2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

കേരള ബാങ്ക്: ജില്ലാ ബാങ്കുകളിലെ അപ്രഖ്യാപിത നിയമന നിരോധനത്തിന് തിരിച്ചടി

ബാസിത് ഹസന്‍

തൊടുപുഴ: കേരള ബാങ്ക് രൂപീകരണത്തിനായി ജില്ലാ സഹകരണ ബാങ്കുകളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത നിയമന നിരോധനത്തിന് ഹൈക്കോടതിയില്‍നിന്ന് തിരച്ചടി. സ്റ്റാഫ് പാറ്റേണ്‍ പ്രകാരം പി.എസ്.സി മുഖാന്തരം നികത്തേണ്ട ഒഴിവുകള്‍ മൂന്നാഴ്ചക്കുള്ളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും തുടര്‍നിയമനം നടത്താനുമാണ് ഉത്തരവ്. 11 ജില്ലകളിലെ ക്ലര്‍ക് കാഷ്യര്‍ പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് സമര്‍പ്പിച്ച റിട്ട് പെറ്റിഷന്‍ പരിഗണിച്ചാണ് ജസ്റ്റിസ് അനു ശിവരാമന്‍ ഇടക്കാല വിധി പുറപ്പെടുവിച്ചത്.
കേരള ബാങ്ക് രൂപീകരണം മുന്‍നിര്‍ത്തി ജില്ലാ ബാങ്കുകളുടെ പുതിയ ശാഖകള്‍ തുടങ്ങുന്നതിനും പുതിയ തസ്തിക സൃഷ്ടിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി 2016 സെപ്റ്റംബര്‍ ഒന്‍പതിനു സഹകരണസംഘം രജിസ്ട്രാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
സഹകരണ മേഖലയില്‍ കേരള ബാങ്ക് എന്ന ആശയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ജില്ലാ ബാങ്കുകളുടെ ശാഖകള്‍ ആരംഭിക്കുക, കൂടുതല്‍ ജീവനക്കാരെ നിയമിക്കുക എന്നിവയില്‍ സര്‍ക്കാരില്‍നിന്ന് നിര്‍ദേശം ഉണ്ടാകുന്നതുവരെ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളേണ്ടതില്ലെന്നായിരുന്നു രജിസ്ട്രാറുടെ ഉത്തരവ്. എന്നാല്‍ സി.പി.എം നേതൃത്വത്തിന്റെ സമ്മര്‍ദത്തേത്തുടര്‍ന്ന്, പി.എസ്.സി നിയമനങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ലെന്ന ഭേദഗതി ഉത്തരവ് 2016 സെപ്റ്റംബര്‍ 23ന് പുറത്തിറക്കിയെങ്കിലും അപ്രഖ്യാപിത നിയമന നിരോധനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ജില്ലാ ബാങ്കുകളുടെ റിട്ടയര്‍മെന്റ് പ്രമോഷനുകള്‍ അടക്കം നിലച്ചു.
2017 ഏപ്രില്‍ മുതല്‍ ജില്ലാ ബാങ്കുകള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലായതോടെ നിയമനങ്ങള്‍ പൂര്‍ണമായും നിലയ്ക്കുകയായിരുന്നു. 2017 ജനുവരിയില്‍ പി.എസ്.സി പ്രസിദ്ധീകരിച്ച ജില്ലാ ബാങ്ക് ക്ലര്‍ക് കാഷ്യര്‍ തസ്തികയുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ആറായിരത്തോളം പേര്‍ക്ക് ഇതോടെ നിയമനാവസരം ഇല്ലാതായി. തുടര്‍ന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ നിരന്തര നിയമയുദ്ധത്തിലാണ്.
14 ജില്ലാ ബാങ്കുകളിലുമായി ഈ റാങ്ക് ലിസ്റ്റില്‍ നിന്ന് 192 നിയമനങ്ങള്‍ മാത്രമാണ് നടന്നത്. തിരുവനന്തപുരം ജില്ലയില്‍ ഒന്നാം റാങ്കുകാരനു പോലും നിയമനം ലഭിച്ചിട്ടില്ല.
കേരള ബാങ്കുമായി ബന്ധപ്പെട്ട് രൂപീകരിച്ച എം.എസ് ശ്രീറാം കമ്മിറ്റി, അഞ്ചു വര്‍ഷത്തേക്ക് നിയമനം പാടില്ലെന്നും ബാങ്ക് ശാഖകളുടെയും ജീവനക്കാരുടെയും എണ്ണം കുറയ്ക്കണമെന്നും സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു. ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ട് യാതൊരു ഭേദഗതിയും വരുത്താതെ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. 14 ജില്ലാ സഹകരണ ബാങ്കുകള്‍ക്കും സംസ്ഥാന സഹകരണ ബാങ്കിനുമായി 60105.30 കോടി രൂപയുടെ നിക്ഷേപമുണ്ട്. ജില്ലാ ബാങ്കുകള്‍ക്ക് 785 ശാഖകളുണ്ട്.
കേരള ബാങ്ക് നിലവില്‍ വന്നാലും ജില്ലാ ബാങ്കുകളുടെ ഒരു ശാഖയും പൂട്ടുകയോ ജീവനക്കാരെ കുറയ്ക്കുകയോ ചെയ്യേണ്ടിവരില്ലെന്ന് സഹകരണ മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ കേരള ബാങ്ക് രൂപീകരണം സംബന്ധിച്ച് അവ്യക്തത ഇപ്പോഴും നീങ്ങിയിട്ടില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം ഇതുവരെ കേരള ബാങ്ക് രൂപീകരണത്തിനു ലഭിച്ചിട്ടുമില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.