2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എവിടെയായിരിക്കും ആമിന എന്ന മറിയ ഫ്രാന്‍സിസിന്റെ ബന്ധുക്കള്‍

എവിടെയായിരിക്കും ആമിന എന്ന മറിയഫ്രാന്‍സിസിന്റെ ഗ്രാമം. അവളുടെ ബന്ധുക്കളില്‍ ആരെങ്കിലും ഉണ്ടാവുമോ അവിടെ…രണ്ട് പതിറ്റാണ്ടിനും മുമ്പ് തങ്ങളുടെ വിരല്‍തുമ്പില്‍ നിന്ന് ഊര്‍ന്നു പോയ കുഞ്ഞു ആമിനയെ തേടി അലയുന്നുണ്ടാവുമോ അവരും…കണ്ണീര്‍ തോരാത്ത പ്രാര്‍ത്ഥനയോടെ അങ്ങ് ദൂരേക്കൊരു പ്രതീക്ഷയില്‍ കണ്ണുനട്ട് നില്‍പുണ്ടാവുമോ ആറ് കൂടപ്പിറപ്പുകള്‍…സിനിമയെ പോലും വെല്ലുന്ന ഈ കഥയില്‍ ഇനി അറിയാനുള്ളത് ഇതാണ്.

ഇത് ആമിന എന്ന മറിയ ഫ്രാന്‍സിസ്. മാധ്യമപ്രവര്‍ത്തകന്‍ പി.ടി തുഫൈലിന് ഒരു പരിപാടി കഴിഞ്ഞിറങ്ങുമ്പോള്‍ വീണു കിട്ടിയതാണ് ഇവരുടെ ഉദ്വോഗജനകമായ ഈ കഥ. 22 വര്‍ഷം മുമ്പ് വടക്കേ ഇന്ത്യയിലെ ഏതോ ഗ്രാമത്തില്‍ നിന്ന് കട്ടപ്പനയിലെ ആള്‍ക്കൂട്ടത്തില്‍ തനിച്ചു പോയവള്‍. പകച്ചു നിന്ന ആ വൈകുന്നേരം സ്‌നേഹശ്രമത്തില്‍ അഭയം കിട്ടിയവള്‍. ഊമയായ ഒരു നാടോടിപ്പെണ്ണ്. പിന്നീട് റോഡിമോന്‍ വര്‍ഗീസ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന് വെളിച്ചമായി അവള്‍. ആണ്ടുകള്‍ക്കിപ്പുറം റോഡിമോന്റെ ആറു കു#്ഞുങ്ങളെ പെറ്റുപോറ്റി തഴക്കം വന്ന ഒരു വീട്ടമ്മയായിരിക്കുന്നു ഈ നാടോടിപ്പെണ്‍കുട്ടി.

