2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

ഇന്ത്യയില്‍ ഇറക്കുമതിക്കും വളര്‍ത്തുന്നതിനും വിലക്കുള്ള അലിഗേറ്റര്‍ ഗര്‍ മത്സ്യം കുറുമാലിപ്പുഴയില്‍… ?

പുതുക്കാട്: മത്സ്യബന്ധന തൊഴിലാളിയായ കുറുമാലി പള്ളത്ത് സിദ്ധാര്‍ഥന്റെ വലയിലാണ് ഇന്ത്യയില്‍ വിലക്കുള്ള അലിഗേറ്റര്‍ ഗര്‍ എന്ന അമേരിക്കന്‍ മത്സ്യം കുടുങ്ങിയത്. കുറുമാലി പുഴയില്‍ തലേന്നുവെച്ച വല പരിശോധിച്ച സിദ്ധാര്‍ഥന്‍ കണ്ടത് മൂന്നടി നീളവും ആറ് കിലോഗ്രാം തൂക്കവുമുള്ള അപൂര്‍വ മത്സ്യത്തെയാണ്. ചീങ്കണ്ണിയോ ഡോള്‍ഫിനോ എന്ന് തിരിച്ചറിയാനാവാത്ത രൂപം. നീണ്ട ചുണ്ടുകളും കൂര്‍ത്ത പല്ലുകളും. സിദ്ധാര്‍ഥന് കിട്ടിയ അപൂര്‍വ മത്സ്യത്തെ കാണാന്‍ നാട്ടുകാരും കൂടി. അവസാനം കൃഷി വകുപ്പ് ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് അലിഗേറ്റര്‍ ഗര്‍ എന്ന മത്സ്യമാണെന്ന് തിരിച്ചറിഞ്ഞത്.തെക്കെ അമേരിക്കയിലും ആമസോണ്‍ പ്രദേശങ്ങളിലും ഉണ്ടായിരുന്ന മത്സ്യം പിന്നീട് വടക്കേ അമേരിക്കയിലെ മെക്‌സിക്കോയില്‍ വ്യാപിക്കുകയും ബംഗ്ലാദേശ് വഴി ഇന്ത്യയില്‍ എത്തുകയും ചെയ്തതാണെന്നാണ് വിവരം. ഇന്ത്യയില്‍ ഇറക്കുമതിക്കും വളര്‍ത്തുന്നതിനും വിലക്കുള്ള അലിഗേറ്റര്‍ ഗര്‍ അനധികൃതമായി വളര്‍ത്തുന്നുണ്ടെന്നാണ് അധികൃതരുടെ നിഗമനം. വെള്ളപ്പൊക്കത്തില്‍ പുഴകള്‍ കരകവിഞ്ഞൊഴുകിയ സമയത്ത് കുറുമാലിപ്പുഴയില്‍ എത്തിയതാകാമെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഫോസില്‍ തെളിവുകള്‍ പ്രകാരം അലിഗേറ്റര്‍ ഗറുകള്‍ നൂറുദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യവും ഗാര്‍ കുടുംബത്തിലെ ഏറ്റവും വലിയ ഇനവുമാണിത്. ഗറുകള്‍ പ്രാഥമിക മത്സ്യങ്ങള്‍ അഥവാ ജീവിക്കുന്ന ഫോസിലുകള്‍ എന്നും വിളിക്കപ്പെടുന്നു.

വിശാലമായ മൂര്‍ച്ചയുള്ള നീണ്ട, പരുക്കന്‍ പല്ലുകള്‍ ഇവയുടെ പ്രത്യേകതയാണ്. അലിഗേറ്റര്‍ ഗര്‍ പത്ത് അടി നീളവും 140 കിലോവരെ തൂക്കവുമുണ്ടാകുമെന്നാണ് ശാസ്ത്രീയ പഠനങ്ങളില്‍ കാണുന്നത്. ഒരു അലിഗേറ്റര്‍ ഗറിന്റെ ശരീരം ടോര്‍പെഡോ ആകൃതിയിലും സാധാരണയായി തവിട്ട് അല്ലെങ്കില്‍ ഒലിവ് നിറവും കൂടിചേര്‍ന്ന മങ്ങിയ ചാരനിറമോ അല്ലെങ്കില്‍ മഞ്ഞ നിറത്തിലോ കാണപ്പെടുന്നു. ഇവയുടെ ചെതുമ്പലുകള്‍ മറ്റുമത്സ്യങ്ങളെപ്പോലെയല്ല. പലപ്പോഴും ഇവയ്ക്ക് അസ്ഥിയോട് ചേര്‍ന്ന് ഗ്രനോയ്ഡ് ചെതുമ്പലുകളും ഡയമണ്ട് ആകൃതിയിലുള്ള ചെതുമ്പലുകളുമാണ് കാണുന്നത്. ഇനാമല്‍ പോലെയുള്ള വസ്തുകൊണ്ട് ശരീരം പൊതിഞ്ഞിരിക്കുന്നു. ബലമേറിയ ഗ്രനോയ്ഡ് ചെതമ്പലുകള്‍ ഇരകളില്‍ നിന്നും സംരക്ഷണം നല്‍കുന്നു.
മറ്റു മത്സ്യവര്‍ഗ്ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുകള്‍ത്താടിയില്‍ ഇരട്ട വരികളായി വലിയ മൂര്‍ച്ചയുള്ള പല്ലുകള്‍ കാണപ്പെടുന്നു. ഇരകളെ പിടികൂടാന്‍ ഇത് ഉപയോഗിക്കുന്നു. വംശനാശത്തിന്റെ വക്കിലായ ഇവ മെക്‌സിക്കോയിലെ ശുദ്ധജല തടാകങ്ങളിലും ചതുപ്പുകളിലും അഴിമുഖങ്ങളിലുമാണ് കാണപ്പെടുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News