2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

Editorial

പൊതുബോധം ഉണരുന്നില്ലെങ്കില്‍ കേരളം ഇല്ലാതാകും


 

താന്‍ നല്‍കിയ മുന്നറിയിപ്പുകള്‍ സര്‍ക്കാരുകള്‍ അവഗണിച്ചതാണ് പ്രളയവും ഉരുള്‍പൊട്ടലും തുടര്‍ച്ചയായി കേരളത്തിലുണ്ടാകാന്‍ കാരണമെന്ന പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണവും ഈ പ്രളയജലം ഇറങ്ങുന്നതോടെ അവഗണിക്കുകയാണെങ്കില്‍ കൊച്ചുസംസ്ഥാനത്തിന് അധികകാലം നിലനില്‍പ്പുണ്ടാവില്ല. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍നിന്നും നാം പാഠം പഠിച്ചില്ല. പ്രളയജലം കൊണ്ടുപോയ കരിങ്കല്‍ തറകള്‍ക്ക് പകരം പുതിയത് കെട്ടി പ്രകൃതിക്ക് നാശംവരുത്തി. ആ പാറക്കഷണങ്ങളും ഇപ്പോഴത്തെ പ്രളയജലം കൊണ്ടുപോയിരിക്കാം.
ഇനിയും പാറമടകള്‍ പൊട്ടിച്ച് പുതിയ കെട്ടിടങ്ങളും വീടുകളും നാം പണിയും. അവയും അടുത്തപ്രളയത്തില്‍ ഒലിച്ചുപോകും. ക്വാറി പ്രവര്‍ത്തനങ്ങളും കുന്നുകളും മണ്ണിടിച്ചിലും ഇനിയും തുടരുകയാണെങ്കില്‍ വരും വര്‍ഷങ്ങളിലും ഇപ്പോഴത്തേത് പോലെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്നാണ് ഗാഡ്ഗില്‍ നല്‍കുന്ന മുന്നറിയിപ്പ്. തന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്ചയാണ് കേരളത്തില്‍ വീണ്ടും വീണ്ടും പ്രളയവും ഉരുള്‍പൊട്ടല്‍ ദുരന്തവും രൂക്ഷമാകാന്‍ കാരണമെന്ന് ഗാഡ്ഗില്‍ പറയുമ്പോള്‍ സര്‍ക്കാരിന്റെ അനാസ്ഥയും ക്വാറി മാഫിയകള്‍ക്ക് പാറ പൊട്ടിക്കാന്‍ യഥേഷ്ടം ലൈസന്‍സ് നല്‍കുന്നതിലേക്കുമാണ് അദ്ദേഹം വിരല്‍ചൂണ്ടുന്നത്.

പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ ക്വാറികള്‍ക്ക് നിയന്ത്രണം വരുത്തുന്നതില്‍ സര്‍ക്കാര്‍ വീഴ്ച തുടരുകയാണ്. ഭൂമിയുടെയും വെള്ളത്തിന്റെയും വിനിയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ പാഠമുള്‍ക്കൊണ്ടെങ്കിലും സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു.ചെറിയ ഒരു വിഭാഗത്തിന്റെ താല്‍പര്യത്തിനായി ഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും നിലനില്‍പ്പിനെയാണ് സര്‍ക്കാര്‍ അപകടപ്പെടുത്തുന്നത്. കൈക്കൂലി വാങ്ങി ക്വാറി മാഫിയകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയാണ് സംസ്ഥാനത്തിന്റെ നന്മക്ക് സര്‍ക്കാര്‍ ചെയ്യേണ്ടത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന് ശേഷം പശ്ചിമഘട്ട നിരകളില്‍ എത്രയോ ക്വാറികള്‍ക്ക് പിന്നെയും അനുമതി നല്‍കി. ഇപ്പോഴും അത് തുടരുന്നു. വിഴിഞ്ഞം തുറമുഖം കരിങ്കല്ലിട്ട് നികത്താന്‍ അദാനിക്ക് വേണ്ടത് പശ്ചിമഘട്ട നിരകളിലെ മുഴുവന്‍ ക്വാറികളുമായിരിക്കാം. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുമ്പോഴേക്കും കേരളം ഒരു ചളികൂമ്പാരമായി മാറുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു പ്രൊഫ. മാധവ് ഗാഡ്ഗില്‍. ഇദ്ദേഹം നല്‍കിയ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍പോലും ഭരണകൂടം തയ്യാറായില്ല. ഈ റിപ്പോര്‍ട്ടിനെ പിന്തുണച്ച യു.പി.എ മന്ത്രിസഭാംഗമായിരുന്നു ജയറാം രമേഷ്. പ്രകൃതി സംരക്ഷണത്തിനായി വാദിച്ച അദ്ദേഹത്തിന്റെ ശബ്ദം വനരോദനമായി കലാശിച്ചു. വിദേശത്ത് നിന്നും ഫണ്ട് വാങ്ങിയാണ് പ്രകൃതി സംരക്ഷണത്തിനായി വാദിക്കുന്നതെന്നു വരെ അദ്ദേഹത്തിന്റെമേല്‍ ആരോപിക്കപ്പെട്ടു.