കുടുംബത്തോടൊപ്പം

റോഡിമോന്‍ തന്നെയാണ് തന്റെ പ്രിയപ്പെട്ടവളുടെ ബന്ധുക്കളെ കണ്ടെത്തണമെന്ന തീരുമാനിച്ചത്. അവളുടെ ഓര്‍മച്ചെപ്പില്‍ കുറച്ചടയാളങ്ങളേ ഇനി ബാക്കിയുള്ളു. ഹൃദയത്തിന്റെ ആകൃതിയിലുള്ള വലിയ സ്തൂപം ദേശീയ പതാക കല്ലുപാകിയ വഴിത്താരകള്‍….അമീര്‍ ഖാന്റെ അകേലെ ഹം അകേലെ തും എന്ന സിനിമയിലെ പാട്ടുരംഗം ചിത്രീകരിച്ച പാര്‍ക്ക്…ഷൂട്ടിങ്ങിന് വന്ന അമീര്‍ഖാന് ഷേക്ക് ഹാന്‍ഡ് നല്‍കിയത്…അങ്ങിനെ നീളുന്നു മറിയയുടെ നിറംമങ്ങിത്തുടങ്ങിയ ഓര്‍മച്ചീളുകള്‍. ഉര്‍ദുവുമായി സാമ്യമുള്ള ഒരു ലിപിയിലാണ് അവര്‍ എവുതുന്നത്. കയ്യില്‍ 786 എന്ന് പച്ചകുത്തിയിട്ടുമുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് മറിയയുടെ കഥ തുഫൈല്‍ പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഇത് റോഡിമോന്‍ വര്‍ഗീസ്. കൂടെയുള്ളത് അദ്ദേഹത്തിന്റെ ഭാര്യ ആമിന എന്ന മറിയ ഫ്രാന്‍സിസും മക്കളും. ആലപ്പുഴയിലെ ഒരു യോഗത്തിന് പോയ സ്ഥലത്തു നിന്നാണ് ഞാന്‍ റോഡിമോനെ കാണുന്നത്. യോഗം കഴിഞ്ഞ് ആളുകളോട് കുശലം പറഞ്ഞിരിക്കുമ്പോള്‍ കൂട്ടത്തില്‍ നിന്നും റോഡിമോന്‍ എന്റെ അടുത്ത് വന്നു. ഒരു കാര്യം പറയാനുണ്ട്, പോകുന്നതിനുമുമ്പ് ഒന്നു കാണണം എന്നു പറഞ്ഞു. ഞാന്‍ അതത്ര ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ പോകാന്‍ നേരം അദ്ദേഹം വീണ്ടും അടുത്തു വന്നു. ‘എന്റെ ഭാര്യയുടെ ബന്ധുക്കളെ കണ്ടുപിടിക്കാനാണ്. തുഫൈല്‍ ഡല്‍ഹിയിലായതു കൊണ്ട് സഹായിക്കാനായേക്കും,’ അദ്ദേഹം പറഞ്ഞു. അതു കേട്ടപ്പൊഴേ എന്നിലെ പത്രപ്പ്രവര്‍ത്തകന്‍ ഉണര്‍ന്നു. ഇതു പോലെ ഓരോ സ്ഥലങ്ങളില്‍ ഓരോ ആളുകളെ കാണാനും അവരുടെ കഥകള്‍ കേള്‍ക്കാനുമുള്ള ഒരു നിയോഗമാണല്ലോ പത്രപ്രവര്‍ത്തക ജന്മം! ‘ഞാന്‍ വീട്ടിലേക്ക് വരാം. നാളെ ഫോണില്‍ ബന്ധപ്പെടൂ’ എന്ന് പറഞ്ഞ് ഞാന്‍ അദ്ദേഹത്തിന് ഫോണ്‍ നമ്പര്‍ കൈമാറി അവിടെ നിന്നിറങ്ങി.

പിറ്റേന്ന് രാവിലെ തന്നെ അദ്ദേഹം വിളിച്ചു. ഉച്ചയോടെ ഞാന്‍ താമസിക്കുന്നിടത്തേക്ക് ഒരു വണ്ടിയുമായി എത്തി. മനോഹരമായ കുട്ടനാടന്‍ ഗ്രാമവീഥികളിലൂടെയുള്ള യാത്ര. വഴിയില്‍ റോഡിമോന്‍ മനസ്സു തുറന്നു. കുട്ടനാടന്‍ വയലുകളേക്കാള്‍ പച്ചപ്പേറിയതും മനോഹരമായതുമാണ് ആ മനസ്സ്. വഴിയില്‍ ഇരു വശങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന കായല്‍പരപ്പുകളിലും ആഴമേറിയ സ്‌നേഹത്തിന്റെയും കദനത്തിന്റെയും കഥയാണ് റോഡിമോന്‍ പറഞ്ഞു തുടങ്ങിയത്.

ഇടുക്കി ജില്ലയിലെ കുമളിയില്‍ നിന്നും ആലപ്പുഴയിലെ എടത്വയിലേക്ക് ഒരു വാടക വീടെടുത്ത് താമസം മാറിയെത്തിയതാണ് റോഡിമോനും മറിയയും. ആശാരിപ്പണിയെടുത്താണ് റോഡിമോന്‍ കുടുംബം പുലര്‍ത്തുന്നത്. കുമളി വനമേഖല ആയതു കൊണ്ട് മരത്തടിയില്‍ ഫോറസ്റ്റുകാരുടെ കണ്ണുകളും നിയന്ത്രണങ്ങളും ഉള്ളതുകൊണ്ട് ആശാരിപ്പണി അവിടെ ബുദ്ധിമുട്ടായിരുന്നു എന്ന് റോഡിമോന്‍ പറയുന്നു. അതുകൊണ്ടാണ് മറിയയെയും കൂട്ടി ആലപ്പുഴയിലേക്ക് താമസം മാറിയത്.

