മഴയുണ്ടായേക്കും. കാറ്റിന്റെ ഗതിയും ശക്തിയും അനുകൂലമായതിനാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തി കൂടിയതും എന്നാല്‍ നീണ്ടുനില്‍ക്കാത്തതുമായ മഴയാണ് ഉണ്ടാവുക. മലയോരത്താണ് ഇതിന് സാധ്യത കൂടുതല്‍ എന്നതിനാല്‍ പുഴയിലെ വിനോദവും കുളിയും മറ്റും സുരക്ഷിതമല്ല. ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.