പശ്ചിമഘട്ട കൈയേറ്റക്കാരായ വന്‍കിടക്കാരുടെയും ക്വാറി മാഫിയകളുടെയും സമ്മര്‍ദത്തിന് വഴങ്ങി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പ്രകൃതിയെ നശിപ്പിക്കാന്‍ അനുമതി നല്‍കുമ്പോള്‍ ഭൂരിപക്ഷം വരുന്ന ജനതയുടെ ജീവിക്കാനുള്ള അവകാശമാണ് തകര്‍ക്കപ്പെടുന്നത്. അവര്‍ മണ്ണിനടിയില്‍ മറഞ്ഞുപോകുന്നു. മണ്ണും വീടുകളും ഒലിച്ചുപോകുന്നു. സര്‍ക്കാരിന്റെ മൂന്ന് മാസത്തെ സൗജന്യ റേഷന്‍കൊണ്ട് അവരുടെ കണ്ണീര്‍ വറ്റുകയില്ല.

ഇപ്പോള്‍ ഉരുള്‍പൊട്ടിയ എല്ലാ സ്ഥലങ്ങളും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലും പിന്നീട് വന്ന കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലും എടുത്ത് പറഞ്ഞവയാണ്. ഉരുള്‍പൊട്ടലും പ്രളയവും ആവര്‍ത്തിക്കുമ്പോള്‍ ഇപ്പോള്‍ കാണുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഉണ്ടാകുമെന്ന് സര്‍ക്കാരിന് കരുതാനാകുമോ. രണ്ടാമത്തെ പ്രളയദുരിതത്തില്‍ പെട്ടവരെ സഹായിക്കുന്ന സര്‍ക്കാരിന് പിന്തുണ നല്‍കരുതെന്ന് വരെ സാമൂഹ്യ ദ്രോഹികള്‍ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന ഒരുകാലവും കൂടിയാണിത്.മണ്ണും മനുഷ്യരും നഷ്ടപ്പെടുന്നത് ആവര്‍ത്തിക്കുമ്പോള്‍ നഷ്ടപ്പെടലിന്റെ വേദന അവരുടെ ഉറ്റവരില്‍ മാത്രം ഒതുങ്ങുന്ന ഒരുകാലവും വരുമോ എന്നുംകൂടി ആശങ്കപ്പെടേണ്ടിയിരിക്കുന്നു. പ്രളയവും ഉരുള്‍പൊട്ടലും തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ ഇപ്പോള്‍ നാം കാണിക്കുന്ന ഒരുമയും നാം അതിജീവിക്കും എന്ന ആത്മവിശ്വാസവും നമുക്ക് നിലനിര്‍ത്താനാകുമോ?.

മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ മണ്ണിനടിയില്‍ പോയവരെക്കുറിച്ച് ഇപ്പോഴും വ്യക്തമായ ഒരു കണക്ക് ഇല്ല. വയനാട്ടിലെ പുത്തുമലയിലും ഇതുതന്നെ സ്ഥിതി. കഴിഞ്ഞ വര്‍ഷം തെക്കന്‍ ജില്ലകളിലായിരുന്നു പ്രളയവും ഉരുള്‍പൊട്ടലുമെങ്കില്‍ ഈപ്രാവശ്യം അത് വടക്കന്‍ ജില്ലകളിലാണ്. കേരളം മുഴുക്കെ പ്രളയഭീഷണിയിലും ഉരുള്‍പൊട്ടലിലുമാണെന്ന് ഈ രണ്ട് സംഭവങ്ങളും ചൂണ്ടിക്കാണിക്കുന്നു.

പരിസ്ഥിതി ദുര്‍ബല മേഖലയില്‍ പ്രകൃതിക്ക് ഇണങ്ങുന്ന കൃഷിരീതിയും പ്രകൃതി സൗഹൃദവീടുകളും കെട്ടിടങ്ങളും നിര്‍മിക്കാന്‍ നാം ഇപ്പോഴും സന്നദ്ധമല്ല. സര്‍ക്കാരും അതിനുവേണ്ടി തയാറെടുക്കുന്നില്ല. എന്നാല്‍, ഭാവി കേരളത്തിന്റെ നിലനില്‍പ്പിന് ഈ രീതികള്‍ പകര്‍ത്തേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നു. പാറമടയിലെ ക്വാറി പ്രവര്‍ത്തനങ്ങളും മലകള്‍ നിരപ്പാക്കുന്നതും ഇനിയും പ്രളയവും ഉരുള്‍പൊട്ടലും കൊണ്ടുവരും. ഒരു പ്രദേശത്തെ പാറ തകര്‍ക്കുമ്പോള്‍ കിലോമീറ്ററുകളോളം അതിന്റെ പ്രകമ്പനം കടന്ന് പോകുന്നു. ഭൂമിയുടെ അന്തര്‍ഭാഗത്തുള്ള പാറകള്‍ക്കും മണ്ണിനും ഇതുവഴി ഇളക്കംതട്ടും. മണ്ണും പാറകളും ഇളകിനില്‍ക്കുമ്പോള്‍ അതിശക്തമായി പെയ്യുന്ന മഴയില്‍ ഇളകിയ മണ്ണുകളും പാറകളും അതേ ശക്തിയോടെ താഴേക്ക് കുതിക്കുന്നു. അതാണ് ഉരുള്‍പൊട്ടലായി നാം കാണുന്നതും. മഴയുടെ ശക്തി കൂടുന്നതിനനുസരിച്ച് ഉരുള്‍പൊട്ടലും ശക്തമാകും. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന ഭൂമിയുടെ വിറയലാണ് ഉരുള്‍പൊട്ടലായി നമ്മെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇനിയെങ്കിലും ഓര്‍ക്കാം. അതിനനുസരിച്ച് ഭാവിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നില്ലെങ്കില്‍ കേരളം മണ്‍കൂമ്പാരമായി മാറുന്നകാലം വിദൂരമായിരിക്കില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.