22 വര്‍ഷങ്ങള്‍ക്കു മുമ്പ് കട്ടപ്പനയിലെ ‘സ്‌നേഹാശ്രമം’ എന്ന ഒരു അനാഥാലയത്തില്‍ വെച്ചാണ് റോഡിമോന്‍ മറിയയെ ആദ്യം കാണുന്നത്. അന്ന് റോഡിമോന്‍ പത്താം ക്‌ളാസില്‍ പഠിക്കുകയായിരുന്നു. സ്‌നേഹാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ റോഡിമോനും ആ നാട്ടിലെ മറ്റു ചെറുപ്പക്കാരും സജീവമായി സഹകരിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. 1998 ലെ ഒരു സായാഹ്നത്തിലാണ് ആമിന എന്ന മറിയ സ്‌നേഹാശ്രമത്തില്‍ എത്തിപ്പെടുന്നത്. അന്ന് കട്ടപ്പനയിലെ ബസ്സ് സ്റ്റാന്റില്‍ വഴിതെറ്റി എത്തിയ നാടോടിപ്പെണ്‍കുട്ടി വൈകുന്നേരമായിട്ടും എങ്ങും പോകാനില്ലാതെ വിഷമിച്ചിരിക്കുന്നതു കണ്ടപ്പോള്‍ കുറച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ അവളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
പോലീസ് അവളെ സ്‌നേഹാശ്രമത്തിലും എത്തിച്ചു. ആമിനക്ക് സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ല. കൈയില്‍ ഇസ്ലാം വിശ്വാസത്തെ സൂചിപ്പിക്കുന്ന ‘786’ എന്ന് പച്ച കുത്തിയിട്ടുണ്ട്. കൈസഞ്ചിയില്‍ നൃത്തത്തിനുള്ള വേഷങ്ങളുണ്ട്. അന്ന് 14 വയസ്സ് പ്രായം തോന്നിച്ചിരുന്നു. ഏതോ നാടോടി നൃത്തസംഘത്തില്‍ നിന്നും വഴി തെറ്റി എത്തിയതായിരുന്നു. അന്ന് അവളില്‍ നിന്നും ലഭിച്ച സൂചന അനുസരിച്ച് ആശ്രമത്തിലെ ആളുകള്‍ പലയിടങ്ങളിലും അവളുടെ ബന്ധുക്കളെ തേടിയിരുന്നു.

ആറു വര്‍ഷം കഴിഞ്ഞ് 2003 ല്‍ റോഡിമോന്‍ ആമിനയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു. ആരുമില്ലാത്ത ആമിനക്ക് റോഡിമോന്‍ ഒരു തുണയും ആശ്രയവുമായി. കുറച്ച് എതിര്‍പ്പുകള്‍ അവിടുന്നും ഇവിടുന്നും ഉയര്‍ന്നു വന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് റോഡിമോന്‍ ആമിനയെ വിവാഹം ചെയ്തു. റോഡിമോന്‍ അവളെ മറിയ ഫ്രാന്‍സിസ് എന്നു വിളിച്ചു. സംസാരശേഷിയും കേള്‍വി ശക്തിയുമില്ലാത്ത ആമിനയോട് റോഡിമോന്‍ ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിച്ചു. മറിയ റോഡിമോന് നക്ഷത്രങ്ങളെ പോലെയുള്ള ആറു കുഞ്ഞുങ്ങളെ സമ്മാനിച്ചു.

ആ കുടുംബം അങ്ങനെ സന്തോഷത്തില്‍ കഴിയുമ്പൊഴാണ് പത്രത്തില്‍ റോഡിമോന്‍ പാക്കിസ്താനില്‍ അകപ്പെട്ടു പോയി പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഗീതയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കാണുന്നത്. ഗീതയുടെയും മറിയയുടെയും അനുഭവം ഏതാണ്ട് സമാനമാണെന്ന് റോഡിമോന്‍ കണ്ടു. ഗീതക്കും മറിയയെ പോലെ തന്നെ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ല. കുഞ്ഞിലേ ഏതോ ട്രെയിനില്‍ കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ട് വഴിതെറ്റി പാക്കിസ്ഥാനിലെത്തിയ ഗീതയെ അവിടുത്തെ ഈദി ഫൗണ്ടേഷന്‍ എന്ന ഒരു സന്നദ്ധസംഘടന ഏറ്റെടുത്ത് സംരക്ഷിച്ചു. അവള്‍ക്ക് 20 വയസ്സായപ്പോള്‍ ഇന്ത്യയുടെ കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്ന സുഷമാ സ്വരാജ് ഗീതയെക്കുറിച്ച് അറിഞ്ഞ് അവളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ട് വരാന്‍ ഏര്‍പ്പാട് ചെയ്യുകയും ഇന്ത്യയുടെ പുത്രി എന്ന് വിളിച്ച് ആഘോഷപൂര്‍ണമായ സ്വീകരണം നല്‍കുകയും ചെയ്തു. ശേഷം മന്ത്രിയുടെ തന്നെ മേല്‍നോട്ടത്തില്‍ ഗീതയുടെ വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ടു പോയ അച്ഛനമ്മമാരെ കണ്ടെത്താനുള്ള ശ്രമങ്ങളുമാരംഭിച്ചു. ഗീതയുടെ ലക്ഷണങ്ങള്‍ കേട്ട് മക്കളെ നഷ്ടപ്പെട്ട നിരവധി ദമ്പതികള്‍ ഗീതയെ തേടിയെത്തി. പക്ഷെ, അവര്‍ക്കാര്‍ക്കും ഗീതയുടെ മാതാപിതാക്കളായി ഇതുവരെ സ്വയം സ്ഥാപിക്കാനായിട്ടില്ല.

