2018 October 16 Tuesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

കാണാതായ നാവികന്‍ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി കണ്ടെത്തി

ന്യൂഡല്‍ഹി: കാണാതായ മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി കണ്ടെത്തി. ഇന്ത്യന്‍ നാവിക വിമാനമാണ് പായ്‌വഞ്ചി കണ്ടെത്തിയത്. ഇന്ത്യന്‍ നാവികസേനയുടെ പി81 വിമാനമാണ് ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അഭിലാഷിന്റെ പായ് വഞ്ചി കണ്ടെത്തിയത്. ജൂണ്‍ ഒന്നിന് ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട അഭിലാഷ് കഴിഞ്ഞ 84 ദിവസമായി കടലില്‍ പ്രയാണത്തില്‍ തന്നെയാണ്.

താന്‍ സുരക്ഷിതനാണെന്നും ബോട്ടിന്റെ ഉള്ളില്‍ കിടക്കുയാണെന്നുമാണ് അഭിലാഷില്‍ നിന്നും അവസാനമായി ലഭിച്ച സന്ദേശം. ശക്തമായ കാറ്റില്‍ പായ്‌വഞ്ചിയുടെ പായകെട്ടുന്ന തൂണ് ഒടിഞ്ഞുവീണ് മുതുകിന് പരിക്കേറ്റ് എഴുന്നേല്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് അഭിലാഷ്. ഭക്ഷണവും മരുന്നും അഭിലാഷിന്റെ പായ് വഞ്ചിയിലെത്തിക്കും. അഭിലാഷിനെ രക്ഷിക്കാന്‍ കപ്പല്‍ തന്നെ വേണ്ടി വരുമെന്നാണ് നാവിക സേന പറയുന്നത്. നാവികസേനയില്‍ കമാന്‍ഡറാണ് മുപ്പത്തിയൊന്‍പതുകാരനായ അഭിലാഷ്. കൊച്ചി കണ്ടനാട് സ്വദേശിയാണ് അഭിലാഷ്. ഒറ്റയ്‌ക്കൊരു പായ് വഞ്ചിയില്‍ കടലിലൂടെ ഒരിടത്തും നിര്‍ത്താതെ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോഡിന് ഉടമയാണ്.

ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒറ്റയ്ക്ക്, ഒരിടത്തും നിര്‍ത്താതെ കടലിലൂടെ ലോകം ചുറ്റി, തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തുന്ന മത്സരമാണ് ഗോള്‍ഡന്‍ ഗ്ലോബ്. ഇതില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ഏക ഏഷ്യക്കാരനാണ് ഇദ്ദേഹം. ആസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3000 കിലോമീറ്റര്‍ അകലെയാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്. ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുകയായിരുന്ന അഭിലാഷ് 84 ദിവസംകൊണ്ട് 19,444 കിലോമീറ്റര്‍ പിന്നിട്ടിരുന്നു. വിമാനം കണ്ടതായി അഭിലാഷ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതരെ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News