2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

‘താങ്കള്‍ പൊതുസേവകന്‍ മാത്രമാണ്’ -ജേക്കബ് തോമസിനോട് ഹൈക്കോടതി

കൊച്ചി:  മുന്‍വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജേക്കബ് തോമസ് പബ്ലിക് സര്‍വന്റ് മാത്രമാണെന്നും പബ്ലിക് മാസ്റ്ററല്ലെന്നും നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

തനിക്കും കുടുംബത്തിനും സുരക്ഷഭീഷണിയുണ്ടെന്നും സര്‍ക്കാര്‍ സംരക്ഷണം ഉറപ്പില്ലാത്ത സാഹചര്യത്തില്‍ കോടതി ഇടപെട്ട് സുരക്ഷ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജേക്കബ് തോമസ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം. എന്നാല്‍ പൊതു സേവകന്‍ എന്ന നിലയിലുള്ള തന്റെ ഡ്യൂട്ടി മാത്രമാണ് ജേക്കബ് തോമസ് ചെയ്തതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

താനും കുടുംബവും ഭീഷണി നേരിടുന്നുണ്ടെന്നും തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് മുന്‍വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഹൈക്കോടതിയില്‍ ഉപഹരജി നല്‍കിയത്. വിസില്‍ ബ്ലോവേഴ്‌സ് നിയമ പ്രകാരം സംരക്ഷണം നല്‍കണമെന്ന്ഹരജിയില്‍ ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു.

വിജിലന്‍സ് ഡയറക്ടറായിരിക്കേ പ്രമുഖര്‍ക്കെതിരെ 28 കേസുകള്‍ താന്‍ എടുത്തിരുന്നുവെന്നും അതിനാലാണ് താന്‍ ഭീഷണി നേരിടുന്നതെന്നുമായിരുന്നു ജേക്കബ് തോമസിന്റെ വാദം.  എന്നാല്‍ ഈ 28 കേസിലും ജേക്കബ് തോമസല്ല പരാതിക്കാരനെന്നും അതിനാല്‍ ആരില്‍ നിന്നും ജേക്കബ് തോമസ് ഭീഷണി നേരിടുന്നില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.

ഹരജി തിങ്കളാഴ്ച്ച കോടതി  വീണ്ടും പരിഗണിക്കും. കേസില്‍ കക്ഷി ചേരാന്‍ സത്യന്‍ നിലവൂര്‍ നല്‍കിയ അപേക്ഷയിലും അന്നു തീരുമാനമുണ്ടാക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.