അവിടെയാണ് റോഡിമോന്റെ മനസ്സുണര്‍ന്നത്. ഗീതയെ തേടി വരുന്നവരുടെ കൂട്ടത്തില്‍ സമാന ലക്ഷണങ്ങളോടു കൂടിയ ആമിനയുടെ മാതാപിതാക്കളും ഉണ്ടെങ്കിലോ?

അങ്ങനെയാണ് റോഡിമോന്‍ മറിയയോട് തന്റെ ഭൂതകാലത്തെക്കുറിച്ച് വീണ്ടും ചോദിച്ചു തുടങ്ങിയത്. ആദ്യമാദ്യം മറിയ അതിനോട് ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തിയില്ലെങ്കിലും പിന്നീട് റോഡിമോന്റെ പ്രോല്‍സാഹനം കാരണം മറിയയിലും ആ ആഗ്രഹം വീണ്ടും തീവ്രമായി ഉടലെടുത്തു. ഓര്‍മ്മക്കയത്തില്‍ മുങ്ങി മറിയ അവളുടെ ഭൂതകാലത്തില്‍ നിന്നും പലപല അടയാളങ്ങളുടെ മുത്തുച്ചിപ്പികള്‍ പെറുക്കിയെടുത്തു.

ആമിന വരച്ച നാട്

അപ്പോഴാണ് റോഡിമോന് മനസ്സിലായത് കുഞ്ഞുങ്ങള്‍ക്ക് പലപ്പോഴും മറിയ വരച്ചു കൊടുത്തിരുന്ന ഹൃദയത്തിന്റെ ആകൃതിയിലുള്ള വലിയ സ്തൂപത്തിന്റെയും ദേശീയ പതാകയുടെയും ചിത്രം മറിയയുടെ ഗ്രാമത്തില്‍ അവള്‍ക്ക് ഓര്‍മ്മയുള്ള ഒരു സ്ഥലത്തിന്റെ ചിത്രമായിരുന്നു എന്ന്.

കുട്ടനാടന്‍ കായല്‍ തീരത്തെ ഒന്നാം നിലയിലെ അവരുടെ വാടക മുറിയിലേക്ക് ഞാന്‍ എത്തുമ്പോള്‍ മറിയ കുട്ടികളെ മുറിയില്‍ കളിക്കാന്‍ ഇരുത്തി അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലായിരുന്നു. കണ്ടാല്‍ ഇപ്പോള്‍ അവര്‍ ഒരു മലയാളി സ്ത്രീ അല്ല എന്ന് ആരും പറയില്ല. ഉറുദു പോലെ ഒരു ലിപിയില്‍ അവര്‍ക്ക് എഴുതാന്‍ അറിയാം. കൂട്ടം തെറ്റി കട്ടപ്പനയില്‍ എത്തിയ യാത്രയില്‍ ഇടയ്‌ക്കെപ്പൊഴോ ഒരു അപകടം സംഭവിച്ചതായി അവര്‍ ഓര്‍ക്കുന്നുണ്ട്.. അവരുടെ ഗ്രാമത്തില്‍ പണ്ടെന്നോ ഒരു സംഘര്‍ഷമുണ്ടായതും അവര്‍ ഓര്‍ക്കുന്നുണ്ട്. ആറു സഹോദരങ്ങള്‍ ഉണ്ടായിരുന്നു അവര്‍ക്ക് എന്നും പറയുന്നു.

