2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കനത്ത മഴ, ഉരുള്‍പൊട്ടല്‍: കോഴിക്കോട് കട്ടിപ്പാറയില്‍ മരണം ആറായി, മൂന്നു വീടുകള്‍ മണ്ണിനടിയില്‍; മലബാറില്‍ റെഡ് അലര്‍ട്ട്‌

  •  മലപ്പുറത്തും തൃശൂരും ഓരോ മരണം
  • കക്കയം, പെരുവണ്ണാമുഴി ഡാമുകള്‍ തുറന്നു
  • മഴ കനക്കും, ശക്തമായ കാറ്റിനും സാധ്യത

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ പെട്ട് ആറു പേര്‍ മരിച്ചു. ഒന്‍പതുപേരെ കാണാതായി. കട്ടിപ്പാറ കരിഞ്ചോല സ്വദേശിയായ സലീമിന്റെ മക്കളായ ദില്‍ന ഫാത്തിമ (9), മുഹമ്മദ് ഷഹബാസ് (മൂന്നു വയസ്സ്), കരിഞ്ചോല സ്വദേശി ജാഫറിന്റെ മകന്‍ മുഹമ്മജ് ജാസിം (5), അബ്ദുറഹ്മാന്‍ കരിഞ്ചോല (60), ഹസന്‍, മകള്‍ ഹന്നത്ത് എന്നിവരാണ് മരിച്ചത്.  ഇവരുടെ മൃതദേഹങ്ങള്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരുക്കേറ്റ നാലു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.  


കോഴിക്കോട് കണ്‍ട്രോള്‍ റൂമുകള്‍

കലക്ടറേറ്റ്: 0495 2371002
കോഴിക്കോട് താലൂക്ക്: 0495 2372966
താമരശ്ശേരി താലൂക്ക്: 0495 2223088
വടകര താലൂക്ക്: 0496 2522361
കൊയിലാണ്ടി താലൂക്ക്: 0496 2620235Also Read: ശനിയാഴ്ച വരെ കനത്ത മഴ തുടരും


കട്ടിപ്പാറയില്‍ പുലര്‍ച്ചെ 3.20നാണ് ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. നാലര- അഞ്ചു മണിയോടെ വീണ്ടും ശക്തിയോടെ ഉരുള്‍പൊട്ടി. ഈ ഭാഗത്ത് അഞ്ച് വീടുകളാണുള്ളത്. ഇതെല്ലാം പൂര്‍ണമായും തകര്‍ന്നു. മൂന്നു വീടുകള്‍ മണ്ണിനടിയിലാണ്. അബ്ദുറഹ്മാന്‍, ഹസന്‍, അബ്ദുസ്സലീം എന്നിവരുടെ വീടുകളാണ് മണ്ണിനടിയിലായത്.

ഉരുള്‍പൊട്ടലുണ്ടായ കുന്ന്

 

ഈ വീടുകളിലുള്ളവര്‍ക്കു വേണ്ടിയാണ് തെരച്ചില്‍ തുടരുന്നത്. ഇതില്‍ ഹസന്റെ വീട്ടില്‍ നോമ്പുതുറയ്ക്കു വേണ്ടി ബന്ധുക്കളും എത്തിയിരുന്നു. അതുകൊണ്ട് തന്നെ എത്രപേര്‍ പെട്ടിട്ടുണ്ടെന്ന കാര്യം വ്യക്തമല്ല.


കാലവര്‍ഷക്കെടുതി: അടിയന്തനടപടിക്കായി ചീഫ് സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും മുഖ്യമന്ത്രിയുടെ നിര്‍ദേശം


റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

  • കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ആറു ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്
  • മലനിരകളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണം
  • അപകട മേഖലയില്‍ വാഹനങ്ങളില്‍ പൊതുഅറിയിപ്പ് നല്‍കണം
  • ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്
  • കനത്ത മഴ തുടരുന്നതിനാല്‍ വയനാട് ചുരം വഴിയുള്ള വാഹന ഗതാഗതം പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

തകർന്ന വീടിന്‍റെ ഭാഗങ്ങള്‍ക്കിടയില്‍ തെരച്ചില്‍ നടത്തുന്നു

മഴ തുടരുന്നു, രക്ഷാപ്രവർത്തനം ദുഷ്ക്കരം

കട്ടിപ്പാറയില്‍ ഒമ്പതുപേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ എത്രപേര്‍ മണ്ണിടിയില്‍ കുടുങ്ങിക്കിടക്കുന്നവെന്നതിനെ കുറിച്ച് വ്യക്തമായ വിവരമില്ല. മഴ ശക്തമായി തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാണ്. 

വടക്കന്‍ ജില്ലകളില്‍ 20 സെന്റിമീറ്റര്‍ വരെ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

വയനാട് ചുരം ഒന്‍പതാം വളവില്‍ ഹൈവേയുടെ ഒരു ഭാഗം ഇടിഞ്ഞുവീണിട്ടുണ്ട്. ഫോറസ്റ്റിലേക്കാണ് മണ്ണിടിഞ്ഞുവീണിരിക്കുന്നത്.

വയനാട് ചുരം ഇടിഞ്ഞ നിലയില്‍

അതിനിടെ പാലക്കാട് ജില്ലയിലും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. മംഗലം ഡാം, കടപ്പാറ മേഖലകളിലാണ് ഉരുള്‍ പൊട്ടലുണ്ടായത്. ആളപായമില്ല. വ്യാപക കൃഷിനാശമുണ്ടായി.

കോഴിക്കോട് ഓമശ്ശേരി വേനപ്പാറ മേഖലയിലും ഉരുള്‍ പൊട്ടലുണ്ടായി.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കക്കയം പെരുവണ്ണാമുഴി ഡാമുകള്‍ തുറന്നു. സമീപ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.