2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി: തനിക്കെതിരായ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടി സുപ്രിംകോടതിയെ സമീപിച്ചു. കലക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

സ്വകാര്യ വ്യക്തിയെന്ന നിലയിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹരജിയില്‍ പറയുന്നു. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന വിധി തെറ്റാണ്. സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങുന്ന ഒരു കാബിനറ്റ് തീരുമാനത്തെ ചോദ്യം ചെയ്താല്‍ മാത്രമാണ് അത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമോ അല്ലെങ്കില്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ ചോദ്യം ചെയ്യലോ ആവുക. ഇത് അത്തരത്തില്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവല്ല. കളക്ടറുടെ റിപ്പോര്‍ട്ടാണ്. റവന്യൂ വകുപ്പിന്റെ ഒരു നടപടി മാത്രമാണ്. ഒരു വകുപ്പിന്റെ നടപടി ചോദ്യം ചെയ്യുക മാത്രമാണ് താന്‍ ചെയ്തിരിക്കുന്നതെന്നും അപ്പീലില്‍ പറയുന്നു.

കായല്‍ കയ്യേറ്റത്തില്‍ ഹൈക്കോടതിയില്‍നിന്ന് പ്രതികൂല പരാമര്‍ശമുയര്‍ന്നതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടിക്ക് രാജി വയ്‌ക്കേണ്ടി വന്നത്.

തോമസ് ചാണ്ടി കുട്ടനാട്ടില്‍ നടത്തിയ ഭൂമിയിടപാടുകള്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ നിയമവും ലംഘിച്ചെന്നുമാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. മാര്‍ത്താണ്ഡം കായലിലെ ഭൂമികയ്യേറ്റവും ലേക്ക് പാലസ് റിസോര്‍ട്ടിനു മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച റിപ്പോര്‍ട്ട്, ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.