അവരുടെ വീടിന്റെ പരിസരം ഓര്‍മയില്‍ നിന്നെടുത്ത് അവര്‍ എനിക്ക് വരച്ചു കാണിച്ചു തന്നു. അതില്‍ കാണിച്ച ദേശീയ പതാക നില്‍ക്കുന്ന തൂണിന്റെ അടിവശം കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. അതിന് നാല് അടി വീതിയും രണ്ട് അടി പൊക്കവും ഉണ്ട്.
വീടുകള്‍ നിരനിരയായി നില്‍ക്കുന്നു.
വീടുകളുടെ ഇടവഴിയിലും ഫ്‌ലാഗിന്റെ ചുറ്റിലും കല്ല് പാകിയിരിയ്ക്കുന്നു. ഈ വീടുകളുടെ നാല് ചുറ്റിലും വലിയ റോഡുകള്‍ ഉണ്ട്. ഈ കോമ്പൗണ്ടിനുള്ളില്‍ തന്നെ ഒരു മോസ്‌കും ഉണ്ട്. അതിനു പിറകില്‍ റെയില്‍പാതയുണ്ട്. ഒരു നിരയില്‍ മുപ്പതിന് മുകളില്‍ വീടുകള്‍ ഉണ്ടാകും. അങ്ങനെ പല നിര വീടുകള്‍. ഈ നിരകള്‍ക്കിടയിലൂടെ ഓട്ടോയും ബൈക്കും പോവാന്‍ പറ്റിയ വീതിയുണ്ട്.

ഒരിക്കല്‍ ബോളിവുഡ് താരം അമീര്‍ഖാന്റെ ഫോട്ടോ കണ്ടപ്പോള്‍ താന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും ഷെയ്ക്ഹാന്റ് കൊടുത്തിട്ടുണ്ടെന്നും മറിയ റോഡിമോനോട് പറഞ്ഞിരുന്നു. അന്ന് റോഡിമോനത് കാര്യമാക്കിയിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ ടി.വിയില്‍ അമീര്‍ ഖാന്‍ അഭിനയിച്ച ‘അകേലേ ഹം അകേലേ തും’ എന്ന പാട്ട് സീന്‍ കാണാനിടയായപ്പോള്‍ പെട്ടെന്ന് മറിയക്ക് ഓര്‍മകളുടെ ഒരു വേലിയേറ്റമുണ്ടാവുകയും ആ പാട്ട് സീന്‍ ചിത്രീകരിച്ചത് തന്റെ ഗ്രാമത്തിനടുത്തുള്ള ഒരു പാര്‍ക്കില്‍ നിന്നാണെന്നും അതിന്റെ ചിത്രീകരണത്തിനിടക്കാണ് അമീര്‍ ഖാനെ കണ്ടതും ഷെയ്ക് ഹാന്റ് കൊടുത്തതെന്നും മറിയ പറഞ്ഞു.

റോഡിമോന്‍ ഇപ്പോള്‍ ആ സിനിമയുടെ സംവിധായകനെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ്. ആ പാട്ട് ചിത്രീകരിച്ച ലൊക്കേഷന്‍ കണ്ടെത്താനും. അതു പോലെ ഗീതയുടെ അച്ഛനമ്മമാരെ കണ്ടെത്താന്‍ സഹായിക്കുന്ന ഡല്‍ഹിയിലെ വക്കീലിനെ ബന്ധപ്പെടണം. ഗീതയെ തേടിയെത്തി മടങ്ങുന്നവരില്‍ ആമിനയുടെ രക്ഷിതാക്കളുണ്ടോ എന്ന് തിരക്കണം. തനിക്ക് ആറു കുഞ്ഞുങ്ങളെ സമ്മാനിച്ച തന്റെ ജീവിതസഖിക്ക് അവളുടെ അച്ഛനമ്മമാരെയും സഹോദരങ്ങളെയും കണ്ടെത്തിക്കൊടുക്കണം. ആശാരിപ്പണി ചെയ്ത് വാടകവീട്ടില്‍ കുടുംബം പുലര്‍ത്തുന്നതിനിടയില്‍ റോഡിമോന് ഇനി അതാണ് ജീവിതലക്ഷ്യം. കുട്ടനാടന്‍ കായലു പോലെ ആ മോഹത്തിന് ആഴവും പരപ്പും കൂടുകയാണ്. ഹൃദയം കൊണ്ട് മാത്രം സംസാരിക്കാനും മനസ്സു കൊണ്ട് മാത്രം കേള്‍ക്കാനുമാകുന്ന
മറിയയുടെ ഉള്ളു തുറന്നുള്ള ചിരി കാണുമ്പോള്‍ ആ മോഹം കുട്ടനാടന്‍ കാറ്റുകളുടെ തേരേറി പറക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.