2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

വത്തിക്കാന്‍ സ്ഥാനപതിക്കും രാജ്യത്തെ ബിഷപ്പുമാര്‍ക്കും കന്യാസ്ത്രീ കത്തയച്ചു

കൊച്ചി: നീതി ലഭ്യമാക്കാന്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് കന്യാസ്ത്രീയുടെ കത്ത്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കും സഭയുമായി ബന്ധപ്പെട്ട 21 ആളുകള്‍ക്കുമാണ് കന്യാസ്ത്രീ കത്തയച്ചിരിക്കുന്നത്. ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ വത്തിക്കാന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് കത്ത്.

മിഷണറീസ് ഓഫ് ജീസസിലെ മറ്റ് പല കന്യാസ്ത്രീകളേയും കഴുകന്‍ കണ്ണുകളുമായാണ് ബിഷപ് ഫ്രാങ്കോ കാണുന്നതെന്ന് കന്യാസ്ത്രി കത്തില്‍ പറയുന്നു. ബിഷപ്പിന്റെ പേരില്‍ ഇതിന് മുമ്പും മറ്റ് പലരും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കുന്നവരെ ഇതര സംസ്ഥാനത്തേക്ക് സ്ഥലം മാറ്റി പരാതി ഒതുക്കുകയാണ് ബിഷപ്പിന്റെ പതിവ് രീതി. ബിഷപ്പുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് മിഷണറീസ് ഓഫ് ജീസസില്‍ നിന്ന് അഞ്ച് വര്‍ഷത്തിനിടെ 20 കന്യാസ്ത്രീകള്‍ പിരിഞ്ഞ് പോയിട്ടുണ്ട്- കത്തില്‍ വ്യക്തമാക്കുന്നു.

രാഷ്ട്രീയ ശക്തിയും പണവും ഉപയോഗിച്ച് ഉന്നത പൊലിസ് ഉദ്യോഗസ്ഥരെയും സര്‍ക്കാരിനെയും  ബിഷപ് ഫ്രാങ്കോ സ്വാധീനിച്ചിരിക്കുകയാണ്. ബിഷപ്പിനെ മാറ്റണമെന്ന് അപേക്ഷിച്ചിരുന്നു. നടപടിയുണ്ടായില്ല.

പരാതി നല്‍കിയ ശേഷവും ദുരനുഭവങ്ങളാണ് ഉണ്ടായത്. സഭ സംരക്ഷണം നല്‍കുന്നത് ബിഷപ്പിന് മാത്രമാണ്. കന്യാസ്ത്രീകള്‍ക്ക് നീതി നല്‍കുന്നില്ല- കത്തില്‍ കുറ്റപ്പെടുത്തുന്നു. ഇന്നലെയാണ് കന്യാസ്ത്രീ കത്തയച്ചിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.