2018 December 19 Wednesday
ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്.

പൊന്നാനി കടലില്‍ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പൊന്നാനി: പൊന്നാനി കടലില്‍ ബുധനാഴ്ച ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം ചാവക്കാട് തീരത്തണഞ്ഞു. ഇന്നലെയാണ് പൊന്നാനിയില്‍ വള്ളം മറിഞ്ഞ്  താനൂര്‍ അഞ്ചുടി സ്വദേശി ഹംസയെ (65 ) കാണാതായത്.

താനൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാരുതി ബോട്ടില്‍ നിന്നും, മത്സ്യങ്ങള്‍ സംഭരിച്ച് കരക്കെത്തിക്കുന്ന ചെറിയ ഫൈബര്‍ വള്ളമാണ് പൊന്നാനി അഴിമുഖത്തെ ശക്തമായ തിരയില്‍പ്പെട്ട് മറിഞ്ഞത്. ഈ സമയത്ത് മൂന്നു പേരാണ് വള്ളത്തിനകത്തുണ്ടായിരുന്നത്. ഹംസയൊഴികെ മറ്റു രണ്ടു പേരും നീന്തിക്കയറിയിരുന്നു. എന്നാല്‍ ശക്തമായ തിരമാലയില്‍പ്പെട്ട് ഹംസയെ കാണാതാവുകയായിരുന്നു.

സംഭവമറിഞ്ഞതിനെത്തുടര്‍ന്ന് പൊന്നാനിയില്‍ നിന്നുള്ള ഫിഷറീസ് ബോട്ടും,പൊന്നാനിയില്‍ നിന്നും, പടിഞ്ഞാറെക്കരയില്‍ നിന്നുമുള്ള മത്സ്യ ബന്ധന ബോട്ടുകളും തിരച്ചിലിനിറങ്ങി. മണിക്കൂറുകളോളം കടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ  കണ്ടെത്താനായിരുന്നില്ല.

പ്രതികൂല കാലാവാസ്ഥയായതിനാല്‍ ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്. ഇന്നലെ പുലര്‍ച്ചയാണ് മൃതദേഹം ചാവക്കാട് തീരത്തണഞ്ഞത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.