2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

പ്രളയക്കെടുതി: സര്‍വ്വ കക്ഷി യോഗം ഇന്ന്

  • രാവിലെ മന്ത്രിസഭായോഗവും ചേരും

തിരുവനന്തപുരം: പ്രളയക്കെടുതി ചര്‍ച്ചചെയ്യാന്‍ വൈകിട്ട് നാലിന് സര്‍വകക്ഷിയോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. കേന്ദ്രസഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുന്നതു സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും.

പ്രളയ ദുരിതാശ്വാസത്തിന്റെ തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാന്‍ രാവിലെ ഒമ്പതു മണിക്ക് മന്ത്രിസഭാ യോഗം ചേരും. പ്രളയ ദുരിതാശ്വാസം സംബന്ധിച്ച് പ്രധാനമന്ത്രിക്ക് മെമ്മറാണ്ടം തയ്യാറാക്കുന്നതില്‍ മന്ത്രിസഭ തീരുമാനമെടുക്കും.

വീടുകളിലേക്ക് മടങ്ങുന്നവരും സന്നദ്ധ സംഘടനകളും ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഇന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുക. വെള്ളക്കെട്ടിറങ്ങാത്ത സ്ഥലങ്ങളില്‍ വീടുകളില്‍ തുടരുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്. വെള്ളമിറങ്ങിയ വീടുകള്‍ വാസയോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാണ്. വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങിയതിനാല്‍ പകര്‍ച്ച വ്യാധിക്ക് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

ചെങ്ങന്നൂരില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലാണ്. ചെങ്ങന്നൂരിലെ നാലു വാര്‍ഡുകളിലാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാനുളളത്. പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനം പ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തിയായി. ജില്ലയില്‍ 518 ദുരിതാശ്വാസ ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

കുട്ടനാട്ടില്‍ നിന്നും രണ്ടുലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ എടത്വാ, ചക്കുളത്ത്കാവ് ഭാഗങ്ങളില്‍ പതിനായിരത്തിലധികം ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാകാതെ നില്‍ക്കുകയാണ്.

എറണാകുളത്ത് വെള്ളം ഇറങ്ങിത്തുടങ്ങി. രക്ഷാപ്രവര്‍ത്തനം ജില്ലയില്‍ അവസാനിപ്പിച്ചു. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ജില്ലയില്‍ ഇന്ന് പ്രധാന്യം നല്‍കുകയെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ചാലക്കുടി മാള ഭാഗങ്ങളില്‍ വെള്ളക്കെട്ടിന് കുറവുണ്ട്. ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നെല്ലിയാമ്പതി ഇപ്പോഴും ഒറ്റപ്പെട്ടുതന്നെ കഴിയുകയാണ്. ആളുകള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും കാല്‍ നടയായി എത്തിച്ചുനല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. രോഗികളെയും മറ്റും ഹെലികോപ്റ്റര്‍ മാര്‍ഗം പുറത്തെത്തിക്കാനുള്ള ശ്രമം ഇന്നും തുടരും. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന രോഗികള്‍ക്ക് പ്രാഥമിക വൈദ്യസഹായം നല്‍കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.