2019 March 18 Monday
സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് – മുഹമ്മദ് നബി (സ)

കേരളാ ബാങ്ക് വീണ്ടും ത്രിശങ്കുവില്‍; ജില്ലാ ബാങ്കുകളുടെ ജനറല്‍ ബോഡി യോഗം റദ്ദ് ചെയ്തു

 

#ബാസിത് ഹസന്‍
തൊടുപുഴ: കേരളാ ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് നടത്താനിരുന്ന ജില്ലാ ബാങ്കുകളുടെ ജനറല്‍ ബോഡി യോഗം കോടതിയില്‍ നിന്നുള്ള തിരിച്ചടി ഭയന്ന് അടിയന്തരമായി റദ്ദ് ചെയ്തു.
ജില്ലാ സഹകരണ ബാങ്കുകളുടെ ലയന അംഗീകാരത്തിനു വേണ്ടി വിളിച്ചിരുന്ന ജില്ലാ സഹകരണ സ്‌പെഷല്‍ ജനറല്‍ ബോഡി യോഗമാണ് ഹൈകോടതി സ്റ്റേ ഭയന്ന് സര്‍ക്കാര്‍ റദ്ദ് ചെയ്തത്. ഇതോടെ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരള ബാങ്ക് രൂപീകരണം വീണ്ടും ത്രിശങ്കുവിലായി.
നടപടിക്രമം പാലിക്കാതെ ജനറല്‍ ബോഡി യോഗം വിളിച്ചതിനാല്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം സഹകാരികള്‍ നല്‍കിയ റിട്ട് ഹരജിയില്‍ രണ്ട് ദിവസമായി നടന്ന വാദത്തിനു ഒടുവില്‍ സ്റ്റേ വീഴും എന്ന് ഉറപ്പായതോടെ യോഗം മാറ്റിവച്ചതായി ഇന്നലെ അഡി. അഡ്വക്കറ്റ് ജനറല്‍ കെ.കെ രവീന്ദ്രനാഥ് രേഖാമൂലം കോടതിയെ അറിയിക്കുകയായിരുന്നു.
പൊതുയോഗ നോട്ടിസിനൊപ്പം അമാല്‍ഗമേഷന്‍ പ്രൊപ്പോസല്‍ നല്‍കാത്തത് വലിയ വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു. അംഗങ്ങള്‍ക്ക് ഇന്നലെ മാത്രമാണ് അമാല്‍ഗമേഷന്‍ സ്‌കീം നല്‍കിയത്. ഇതര സഹകരണ സംഘങ്ങള്‍ക്കും കേരള ബാങ്കില്‍ വോട്ടവകാശം നല്‍കണമെന്ന പുതിയ വ്യവസ്ഥ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി നബാര്‍ഡിനു കത്ത് നല്‍കിയിരുന്നു. ഇതു സാധ്യമല്ലെന്ന് നബാര്‍ഡ് സര്‍ക്കാരിനെ അറിയിച്ചതും തിരിച്ചടിയായി.
11000 ത്തോളം വരുന്ന ഇതര സഹകരണ സംഘങ്ങള്‍ക്ക് ജില്ലാ സഹകരണ ബാങ്കില്‍ വോട്ടവകാശം ഉണ്ടായിരുന്നപ്പോള്‍ പാലക്കാട് ഒഴികെ 13 ജില്ലാ ബാങ്കുകളും യു.ഡി.എഫ് നിയന്ത്രണത്തിലായിരുന്നു. ഇടത് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ ഇതര സഹകരണ സംഘങ്ങള്‍ക്ക് വോട്ടവകാശം ഒഴിവാക്കി ജില്ലാ ബാങ്കുകള്‍ രണ്ട് വര്‍ഷത്തില്‍ കൂടുതലായി അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാക്കി.
ഇതര സംഘങ്ങള്‍ക്ക് കേരള ബാങ്കില്‍ വോട്ടവകാശം നല്‍കണമെന്ന വ്യവസ്ഥയില്‍ നബാര്‍ഡ് വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് അറിയിച്ചതോടെ കേരള ബാങ്ക് രൂപീകരിച്ചാല്‍ ഭരണസമിതി യു.ഡി.എഫിന് ലഭിക്കുന്ന സാഹചര്യം സംജാതമായി. ഇതും സര്‍ക്കാരിനെ വെട്ടിലാക്കി.
രാജ്യത്ത് കേരളം ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ഇതര സഹകരണ സംഘങ്ങള്‍ക്ക് ജില്ലാ ബാങ്കില്‍ വോട്ടവകാശമുള്ള അംഗത്വമുണ്ട്. ബാങ്കിങ് റഗുലേഷന്‍ ആക്ട് പ്രകാരം ആര്‍.ബി.ഐ ലൈസന്‍സുള്ള ബാങ്കുകളുടെ ലയനത്തിന് ബന്ധപ്പെട്ട ബാങ്കുകളുടെ ജനറല്‍ ബോഡി യോഗത്തില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകാരം ലഭിക്കണം. ഇത് കേവല ഭൂരിപക്ഷം എന്നാക്കിയ സര്‍ക്കാര്‍ നടപടിക്ക് ആര്‍.ബി.ഐ അംഗീകാരം ലഭിക്കാനുള്ള സാധ്യതയും കുറവാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.