2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

‘ദ ഹിന്ദു’ എഡിറ്റര്‍ ഗൗരിദാസന്‍ നായര്‍ രാജിവച്ചു; മീടൂവില്‍ കേരളത്തിലെ ആദ്യ രാജി

കൊച്ചി: മി ടൂ ക്യാംപയിനില്‍ ആരോപണ വിധേയനായ പ്രമുഖ മലയാളി മാധ്യമപ്രവര്‍ത്തകന്‍ ഗൗരീദാസന്‍ നായര്‍ രാജിവെച്ചു. ഹിന്ദു പത്രത്തിലെ റസിഡന്റ് എഡിറ്ററായിരുന്ന അദ്ദേഹം ഡിസംബറില്‍ വിരമിക്കാനിരിക്കെയാണ് രാജി.

മാധ്യമ പ്രവര്‍ത്തക സുനിതാ ദേവദാസിന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് രാജിക്കാര്യം സൂചിപ്പിക്കുന്നത്. ഒരു സൗഹൃദ ഗ്രൂപ്പിലാണ് ഗൗരീ ദാസന്‍ നായര്‍ ഇക്കാര്യം പങ്കുവച്ചതെന്നാണ് റിപ്പോര്‍ട്ട്.

‘ഹിന്ദുസ്ഥാന്‍ ടൈംസിന്റെ’ അസിസ്റ്റന്റ് എഡിറ്റര്‍ ആയ യാമിനി നായര്‍ ആണ് അദ്ദേഹത്തിനെതരിെ ആരോപണമുന്നയിച്ചത്. പേരു വെളിപെടുത്താതെ ആയിരുന്നു ആരോപണം. 2005ല്‍ താന്‍ ചെന്നൈയില്‍ ജോലി ചെയ്തിരുന്ന കാലത്തു തന്റെ ഗുരുവായിരുന്ന ഈ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഹോട്ടല്‍ മുറിയില്‍ വച്ച് തനിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയതെന്നായിരുന്നു യാമിനിയുടെ തുറന്നു പറച്ചില്‍. പിന്നീട് മാധ്യമപ്രവര്‍ത്തകനും, മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.എം ഷാജഹാനാണ് ഗൗരീദാസന്‍ നായരുടെ പേര് വെളിപ്പെടുത്തിയത്.

 

 

 

 

 

 

 

 

 

 

മാധ്യമപ്രവര്‍ത്തക സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് …

ഹിന്ദു ദിനപത്രത്തിന്റെ റെസിഡന്റ് എഡിറ്റര്‍ ഗൗരിദാസന്‍ നായര്‍ രാജി വച്ചു. ഒന്നിലേറെ പെണ്‍കുട്ടികള്‍ ഇദ്ദേഹത്തിനെതിരെ ലൈംഗിക അതിക്രമ പരാതി ഉന്നയിച്ചതോടെയാണ് രാജി. ഈ ഡിസംബറില്‍ റിട്ടയര്‍ ആവേണ്ട മനുഷ്യനാണ് ഇപ്പോ രാജി വച്ചത്. മാധ്യമങ്ങള്‍ എല്ലാവരുടെയും പുഴുക്കുത്തുകള്‍ കാണുകയും എല്ലാവരെയും ഓഡിറ്റ് ചെയ്യുകയും ലോകം മുഴുവനുമുള്ള മീ റ്റൂ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുമ്പോഴും ഗൗരിദാസന്‍ നായര്‍ക്കെതിരെ ഉയരുന്ന പരാതികളോ അദ്ദേഹത്തിന്റെ രാജിയോ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ആവുന്നില്ല.

വളരെ സെലക്ടീവാണ് കേരളത്തിലെ മാധ്യമങ്ങള്‍. ഗൗരിദാസന്‍ നായരുടെ രാജി കേട്ടപ്പോള്‍ ഒട്ടും അത്ഭുതം തോന്നിയില്ല. കാരണം വര്ഷങ്ങളായി ഇദ്ദേഹത്തെ കുറിച്ച് പെണ്‍കുട്ടികള്‍ പരാതി പറയുന്നത് നിരന്തരം കേള്‍ക്കുന്നുണ്ടായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബില്‍ അധ്യാപകനായിരുന്നു ഗൗരിദാസന്‍ നായര്‍. അവിടെ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളായിരുന്ന കുട്ടികളാണ് പ്രധാന പരാതിക്കാര്‍. ഒരു മുതിര്‍ന്ന സ്ത്രീയും ഇദ്ദേഹത്തെ കുറിച്ച് പരാതി പറഞ്ഞു കേട്ടിട്ടില്ല. എന്നാല്‍ കുട്ടികള്‍ ഇദ്ദേഹത്തെ കുറിച്ച് പരാതി പറയുന്നുണ്ട്.

അതിനര്‍ത്ഥം ഇദ്ദേഹം കുട്ടികളെയാണ് സമീപിച്ചിരുന്നത് എന്നതാവാം. അവരുടെ നിസ്സഹായത ആവാം മുതലെടുത്തിരുന്നത്. ഇതിന്റെ കാരണം അന്വേഷിച്ചു നമ്മള്‍ ഏറെ കഷ്ട്ടപ്പെടേണ്ട എന്ന് കരുതിയാവാം ഗൗരിദാസന്‍ നായര്‍ തന്നെ മുന്‍പ് ഇതിന്റെ കാരണം നമുക്ക് വിശദീകരിച്ചു തന്നിരുന്നു.

‘ഹിന്ദുവിലെ ഗൗരിദാസന്‍ നായര്‍ ഒരിക്കല്‍ ഇങ്ങനെ എഴുതി: എന്റെയൊക്കെ കൗമാരകാലത്ത് ഞാനും എന്റെ സുഹൃത്തുക്കളും സ്ത്രീകളെ അറിഞ്ഞിരുന്നത് കൊച്ചുപുസ്തകങ്ങളിലൂടെയാണ്. സ്ത്രീ എന്നത് ഒരു കിട്ടാക്കനിയായും കൗമാര ലൈംഗിക സ്വപ്നങ്ങളിലെ നായികയായും കണ്ടിരുന്ന എന്റെ തലമുറക്ക് സ്ത്രീയെ എപ്പോഴെങ്കിലും അടുത്ത് കിട്ടിയാല്‍ കടിച്ചു കീറാനും വലിച്ചു പിച്ചാനും ഒക്കെ ഉള്ള പ്രവണതകളുണ്ടായിരുന്നു. ഒരു പതിനാറുകാരിയെയോ നാല്പതുകാരിയെയോ ഇരുപത്തിയഞ്ചുകാരിയെയോ എന്നോടോപ്പമോ എന്റെ തലമുറയില്‍പ്പെട്ട വേറെ ആരോടെങ്കിലുമൊപ്പമോ മുറിയില്‍ അടച്ചിട്ടാല്‍ ആക്രമിക്കാതെ ഇരിക്കാന്‍ യാതൊരു ഗ്യാരണ്ടിയുമില്ല. ഒരു പക്ഷെ എന്റെ മകനോ അവന്‍ അടങ്ങുന്ന തലമുറക്കോ ആ ഗ്യാരന്റി തരാന്‍ കഴിഞ്ഞേക്കും.

ഏതെങ്കിലും സ്ത്രീ സുഹൃത്തുക്കളോട് സംസാരിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ അറിയാതെ അവരുടെ മാറിടത്തിലേക്ക് പോകുന്നത് തടയാന്‍, അല്ലെങ്കില്‍ അത് മറ്റുള്ളവര്‍ കാണാതെ ഇരിക്കാന്‍ ഞാന്‍ വളരെയധികം പാടുപെടാറുണ്ട്. എന്റെ തലമുറയില്‍പ്പെട്ട എന്നല്ല; എല്ലാ തലമുറയില്‍പ്പെട്ട ഭൂരിഭാഗം പേരും അങ്ങനെ തന്നെ ആയിരിക്കും. പക്ഷേ എന്റെ മകന്റെ തലമുറയില്‍പ്പെട്ടവര്‍ക്ക് ‘നീ എന്റെ അവിടെ നോക്കരുത്’ എന്ന് സൗഹൃദത്തിന്റെ ഭാഗമായി തന്നെ ചിരിച്ചു കൊണ്ട് പറയാന്‍ കഴിയുന്ന ഒരു സ്‌പേസ് എങ്കിലും ഉണ്ട് എന്നത് വാസ്തവമാണ്. അടുത്ത തലമുറയിലാണ് പ്രതീക്ഷ. ‘(ശരീഫ് സാഗര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും എടുത്തത്)

ഈ കുറിപ്പ് എഴുതുന്നത് കേരളത്തിലെ മാധ്യമങ്ങള്‍ ഗൗരിദാസന്‍ നായരുടെ രാജി അറിഞ്ഞില്ലെങ്കില്‍ അറിയാനാണ്. മാധ്യമങ്ങള്‍ അറിയിച്ചില്ലെങ്കിലും ജനങ്ങള്‍ വിവരം അറിയാനാണ്.

അതെ, കേരളത്തിലും ഒരു ‘മുതിര്‍ന്ന ‘ മാധ്യമപ്രവര്‍ത്തകന്‍ മീ റ്റൂ വെളിപ്പെടുത്തലില്‍ കുടുങ്ങി രാജി വച്ചിരിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.